ആളൂരിന്റെ എല്ലൂരാൻ പെണ്ണുങ്ങൾ. കളംമാറ്റി ചവിട്ടി ആളൂരും

1 min read

ചാന്ദ്‌നി മോൾക്കൊപ്പം നിൽക്കും. പ്രതിക്ക് കൊലക്കയർ വാങ്ങിക്കൊടുക്കും – ആളൂർ

ആളൂർ കളം മാറ്റി ചവിട്ടുകയാണോ?  ചോദിക്കാൻ കാരണമുണ്ട്. പ്രമാദമായ കേസുകളിലെല്ലാം പ്രതികളെ രക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു   ആളൂർ. 

ഇപ്പോഴിതാ ആളൂർ പറയുന്നു ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട ചാന്ദ്‌നിക്കൊപ്പമാണ് ഞാൻ, പ്രോസിക്യാഷനൊപ്പം ചേർന്ന് പ്രതിക്ക് കൊലക്കയർ വാങ്ങിക്കൊടുക്കും.

മിഠായി വാങ്ങിക്കൊടുത്ത് കുഞ്ഞിനെ വശീകരിച്ച് ക്രൂരമായി പീഡിപ്പിച്ചു കൊന്ന അസ്ഫാഖ് ആലം എന്ന നരാധമൻ.

പരാതി കിട്ടിയിട്ടും കുഞ്ഞിനെ കണ്ടെത്താൻ വൈകിയ കേരള പൊലീസ്.

പ്രാർത്ഥനയോടെ, പ്രതീക്ഷയോടെ കാത്തിരുന്ന മാതാപിതാക്കൾ.

കേരളത്തിൽ നടന്ന കൊലപാതകമായതുകൊണ്ടു മാത്രം പ്രതിഷേധിക്കാൻ മറന്ന സാംസ്‌കാരിക നായകൻമാർ.

സംസ്‌കാര ചടങ്ങിന് എത്താൻ സമയം കിട്ടാത്ത മന്ത്രിപുംഗവൻമാർ.

മലമറിക്കുന്ന പണി കാരണം ചാന്ദ്‌നിയെ കാണാൻ എത്താത്ത ജില്ലയുടെ ചുമതലക്കാരൻ കൂടിയായ മന്ത്രി പി.രാജീവ്.

ഞങ്ങളെന്തിനു വരണം എന്ന ചിന്തയിൽ വിട്ടു നിന്ന കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും.

ചാന്ദ്‌നിയെ ഓർത്ത് കേഴുന്ന സഹപാഠികളും അധ്യാപകരും.

കർമ്മം ചെയ്യാൻ പൂജാരി വന്നില്ല എന്ന ഇരട്ടത്താപ്പുമായി സ്ഥലം എംഎൽഎ.

പ്രതിയെ ഞങ്ങൾക്ക് വിട്ടുതരൂ, ഞങ്ങൾ കൈകാര്യം ചെയ്യാം എന്ന് ആക്രോശിക്കുന്ന ജനക്കൂട്ടം.

പ്രതിക്കുവേണ്ടി ആളൂരെത്തിയാൽ അവന്റെ എല്ലൂരുമെന്ന് പെണ്ണുങ്ങൾ.

ആളൂർ വരുമോ?    വരില്ലേ?     വരുമായിരിക്കും?    ചർച്ച ഇങ്ങനെ കൊടുമ്പിരിക്കൊള്ളുന്നു.     കൊലപാതകികളുടെ കൺകണ്ട ദൈവമാണല്ലോ ആളൂർ.     എവിടെ കൊലപാതകമുണ്ടോ അവിടെ ആളൂരെത്തും. പ്രതികൾക്കുവേണ്ടി തുടിക്കുകയാണ് ആ ഹൃദയം.   അതുകൊണ്ടുതന്നെ ആളുകൾ ഉറപ്പിച്ചു, ആളൂരെത്തും.    സൗമ്യ കൊലക്കേസ്,   ജിഷ കൊലക്കേസ്, കൂടത്തായി കേസ്,   നരബലികേസ്,   ഡോ.വന്ദന കൊലക്കേസ് ഇവിടെയെല്ലാം ആളൂരുണ്ടായിരുന്നു, വേട്ടക്കാരനോടൊപ്പം.   പ്രതികളുടെ രക്ഷകനായി.

അങ്ങനെ നോക്കിയിരിക്കുമ്പോൾ അതാ വരുന്നു ആളൂർ.    

പക്ഷേ വന്നത് എല്ലാവരും പ്രതീക്ഷിച്ചതുപോലെ കൊലപാതകിയെ രക്ഷിക്കാനല്ല.  അവന് തൂക്കുകയർ ഉറപ്പുവരുത്തുമെന്ന് ഉറപ്പിച്ചു പറയാൻ. നടന്നത് ക്രൂരമായ കൊലപാതകമാണ്. പ്രതി യാതൊരു ദയാദാക്ഷിണ്യവും അർഹിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു ആളൂർ.  

താൻ ചാന്ദ്‌നിമോൾക്കൊപ്പമാണ്, പ്രോസിക്യൂഷനൊപ്പമാണ്. കൊലപാതകിക്ക് തൂക്കുകയർ ഉറപ്പു വരുത്തുകയാണ് തന്റെ ലക്ഷ്യം. അതിനുവേണ്ടി പരിശ്രമിക്കും.

മുൻപു നടന്ന പ്രമാദമായ കേസുകളിലെല്ലാം പ്രതികൾക്കുവേണ്ടി വക്കാലത്ത് എടുത്തത് എന്തിനെന്ന ചോദ്യത്തിനും ആളൂരിന് ഉത്തരമുണ്ട്. ഞാൻ എന്റെ പ്രൊഫഷനാണ് ചെയ്യുന്നത്. അത് സത്യസന്ധമായിത്തന്നെ ചെയ്യും. കുറ്റകൃത്യങ്ങൾ നടക്കുന്നത് വക്കീൽ കാരണമല്ല. ക്രൈം നടന്നതിനു ശേഷമാണ് ആളുകൾ വക്കീലിനെ തേടി വരുന്നത്.  നിയമസഹായം തേടി ആദ്യം ആരെത്തുന്നുവോ അവരോടൊപ്പം ആളൂരുണ്ടാകും.ഞാൻ വേട്ടക്കാരനൊപ്പം നിന്ന് ഇരയെ സഹായിക്കില്ല. ഇരയ്‌ക്കൊപ്പം നിന്ന് വേട്ടക്കാരനെയും സഹായിക്കില്ല. 

ആലുവയിലെ ചാന്ദ്‌നിയുടെ കുടുംബത്തിനൊപ്പമാണ് താൻ. കുഞ്ഞിനെ കൊന്നവന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുക തന്നെ ചെയ്യും.  ആളൂർ ഉറപ്പിച്ചു പറയുന്നു.  

Related posts:

Leave a Reply

Your email address will not be published.