ഏ.കെ ആന്റണിയുടെ മകന്‍ അനില്‍.കെ.ആന്റണി ബിജെപിയില്‍ ചേര്‍ന്നു

1 min read

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അനിലിനൊപ്പം ഉണ്ടായിരുന്നു.

പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനില്‍ ആന്റണിയെ സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്തെത്തുന്നതിന് മുമ്പായി അനില്‍ ആന്റണി കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത്, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ചു കൊടുത്തിരുന്നു.

മോദിക്കെതിരായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി വിവാദത്തെത്തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിയുന്നത്. തുടര്‍ന്ന് അനില്‍ പദവികള്‍ രാജിവെച്ചു.

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായിരുന്നു അനില്‍ ആന്റണി. ബിബിസിക്കെതിരെ രൂക്ഷവിമര്‍ശനം അനില്‍ ആന്റണി നടത്തിയിരുന്നു. കശ്മീര്‍ ഇല്ലാത്ത ഭൂപടം ബിബിസി പലതവണ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യംചെയ്ത മാധ്യമമാണ് ബിബിസിയെന്നും അനില്‍ ആന്റണി വിമര്‍ശിച്ചിരുന്നു.

സവര്‍ക്കറെ അനുകൂലിച്ചും അനില്‍ ആന്റണി രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ സവര്‍ക്കറെ തീവ്രമായി അപമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ചുരുങ്ങിയപക്ഷം ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും സവര്‍ക്കറെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടിരുന്നു.

Related posts:

Leave a Reply

Your email address will not be published.