മാധവന്റെയും ശാലിനിയുടെയും അലൈപായുതേ….
1 min readമാധവനും ശാലിനിയും അകമഴിഞ്ഞ് പ്രണയിച്ച സിനിമ
പ്രണയം…. അത് ആസ്വധിക്കാത്തതായി ആരും തന്നെയില്ല. പ്രണയത്തെ അതിമനോഹരമായി വര്‍ണിക്കപ്പെടുന്ന കവിതകളും കഥകളും സിനിമയുമൊക്കെ നാം വായിച്ചും കണ്ടുമൊയി അവ ഇഷ്ടപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ പ്രണയത്തെ അതിമനോഹരമായി വര്‍ണിച്ച ഒരു ചിത്രമാണ്ട് തമിഴില്‍. തമിഴ് ചിത്രങ്ങളിലെ പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടി എത്തും…. അതേ…. മാധവനും, ബേബി ശാലിനിയും അകമഴിഞ്ഞ് പ്രണയിച്ച സിനിമ… അലൈ പായുതേ….
മണി രത്‌നത്തിന്റെ സംവിധാനത്തില്‍ എ ആര്‍ റഹുമാന്റെ പാട്ടുകളും ഒന്നിച്ചപ്പോള്‍ ചിത്രം വേറെ ലെവലായി എന്ന് തന്നെ പറയാം…
പ്രണയത്തെയും വിരഹത്തെയും അത്രയേറെ തീവ്രതയോടെ അവതരിപ്പിക്കാന്‍ മണിരത്‌നത്തിന് സാധിച്ചുവെന്നാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കിയത്.
തന്റെ സിനിമയ്ക്ക് വേണ്ടി സൂപ്പര്‍താരങ്ങള്‍ക്ക് പിറകെ പോകുന്ന സ്വഭാവം മണിരത്‌നത്തിനില്ല. അതുകൊണ്ടു തന്നെയാണ് മാധവന്‍ എന്ന പുതുമുഖത്തെയും ബാലതാരത്തില്‍ നിന്നും നായികയായി അരങ്ങേറ്റം കുറിച്ചതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത ശാലിനിയെയും പ്രധാനകഥാപാത്രങ്ങളാക്കി പരീക്ഷണത്തിന് മുതിര്‍ന്നത്.
എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ശക്തിയും എഞ്ചിനീയറിങ് ബിരുദധാരിയായ കാര്‍ത്തികുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിലെ അംഗമാണ് ശക്തി. കാര്‍ത്തിക് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. അന്നത്തെ യുവതലമുറയുടെ പ്രതിനിധിയായാണ് കാര്‍ത്തിക്. ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിനിടെ കാര്‍ത്തിയും ശക്തിയും പരിചയപ്പെടുന്നു. കുഞ്ഞു കുഞ്ഞു വാക്ക്തര്‍ക്ക വേളയ്ക്കിടെ ‘യാരോ യാരോടി’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ഈ രസകരമായ രംഗങ്ങള്‍ നമുക്ക് മുന്നില്‍ കാഴ്ചവച്ചു.
പിന്നീട് ട്രയിന്‍ യാത്ര അവരുടെ കൂടികാഴ്ചയ്ക്ക് നിമിത്തമാകുന്നു. ട്രെയിനിന്റെ താളത്തില്‍ മൊട്ടിട്ട ശക്തിയുടെയും കാര്‍ത്തിക്കിന്റെയും പ്രണയം ഇടയിലെപ്പോഴോ മുറിഞ്ഞ്‌പോയതും അവിടെ തന്നെയായിരുന്നു. ഇവരുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രത പ്രേക്ഷകരുമായി സംവദിച്ചത് എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ‘പച്ചൈ നിറമേ’, ‘എവനോ ഒരുവന്‍’, ‘സ്‌നേഹിതനേ’… എന്നീ ഗാനങ്ങളിലൂടെയും.
തങ്ങള്‍ക്ക് ഒരിക്കലും പിരിഞ്ഞിരിക്കാനാകില്ല എന്ന് തിരിച്ചറിയുന്ന കാര്‍ത്തികും ശക്തിയും വിട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് വിവാഹിതരാകുന്നു. പിന്നീട് മധുവിധുവിന്റെ ആഘോഷങ്ങളിലേക്കാണ് സിനിമ കൂട്ടിക്കൊണ്ടു പോകുന്നത്. ‘കാതല്‍ സടുഗുടു’ എന്ന ഗാനം കടന്നുവരുന്നതും ആ പശ്ചാത്തലത്തിലാണ്. കാര്‍ത്തികിന്റെയും ശക്തിയുടെയും വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കുന്നത് ശക്തിയുടെ പിതാവിന്റെ മരണത്തിന് ശേഷമാണ്. അതിനിടെ തന്റെ സഹോദരി പൂര്‍ണിയുമായി കാര്‍ത്തിക് പ്രണയത്തിലാണെന്ന് കൂടി തെറ്റിദ്ധരിക്കുന്നതോടെ ശക്തി പൂര്‍ണമായും തകരുന്നു.
കാര്‍ത്തികിനെ കാണാനുള്ള തത്രപ്പാടില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന അവളെ കാത്തിരുന്നത് ഒരു വലിയ ദുരന്തമായിരുന്നു. ശക്തിക്ക് അപകടം സംഭവിച്ചതറിയാതെ അവളെ കാണാതെ വിളറിപ്പിടിച്ച് ഓടി നടക്കുന്ന കാര്‍ത്തികിന്റെ മാനസികാവസ്ഥയും ഒടുവിലെ കണ്ടുമുട്ടലുമെല്ലാം അത്രയും വൈകാരികമായാണ് സംവിധായകന്‍ പ്രേക്ഷകരില്‍ എത്തിച്ചത്.
തിരക്കഥയിലെ വ്യത്യസ്തതയല്ല അലൈപായുതേ എന്ന ചിത്രത്തെ വേറിട്ടുനിര്‍ത്തിയത്, അവതരണ ശൈലിയാണ്. ചിത്രം പുറത്തിറങ്ങി 24 വര്‍ഷം പിന്നിടുമ്പോഴും ഇന്നും പ്രേക്ഷകര്‍ ഈ ചിത്രം നെഞ്ചിലേറ്റി നടക്കുന്നുണ്ടെങ്കില്‍ അതിന് കാരണവും ഇതു തന്നെയാണ്.