അനില്‍ ആന്റണി ആദ്യം, ശശി തരൂര്‍ പിറകെ

1 min read

കോണ്‍ഗ്രസിലുള്ളത് ബി.ജെ.പി ടിക്കറ്റ് റിസര്‍വ് ചെയ്തിരിക്കുന്നവര്‍

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഒടുവില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജനുവരി മുതലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം കണ്ടാല്‍ തലയില്‍ ആള്‍താമസമുള്ള ആളുകള്‍ക്കെല്ലാം അറിയാമായിരുന്നു ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന്. അതെന്നാവും എന്ന അനിശ്ചിതത്വം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒടുവില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ബി.സി ഡോക്യുമെന്ററി വിവാദം നടക്കുമ്പോള്‍ അദ്ദേഹം ബി.ബി.സിക്കെതിരായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. ഇത് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചു. പക്ഷേ അന്നും ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസം ഉണ്ട് എന്നുതന്നെയാണ് അനില്‍ ആന്റണി പറഞ്ഞത്. അതിപ്പോള്‍ മാറിക്കാണുമെന്ന് കരുതുന്നു.

അതല്ല ഇപ്പോഴത്തെ വിഷയം. അനില്‍ ആന്റണിയുടെ അടുത്ത ആള്‍ ആരാണ്. എ.കെ.ആന്റണിയേക്കാള്‍ അടുപ്പം അദ്ദേഹത്തിന് ശശിതരൂരുമായാണ്. ആന്റണി അച്ഛനാണ് ഒരു തരത്തില്‍ ഒരു പൊളിറ്റിക്കല്‍ മെന്ററാണ് തരൂര്‍. അദ്ദേഹമാണ് അനിലിനെ കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് കൊണ്ടുവന്നത്. രണ്ടുപേരും നല്ല സുഹൃത്തുക്കള്‍. ഗുരുവും ശിഷ്യനും. പലപ്പോഴും ഒരുമിച്ച് ചര്‍ച്ച ചെയ്യുന്നു. ഒരുമിച്ച് തീരുമാനമെടുക്കുന്നു. രണ്ടുപേരും ഒരുമിച്ച് ബി.ജെ.പിയില്‍ ചേരുമെന്നാണ് ദില്ലിയിലെ ഉപശാലകളില്‍ കേട്ടത്. ജനുവരിയില്‍ തന്നെ അനില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. തരൂര്‍ രാജിവച്ചില്ല. ഒരു പക്ഷേ അനിലിനേക്കാള്‍ കോണ്‍ഗ്രസില്‍ അപമാനിതനായത്, പ്രത്യേകിച്ച രാഹുല്‍ ബ്രിഗേഡിനാല്‍, തരൂരാണ്. അനിലിന് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടോ എന്നറിയില്ല. അനിലിനെ അപമാനിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ ബി.ബി.സി വിരോധത്തിന് ശേഷമാണ്. അതും ഒരു വിരോധാഭാസം. തങ്ങളുടെ മുന്‍തലമുറക്കാരാണ് ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നത് എന്നവകാശപ്പെടുന്ന ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് ബി.ബി.സി ഒരു ഹരമായി മാറിയിരുന്നു.

തരൂരിലേക്ക് വരാം. രണ്ടുപേരും ഒരുമിച്ച് വരാന്‍ തീരുമാനിച്ച ശേഷം തരൂര്‍ പിന്‍വാങ്ങിയതാണോ. അതോ നല്ല ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണോ. രാഹുല്‍ പറഞ്ഞ കുടുംബാധിപത്യത്തിന്റെ തിക്തഫലം അറിഞ്ഞയാളാണ് തരൂര്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ നല്ല വോട്ട് വാങ്ങിയ ആളാണ് തരൂര്‍. പക്ഷേ കുടുംബത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി മത്സരിച്ചത് കാരണം വിമതനായി. അപമാനിതനായി. എന്നിട്ടും തരൂര്‍ പിടിച്ചു നില്‍ക്കുന്നു. തിരുവനന്തപുരം സീറ്റ് കൊടുത്താല്‍ പിന്നെ തരൂരിനെ തോല്‍പിച്ചേ അടങ്ങൂ എന്ന പിടിവാശിയിലാണ് തലസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍.

ഒരുപക്ഷേ ശുഭ മൂഹൂര്‍ത്തം നോക്കിയിരിക്കുകയാകും തരൂര്‍. അതു കോണ്‍ഗ്രസുകാര്‍ക്കറിയാം. അനില്‍ ആന്റണി ബി.ജെ.പി ആസ്ഥാനത്തെത്തിയപ്പോള്‍ ധര്‍മ്മോ രക്ഷതി രക്ഷിത എന്നേ പറഞ്ഞുള്ളൂ. തരൂര്‍ എത്തിയാല്‍ ഉപനിഷത്തുകളിലുളള മുഴുവന്‍ ശ്ലോകങ്ങളും അദ്ദേഹം ഉദ്ധരിക്കും.

ഒരു കാര്യം ഉറപ്പാണ്. പലരും അനിലിന്റെ പ്രസ്താവനകളെ ഇന്ത്യയിലെ ശരാശരി യുവത്വത്തിന്റെ ചിന്താഗതിയിലുള്ള മാറ്റമായി കാണുന്നുണ്ട്. അതായത് മോദിയെപ്പോലൊരു ശക്തനായ ഭരണാധികാരി കേന്ദ്രത്തില്‍ തുടരണം. ഇന്ത്യയെ ശക്തിപ്പെടുത്താന്‍ വീക്ഷണവും കാര്യശേഷിയും വേണം. രാജ്യത്തെ സ്‌നേഹിക്കണം. ഇന്ത്യയെ വികസിത ശക്തിയാക്കണം. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ഇത് ഇന്ത്യയിലെ ശരാശരി യുവാക്കളുടെ മുഴുവന്‍ ചിന്താഗതിയാണെങ്കിലും അല്ലെങ്കിലും ഒരു ബി.ജെ.പി അനുകൂല മനോഭാവം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കൊക്കെ ഉണ്ടായിട്ടുണ്ട്. മൈക്കിന് മുമ്പില്‍ അവര്‍ എന്തും വിളിച്ചുപറഞ്ഞോട്ടെ. കോണ്‍ഗ്രസിലെ ഗുലാംനബി ആസാദ് പാര്‍ട്ടി വിട്ടപ്പോള്‍ പറഞ്ഞതുകേട്ടില്ലേ. താന്‍ 150 തവണയെങ്കിലും മോദിക്കെതിരെ ഗംഭീര പ്രസംഗം നടത്തിയിട്ടുണ്ട്. അതോരു പാര്‍ട്ട് ഒഫ് ഗെയിം ആയിട്ടാണ് ആസാദിനിപ്പോള്‍ തോന്നുന്നത്. ബി.ജെ.പി വിരോധം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും ഒരു പാര്‍ട്ട് ഒഫ് ഗെയിം മാത്രം. എങ്ങനെയെങ്കിലും ബി.ജെ.പി പാളയത്തില്‍ ചേക്കേറാനാണ് അവരുടെ ശ്രമം. അവര്‍ ചില്ലറക്കാരല്ല.

കേരളത്തിലെ കോണ്‍ഗ്രസിലെ ശിംഗങ്ങളായ കെ.മുരളീധരന്‍, കെ.സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരൊക്കെ അവസരം കിട്ടായാല്‍ ചാടാന്‍ നില്‍ക്കുന്നവരാണ്. ശശി തരൂര്‍ ചാടി, ചാടി എന്നു ധരിച്ചതാണ്. പിന്നെ അദ്ദേഹം ഊരി. അത് താത്കാലികമോ എന്തോ ആവോ. കെ.മുരളീധരനും ഏതാണ്ട് പറഞ്ഞ് ഉറപ്പിച്ച മട്ടാണ്. ചെന്നിത്തല സ്വാഭാവികമായും അതിനനുയോജ്യനാണെന്നാണ് മുന്‍ കാല ചെയ്തികളും വിവിധ ഘടകങ്ങളും വിശകലനം ചെയ്ത് സ്വന്തക്കാര്‍ പറയുന്നത്. സുധാകരനാകട്ടെ സംഘപരിവാറിന്റെ കണ്ണൂരിലെ സ്വാഭാവിക സുഹൃത്താണ്. അവസരം കിട്ടിയാല്‍ പല കോ
ണ്‍ഗ്രസുകാരും ബി.ജെ.പിയില്‍ ചേരും. ഇപ്പോഴെല്ലാവരും അനില്‍ ആന്റണിയുടെ നേരെ കുരച്ചു ചാടാനാണ് ശ്രമിക്കുന്നത്. അത് സ്വാഭാവികം മാത്രം. ഇപ്പോള്‍ കുരയ്ക്കാനും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത് വിശദീകരിക്കാനും കോണ്‍ഗ്രസുകാര്‍ക്കറിയാം.

ഏതായാലും ഇപ്പോള്‍ ഒരല്‍പം ആശ്വാസം തോന്നുന്നത് സി.പി.എമ്മിനാണ്. ഭരണം ആകെ നാണം കെട്ട് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. നിരന്തര അഴിമതി കഥകള്‍. പെട്രോള്‍വില, സാമ്പത്തിക പ്രതിസന്ധി, ഗോവിന്ദന്‍ മാഷുടെ ജാഥയും ചീറ്റി. അങ്ങനെ തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസുകാരുടെ രാജി വരുന്നത്. ഇന്ന് കോണ്‍ഗ്രസ്, നാളെ ബി.ജെ.പി എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്ലിം വോട്ട് നേടാനായിരിക്കും സി.പി.എം ശ്രമിക്കുക. പല മണ്ഡലങ്ങളിലും കുറച്ച് മുസ്ലിം വോട്ട് കിട്ടിയാല്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും എന്നുറപ്പാണ്. ഏതായാലും അടുത്ത അനില്‍ ആന്റണി ആരാണെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം.

Related posts:

Leave a Reply

Your email address will not be published.