ധോണിയും ജഡേജയും തമ്മിലെന്താണ് പ്രശ്‌നം?

1 min read

പ്രശ്‌നം തുറന്നു പറഞ്ഞ് അംബാട്ടി റായുഡു

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ ചെന്നൈ താരം അംബാട്ടി റായുഡു. കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് ചെന്നൈ ടീമില്‍ ജഡേജ അസ്വസ്ഥനാണെന്നും ടീം വിട്ടേക്കുമെന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ജഡേജയുമായി സംസാരിക്കുന്നതും സമാധാനിപ്പിക്കുന്നതും ആരാധകര്‍ കണ്ടിരുന്നു. എന്നാല്‍ ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിജയ റണ്ണെടുത്തശേഷം ജഡേജ ആദ്യം ഓടിയെത്തിയത് ധോണിയുടെ ചുമലിലേക്കായിരുന്നു. ഇരുവരും സന്തോഷത്തോടെ ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രം ചെന്നൈ ആരാധകരുടെ മനസ് നിറക്കുകയും ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ ആരാധകര്‍ അവഗണിക്കുകയും ചെയ്തു.

എന്നാല്‍ 2022ലെ ഐപിഎല്‍ സീസണില്‍ ചെന്നൈ ടീം മാനേജ്‌മെന്റ് ധോണിയെക്കാള്‍ കൂടിയ തുകക്ക് ജഡേജയെ നിലനിര്‍ത്തുകയും ധോണിക്ക് പകരം ജഡേജയെ നായകാനാക്കുകയും ചെയ്തു. എന്നാല്‍ ചെന്നൈയുടെ തുടര്‍ തോല്‍വികളെ തുടര്‍ന്ന് ജഡേജയെ സീസണിടയില്‍ മാറ്റി വീണ്ടും ധോണിയെ നായകനാക്കി. ഇതോടെയാണ് ഇരുവരും തമ്മില്‍ ഭിന്നതകള്‍ തുടങ്ങിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സീസണൊടുവില്‍ ചെന്നൈ ടീമിന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ജഡേജ തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. 2022ലെ സീസണില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ധോണിയും ജഡേജയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് കഴിഞ്ഞ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിച്ച അംബാട്ടി റായുഡു പറയുന്നത്. ധോണിയും ജഡേജയും തമ്മില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പറഞ്ഞ റായുഡും ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

2022ലെ സീണില്‍ ജഡേജ അസ്വസ്ഥനാവാന്‍ കാരണം, ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മോശമായതാവാം. ടീമിലെ ആര്‍ക്കും ആ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.ധോണിയാണ് ഈ ടീമിനെ വളര്‍ത്തിയെടുത്തത്. ഇന്ന് നമ്മള്‍ കാണുന്ന ജഡേജയുടെ വളര്‍ച്ചക്കും പിന്നിലും ധോണി തന്നെയാണ്. കഴിഞ്ഞ 10,12 വര്‍ഷമായി ധോണിയാണ് ജഡേജയിലെ പ്രതിഭയെ തേച്ചുമിനുക്കിയത്. അതിന് തൊട്ടു മുന്‍വര്‍ഷം എന്തൊക്കെ സംഭവിച്ചിരുന്നാലും താന്‍ വളര്‍ത്തിക്കൊണ്ടുവന്ന ജഡേജ തന്നെ ചെന്നൈക്ക് ഈ സീസണില്‍ കിരീടം സമ്മാനിച്ചതില്‍ ധോണി സ്വാഭാവികമായും സന്തോഷവാനായിരിക്കുമെന്നും റായുഡു പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.