സംവിധാനം 10 കോടിക്ക്, പാടുന്നത് ഫ്രീ
1 min readതെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലമുള്ള മ്യൂസിക് ഡയറക്ടറാണ് അനിരുദ്ധ്
വൈ ദിസ് കൊലവെറി ഡി എന്ന ഒരൊറ്റ ഗാനത്തിലൂടെ തെന്നിന്ത്യ മുഴുവൻ നെഞ്ചിലേറ്റിയ സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. നടൻ രവി രാഘവേന്ദ്രയുടെ മകൻ. രജനീകാന്തിന്റെ ഭാര്യ ലതയുടെ സഹോദര പുത്രൻ. ഇന്ന് തമിഴിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മ്യൂസിക് ഡയറക്ടർ.
ജയിലറിലെ അനിരുദ്ധിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാവാലയ്യ എന്ന പാട്ടിനൊപ്പം ആടിത്തിമർത്തു പ്രേക്ഷകർ. തമിഴും കടന്ന് ബോളിവുഡിലേക്ക് പടർന്നു അനിരുദ്ധിന്റെ സംഗീതം. ഷാരൂഖ് ഖാൻ നായകനായ ജവാനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അനിരുദ്ധായിരുന്നു. 10 കോടി രൂപയാണ് പ്രതിഫലമായി അനിരുദ്ധ് കൈപ്പറ്റിയത്. അനിരുദ്ധിന്റെ സംഗീതത്തിന് എത്ര കൊടുക്കാനും തയ്യാറാണിന്ന് നിർമ്മാതാക്കൾ.
സംഗീത സംവിധായകൻ മാത്രമല്ല, നല്ലൊരു പാട്ടുകാരൻ കൂടിയാണ് അനിരുദ്ധ്. പാടുന്നതിന് ഒരു രൂപ പോലും വാങ്ങാറില്ലെന്നാണ് അനിരുദ്ധ് പറയുന്നത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.
സംഗീതമാണ് ജീവിതമെങ്കിലും പാട്ടു പാടാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല എന്ന് പറയുന്നു അനിരുദ്ധ്. ട്രാക്ക് പാടിയ ഒരു ഗാനം മറ്റൊരാളെക്കൊണ്ട് പാടിക്കാൻ സംവിധായകൻ തയ്യാറാകാതിരുന്നതുകൊണ്ട് മാത്രമാണ് താൻ ഗായകനായത് എന്നദ്ദേഹം പറയുന്നു. ആ പാട്ടിന് മികച്ച അഭിപ്രായം ലഭിച്ചു. അതോടെ ആത്മവിശ്വാസം കൂടി. എന്റെ ശബ്ദം കൊള്ളാമെന്ന് തോന്നിത്തുടങ്ങി. അതിനു ശേഷമാണ് ഞാൻ ചിട്ടപ്പെടുത്തുന്ന ഗാനങ്ങളും പാടിത്തുടങ്ങിയത്.
മറ്റ് മ്യൂസിക് ഡയറക്ടർമാർക്കു വേണ്ടി പാടുന്നത് ഒഴിവാക്കണം, സ്വന്തം പാട്ടുകൾ മാത്രം പാടുന്നതാകും നല്ലത് എന്ന് പലരും ഉപദേശിച്ചിരുന്നു. പക്ഷേ, മറ്റുള്ളവർക്കു വേണ്ടി പാടാൻ എനിക്കിഷ്ടമാണ്. എങ്കിലേ സംഗീതത്തോടുള്ള മറ്റ് സംവിധായകരുടെ സമീപനം മനസ്സിലാക്കാനാവൂ. അതൊരു ലേണിങ് പ്രോസസ് ആണ്. അതിനാൽ തന്നെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാറില്ല. മ്യൂസിക് ഡയറക്ഷൻ മാത്രമാണ് എന്റെ ജോലി. അതിനുള്ള പ്രതിഫലം ഞാൻ വാങ്ങുന്നുണ്ട്. പാടുന്നത് എന്റെ ജോലിയല്ല. പക്ഷേ ഞാൻ അത് ആസ്വദിക്കുന്നുണ്ട്. പഠിപ്പിക്കുന്നുണ്ട്. ആ പരിചയ സമ്പത്ത് മ്യൂസിക് ഡയറക്ഷന് എനിക്ക് ഗുണകരമാകുന്നുണ്ട്. അനിരുദ്ധ് പറയുന്നു.
ഇനി മുതൽ ഒരു വർഷം മൂന്നോ നാലോ ചിത്രങ്ങൾ മാത്രമേ ചെയ്യൂവെന്നും വ്യക്തമാക്കുന്നു അനിരുദ്ധ് . കമലഹാസന്റെ ഇന്ത്യ1, വിജയ് നായകനായ ലിയോ, രജനീകാന്തിന്റെ തലൈവർ 170, തലൈവർ 171 എന്നിവയാണ് അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.