വിതുരയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ്

1 min read

തിരുവനന്തപുരം: പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞ വിതുരയില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. വിതുര താവയ്ക്കല്‍ മേഖലകളില്‍ ആണ് വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ രണ്ട് തവണ പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞത് അനുസരിച്ചാണ് വനം വകുപ്പ് ആര്‍ ആര്‍ ടീം, കല്ലാര്‍ സെക്ഷന്‍ ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. ടാപ്പിങ് തൊഴിലാളികളില്‍ ചിലരാണ് നാല് ദിവസം മുമ്പ് പുലിയോട് സാമ്യതയുള്ള മൃഗത്തെ കണ്ടത് എന്ന് പറയുന്നു.

എന്നാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച വൈകീട്ട് താവയ്ക്കലിലെ കോഴിഫാമിന് സമീപമാണ് ആദ്യം പുലിയെ കണ്ടത് എന്ന് നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഇതിന് സമീപത്തെ റബര്‍ തോട്ടത്തില്‍ വീണ്ടും പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന ശക്തമാക്കി. കാട്ടുപൂച്ചയോ കാട്ടുനായയോ ആണെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രദേശത്ത് കാലടയാളങ്ങള്‍ കണ്ടതില്‍ നിന്ന് പുലിയാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചത്. പക്ഷേ പുലിയെയാണ് കണ്ടത് എന്നത് വനം വകുപ്പ് സ്ഥിതികരിച്ചിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.