തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി നടത്തിയ രക്ഷിതാവിനെതിരെ കേസ്
1 min reada case has been filed against the parent who escorted the madrasa students with a gun to protect them against the threat of tsray dogs
കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി മുന്നില്‍ നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ പറഞ്ഞത്. ഏതെങ്കിലും നായ ഓടിച്ചാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നും സമീര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എയര്‍ഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ സമീര്‍ പറഞ്ഞത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്‌റസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു.