മതന്യുനപക്ഷങ്ങള്‍ ഇരുമുന്നണികളില്‍ നിന്നും അകലുന്നത് അവരെ വിറളി പിടിപ്പിക്കുന്നു: കെ സുരേന്ദ്രന്‍
1 min readകൊച്ചി: ബിജെപി പ്രവര്‍ത്തകര്‍ മതന്യുനപക്ഷങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത് തന്നെ ഇരുമുന്നണിനേതാക്കളെ വല്ലാതെ പ്രകോപിപ്പിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മതന്യുനപക്ഷങ്ങളിലെ സ്വാധീനം കുറയുമോ എന്ന ആശങ്കയും കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിലെ വേവലാതിയുമാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയുമൊക്ക അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായി വലിയ മാറ്റമാണ് വന്നിട്ടുള്ളത്. മതന്യുനപക്ഷങ്ങളെ
വോട്ടൂബാങ്കായി കരുതുന്ന ഇരുമുന്നണികള്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അവര്‍ ന്യുനക്ഷങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചരണം നടത്തി ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ള നേതാക്കളുടെ ഇത്തരം ശ്രമം സാധാരണ മുസ്ലിങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
യുവം 2023 കേരളത്തിലെ വികസന മുരടിപ്പിന് പരിഹാരമാകും. സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന് പരാഹാരം കാണാനോ യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുവാനോ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. മോദിസര്‍ക്കാരിന്റെ വികസനമാതൃക മാത്രമാണ് കേരളത്തിന്റെ വികസനത്തിനുള്ള പ്രതിവിധി. ഈ ആശയത്തോടെയാണ് ഏപ്രില്‍ 25 ന് കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023ല്‍ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കള്‍, കോളേജ് പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍, യുവസംരഭകര്‍ എന്നിവര്‍ ഒത്തുചേരുന്നതെന്നും അദ്ദേഹം അറിയിച്ചു.