ആരാധകരേ ആശ്വസിക്കു – അരിക്കൊമ്പന് കുടുംബമായി 

1 min read

കുട്ടിയാനകൾ ഉൾപ്പെടെയുള്ള 10 അംഗ സംഘത്തോടൊപ്പം ചേർന്നു അരിക്കൊമ്പൻ

അരിക്കൊമ്പനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാതെ വിഷമിക്കുന്ന ആരാധകർക്ക് ആശ്വാസ വാർത്തയുമായി പുതിയ വാർത്ത എത്തിയിരിക്കുന്നു. കോതയാറിൽ കഴിയുന്ന അരിക്കൊമ്പൻ മറ്റ് ആനകളുമായി സഹവാസം തുടങ്ങി എന്നാണ് പുതിയ വിവരം. രണ്ട് കൂട്ടിയാനകൾ ഉൾപ്പെടെ പത്തംഗ സംഘത്തോടൊപ്പമാണത്രേ അവൻ കഴിയുന്നത്. ആനകളുമായി കൂട്ടായതോടെ അരികൊമ്പൻ മര്യാദക്കാരനായി മാറി എന്നും തമിഴ്നാട് വനം വകുപ്പ് പറയുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം കുറച്ചിട്ടുമുണ്ട്. പക്ഷേ, ഇത് സ്ഥിരീകരിക്കുന്ന പുതിയ ദൃശ്യങ്ങളൊന്നും തമിഴ്നാട് പുറത്തു വിട്ടിട്ടില്ല. 

കോതയാറിൽ പുല്ല് തിന്ന് നിൽക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടത് രണ്ടാഴ്ച മുമ്പാണ്. ഈ ദൃശ്യങ്ങൾ പൂർണമായും വിശ്വസിക്കാൻ അരിക്കൊമ്പന്റെ ആരാധകർ തയ്യാറായിരുന്നുമില്ല. കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്ന അരിക്കൊമ്പൻ യാത്ര മതിയാക്കി ഒരു സ്ഥലത്തു തന്നെ നിൽക്കുന്നതെന്തുകൊണ്ടാണ്? ശാരീരികമായ എന്തെങ്കിലും അസ്വസ്ഥതകൾ അവനുണ്ടോ ? തുടങ്ങി നിരവധി സംശയങ്ങൾ അവർ ഉയർത്തിയിരുന്നു. 

ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയറിൽ ഇറക്കിവിട്ടതിനും ശേഷം മേഘമലയിലെ എസ്റ്റേറ്റിൽ എത്തിയ അരിക്കൊമ്പൻ അവിടെ പലതരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മേഘമലയിൽ നിന്ന് കമ്പത്തേക്കും കുമളിയിലേക്കും നടന്നെത്തിയിരുന്നു അരികെമ്പൻ. ഒരു വീട്ടിൽ കയറി അരി തിന്നതോടെ ആളുകൾ ഭീതിയിലായി. ഇതോടെയാണ് മയക്കുവെടി വെച്ച് കളക്കാട്ടേക്ക് മാറ്റിയത്. 

മറ്റ് ആനകളുമായി ഇടപഴകാൻ തുടങ്ങിയതോടെ അരിക്കൊമ്പന്റെ സ്വഭാവത്തിൽ തന്നെ മാറ്റം വന്നു എന്ന് വിലയിരുത്തുന്നു തമിഴ്നാട് വനം വകുപ്പ്. അവൻ ഇപ്പോൾ പഴയതു പോലെ കുഴപ്പങ്ങളൊന്നും കാണിക്കുന്നില്ല. ആനക്കൂട്ടത്തോടൊപ്പം തന്നെയാണ് സഞ്ചാരം. എന്നാൽ അരിക്കൊമ്പൻ കേരളത്തിലെ വന മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയുന്നില്ല തമിഴ്നാട്.

ReplyForward

Related posts:

Leave a Reply

Your email address will not be published.