ഏലപ്പാറയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയത് കട്ടപ്പനയില്‍

1 min read

കട്ടപ്പന: ഇടുക്കി ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കട്ടപ്പനയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ മകള്‍ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്. ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കുളില്‍ പഠിക്കുന്ന ഇരുവരെയും തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പത്തിലും ഒമ്പതിലും പഠിക്കുന്ന ഇവര്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു.സ്‌കൂളില്‍ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചര്‍ ഹാജര്‍ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കുട്ടികള്‍ പതിവ് പോലെ സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.

ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്‌കൂളിലെത്തി വിവരങ്ങള്‍ തിരക്കി. കാണാതായ കുട്ടികള്‍ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികള്‍ സ്‌കൂളധികൃതരോട് പറഞ്ഞു. ഒരാള്‍ യൂണിഫോമും മറ്റെയാള്‍ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികള്‍ പറഞ്ഞു. രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഉപ്പുതറ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇരുവരെയും കട്ടപ്പനയില്‍ നിന്ന് കണ്ടെത്തിയത്.

Related posts:

Leave a Reply

Your email address will not be published.