ഇടതുപട്ടിക : ലക്ഷ്യം എട്ടിടത്തുമാത്രം
1 min readപ്രതികൂല സാഹചര്യത്തിലും പോരാടാന്‍ എല്‍.ഡി.എഫ്
ലോകസഭാ തിരഞ്ഞെടുപ്പിനുളള ഇടതു പട്ടിക പൂര്‍ത്തിയായി. ഇത്തവണ കഴിഞ്ഞ തവണത്തെ പോലെ ഏക കനല്‍തരി പോരെന്ന കാര്യത്തില്‍ എല്‍.ഡി.എഫിന് അഭിപ്രായ വ്യത്യാസമില്ല. സി.പി.എമ്മിനും സി.പി.ഐയ്ക്കും ഇത് ദേശീയ തലത്തിലെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. നിലനില്പ് എന്ന് പറഞ്ഞാല്‍ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം. ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ ഇരുപാര്‍ട്ടികള്‍ക്കും കാര്യമായ പ്രവര്‍ത്തനങ്ങളില്ല. മുമ്പൊക്കെ പ്രതിപക്ഷ മുന്നണിയുടെ നെടുതൂണും ശില്പികളൊക്കെയുമായി സി.പി.എം നേതാക്കള്‍ രംഗത്തുണ്ടാവുമായിരുന്നെങ്കിലും ഇപ്പോള്‍ ആ സ്ഥാനവും പോയി. ഇനി എണ്ണം കൊണ്ടുവരാനുള്ള സംസ്ഥാനങ്ങള്‍ ഒന്നുമില്ല. മറ്റ് പ്രാദേശിക പാര്‍ടികളുടെയോ കോണ്‍ഗ്രസിന്റെയോ ഔദാര്യത്തില്‍ ഏതാനും സീറ്റ് കിട്ടിയാലായി. അതും ആകെ കാര്യമായ പ്രതീക്ഷയുള്ളത് തമിഴ്നാട്ടില്‍ മാത്രം. അതുകൊണ്ട് തന്നെ കേരളത്തിലാണ് സി.പി.എമ്മിന്റെ മുഴുവന്‍ പ്രതീക്ഷയും.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കോണ്‍ഗ്രസ് അനുകൂല ഘടകം ഇല്ല എന്നു മാത്രമാണ് സി.പി.എമ്മിന് ആശ്വസിക്കാനുള്ള ഏക ഘടകം. രാജ്യത്ത് മൊത്തം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഒരു മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന കേരളത്തിലെ സാമാന്യ ജനത്തെ വിശ്വസിപ്പിക്കാന്‍ 2019ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കഴിഞ്ഞിരുന്നു. പിന്നെ ഉണ്ടായിരുന്നത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച തര്‍ക്കവും വിശ്വാസികളോട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടിയ രീതിയും.
ഇത്തവണ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരുമെന്ന യാതൊരു പ്രതീക്ഷയുമില്ല. അത് സി.പി.എമ്മിനും ഇടതുമുന്നണിക്കും അനുകൂലമാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കുറേയൊക്കെ ഇടതുമുന്നണിക്ക് കഴിയും.
പക്ഷേ പിണറായി സര്‍ക്കാരിനോടുളള അതൃപ്തി വളരെ പ്രകടമാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതി കേസില്‍ പെട്ടിരിക്കുന്നു. സി.പി.എമ്മിന്റെ അണികള്‍ക്ക് തന്നെ പാര്‍ട്ടിയുടെ പോക്കില്‍ മടുപ്പ് വന്നിട്ടുണ്ട്. ഇനിയും തോറ്റാലെ സി.പി.എം രക്ഷപ്പെടുകയുള്ളു എന്നും അല്ലെങ്കില്‍ കച്ചവട താല്പര്യക്കാര് പാര്‍ട്ടിയെ പൂര്‍ണമായും ഹൈജാക്ക് ചെയ്യുമെന്നും അവര്‍ വിശ്വസിക്കുന്നു.
മുസ്ലിം ന്യൂനപക്ഷ വോട്ടാണ് സി.പി.എമ്മിന് കുറേക്കൂടി ആശ്രയിക്കാന്‍ കഴിയുക. ആനുപാതികമായി കൃസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടുകയും ചെയ്യും. ഈ പ്രതിസന്ധിയാണ് സി.പി.എമ്മും ഇടതുമുന്നണിയും നേരിടുന്നത്. പല മണ്ഡലങ്ങളിലും ഇടതുമുന്നണി ഇപ്പോള്‍ തന്നെ പരാജയമുറപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഒരു പ്രതീക്ഷയുമില്ല.
തിരുവനന്തപുരത്ത് 2005ല്‍ ജയിച്ചു എന്നതുമാത്രമാണ് പന്ന്യന്‍ രവീന്ദ്രന് അനുകൂലമായി പറയാനുളളത്. ഇവിടെ പോരാട്ടം ശശിതരൂരും ബി.ജെ.പിയും തമ്മിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി.ഐ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവളത്തൊഴികെ എല്‍.ഡി.എഫാണ് ജയിച്ചതെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പോടെ സ്ഥിതി മാറും. കൃസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളില്‍ കൂടുതലും തരൂരിനാണിവിടെ കിട്ടുക. ബി.ജെ.പി കരുത്തനായ സ്ഥാനാര്‍ഥിയെ നിറുത്തും. ബി.ജെ.പിക്ക് സാദ്ധ്യതയുള്ള മണ്ഡലമായതിനാല്‍ ബി.ജെ.പിയെ തോല്പിക്കാന് നല്ല ശതമാനം സി.പി.എം വോട്ടുകള്‍ പതിവുപോലെ തരൂരിന് പോകും. പ്രവര്‍ത്തിക്കാന്‍ പോലും കാര്യമായി ആളെകിട്ടാത്ത അവസ്ഥ പന്ന്യന്‍ രവീന്ദ്രന് പോകും. പ്രാദേശികതലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴികെ സി.പി.എമ്മിലെ വിവിധ മുന്നണി, സംഘടനാ പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ തങ്ങളുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് അവര്‍ മാറ്റും.
ആറ്റിങ്ങലും ഇടതുമുന്നണി കാര്യമായ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമല്ല. ഇതുവരെ സി.പി.എമ്മിന്റെ കോട്ടയായിരുന്നെങ്കിലും സ്ഥിതിഗതികള്‍ മാറിക്കഴിഞ്ഞു. സിറ്റിംഗ് എം.പി അടൂര്‍പ്രകാശ് മണ്ഡലത്തില്‍ കളമുറപ്പിച്ചുകഴിഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരനാകട്ടെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രിയെ വേണോ എം.പിയെ വേണോ എന്ന ചോദ്യമായിരിക്കും ബി.ജെ.പി ഉന്നയിക്കുക. ജില്ലാ സെക്രട്ടറിയായതോടെ ഭരണവുമായുള്ള ഇടനിലക്കാരനായി മാറി വി.ജോയിയോട് പഴയ ആഭിമുഖ്യം പല പ്രവര്‍ത്തകരും കാണിക്കുന്നുമില്ല.
കൊല്ലമാണ് പണ്ടുമുതലേ ഇടതുപാര്‍ട്ടികളുടെ കോട്ടയായിരുന്ന സ്ഥലം. എന്നാല്‍ യു.ഡി.എഫിലെ എന്‍.കെ.പ്രേമചന്ദ്രന് അവിടെ ജനകീയനാണ്. പ്രധാനമന്ത്രിയുടെ കൂടെ ഊണുകഴിച്ചതാണ് സി.പി.എം വിവാദമാക്കുന്നത്. അത് തന്റെ സ്വീകാര്യതയാക്കി മാറ്റാനാണ് പ്രേമചന്ദ്രന് ശ്രമിക്കുന്നത്. ഈ ഇമേജ് വഴി കുറച്ച് ബിജെ.പി വോട്ട് കൂടി പിടിക്കാന്‍ പറ്റുമോ എന്നാണ് പ്രേമചന്ദ്രന് നോക്കുന്നത്. നടന് മുകേഷ ആണെങ്കില്‍ സി.പി.എം അണികള്‍ക്ക് ഇപ്പോള്‍ അത്ര താലപര്യമുള്ള ആളുമല്ല.
ഇത്തവണ സി.പി.ഐക്ക്് എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കില്‍ അത് മാവേലിക്കര മണ്ഡലത്തിലാണ്. അത് സിറ്റിംഗ് എം.പി കൊടിക്കുന്നില്‍ സുരേഷിനോടുള്ള അതൃപ്തി വോട്ടാക്കി മാറ്റിയാല്‍ ഉണ്ടാകുന്ന നേട്ടത്തെ അടിസ്ഥാനപ്പെടുത്തിയാകും. യുവ നേതാവ് സി.എ അരുണ്‍കുമാറിനെയാണ് സി.പി.ഐ ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ 61,138 വോട്ടിന്റെ ലീഡ് വേണമെങ്കില്‍ അരുണ്‍കുമാറിന് മറികടക്കാം. ബി.ജെ.പിക്കും നല്ല വോട്ട് 3 ജില്ലകളിലായി കിടക്കുന്ന ഈ മണ്ഡലത്തില്‍ ഉണ്ട്.
യു.ഡി.എഫിന് മേല്‍ക്കൈ ഉള്ള മറ്റൊരു മണ്ഡലമാണ് പത്തനംതിട്ട. മന്ത്രി വീണാ ജോര്‍ജ്ജ് ആയിരുന്നു കഴിഞ്ഞ തവണ ഇവിടത്തെ ഇടതു സ്ഥാനാര്‍തഥി. പരമ്പരാഗതമായി ക്രൈസ്തവര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കാറുള്ളത്. പത്തനംതിട്ട ജില്ലയിലെ അഞ്ചു മണഡങ്ങളും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചേര്‍ന്നാല്‍ പത്തനംതിട്ട മണ്ഡലമായി. കുറെ ക്രൈസ്തവ വിഭാഗക്കാരെ തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവരാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ജയത്തിന് ഉതകുന്ന മാറ്റമായിട്ടില്ല. ശബരിമലയോട് ചേര്‍ന്ന്കിടക്കുന്ന മണ്ഡലമാണിത്. ഈ മണ്ഡലം പിടിക്കാന്‍ എല്‍.ഡി.എഫ് തോമസ് ഐസക്കിനെയാണ് ഏല്പിച്ചിരിക്കുന്നത്. അദ്ദേഹം ഒരു ബലിയാട് മാത്രമായി മാറാനാണ് സാദ്ധ്യത. തൊഴില്‍ സംരംഭങ്ങളാരംഭിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ മെഷിനറിയും കുടുംബശ്രീയും ബന്ധപ്പെടുത്തിയുള്ള ഒരു പാട് യോഗങ്ങള്‍ സി.പി.എമ്മും ഐസക്കും ചേര്‍ന്ന് നടത്തിയിട്ടുണ്ട. ഇതൊന്നും വോട്ടായി മാറുമോ എന്നു പറയാറായിട്ടില്ല. ബി.ജെ.പിയ്ക്കും ഈ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഈയിടെ ബി.ജെ.പിയിലേക്ക് വന്ന പി.സി.ജോര്‍ജിനും ചില പോക്കറ്റുകളുണ്ട്. ആന്റോ ആന്‍ണി തന്നെയായിരിക്കും ഇവിടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് ഏതാണ്ട് എഴുതിത്തള്ളിയ മണഡലമാണിതെന്ന് പറയാം.
ഇടുക്കി മണ്ഡലമാണ് എല്‍.ഡി.എഫിന്റെ ഒരു ബാലികേറാമല. ഒരു പ്രത്യേക ഘട്ടത്തില്‍ ഇടതുപക്ഷത്തിന് ജോയസ് ജോര്‍ജ്ജ് എന്ന സ്വതന്ത്രനെ ജയിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് ഇടുക്കിയെലെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന തോന്നുന്നില്ല. മാണി കേരള കോണ്‍ഗ്ര്സ എല്‍.ഡി.എഫിലേക്ക് വന്നതിന്റെ കാര്യമായ പ്രയോജനമൊന്നും ഇടതു സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. ക്രൈസ്തവ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി എല്‍.ഡി.എഫി കൂടെ നിന്നാല്‍ മാത്രമേ ഇടുക്കി അടിമറിയൂ. അതിനുള്ള സാദ്ധ്യത തീരെ വിരളമാണ്. 1,71,000 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയത്. അതു കുറച്ചു കുറഞ്ഞാലും യു.ഡി.എഫിനെ ഇത്തവണ ഇടുക്കിയില്‍ തോല്പിക്കാന് കഴിയുമെന്ന തോന്നുന്നില്ല.
സിറ്റിംഗ് സീറ്റെന്ന നിലയില്‍ ആലപ്പുഴയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ സി.പി.എമ്മിന് അവകാശമുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആരാണെന്ന തിരൂമാനം ഇതുവരെ എടുത്തിട്ടില്ല. 10,474 വോട്ടിന്റെ ഭൂരിപക്ഷമേ ആരിഫിനുണ്ടായിരുന്നുള്ളൂ എന്നത് യു.ഡി.എഫിനും പ്രതീക്ഷിക്കാന്‍ വകനല്കുന്നു. ആലപ്പുഴ എന്തായാലും ഉശിരുള്ള പോരാട്ടമായിരിക്കും നടക്കും. കരിമണല്‍ വിവാദം കേരള രാഷ്ട്രീയത്തില്‍ കൊടുമ്പിരി കൊള്ളുന്നതിനാല്‍ തോട്ടപ്പള്ളി കേന്ദ്രീകരിച്ചുളള കരിമണല്‍ ഖനനത്തിന്റെ പ്രകമ്പനം ആലപ്പുഴ മണ്ഡലത്തില്‍ ഉണ്ടാകും. കോട്ടയം എറണാകുളം, ചാലക്കുടി ഏതാണ്ട് സമാന സ്വഭാവം പുലര്‍ത്തുന്നതാണ്. കോട്ടയത്ത് മാണി കേരള കോണ്‍ഗ്രസിന് ഉള്ള സ്വാധീനം മാത്രമാണ് ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രതീക്ഷകള്‍ നല്‍കുന്നത്. എറണാകുളവും ചാലക്കുടിയും യു.ഡി.എഫിന് ഈസി വാക്കോവര്‍ ആയിരിക്കും. ചാലക്കുടിയില്‍ മുന്‍ മന്ത്രി സി.രവീന്ദ്രനാഥ് സ്ഥാനാര്‍ഥിയാണെന്നും യു.ഡി.എഫ് പ്രചാരണ വിഷയമാക്കും. വിവാദമായ മാസപ്പടി വിഷയത്തിലെ നായകന് സി.എം.ആര്.എല്‍ ഉടമ ശശിധരന് കര്‍ത്തയുടെ അടുത്ത ബന്ധു എന്ന ആരോപണവും രവീന്ദ്രനാഥിന് നേരെ ഉയരും. എറണാകുളത്ത് വനിതാ സ്ഥാനാര്‍ഥിയെയാണ് സി.പി.എം നിറുത്തിയിരിക്കുന്നത്. കെ.ജെ.ഷൈനിന് മേല്‍ ഒരു പക്ഷേ പി.രാജീവിന് മേല്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷം നേടാനായിരിക്കും ഹൈബി ശ്രമിക്കുക. 1,69,153 വോട്ടായിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.
എന്നാല്‍ പാലക്കാട്, ആലത്തൂര്‍, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ തീപാറുന്ന പോരാട്ടം കാഴ്ചയവയ്ക്കാന്‍ എല്‍.ഡി.എഫിന് കഴിയും. എന്നാല്‍ മലപ്പുറം, പൊന്നാനി, കോഴിക്കോട്, വയനാട് മണ്ഡലങ്ങളില്‍ മത്സരം ഏകപക്ഷീയമായിരിക്കും. ഫലത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 8-10 സീറ്റുകളില്‍ മാത്രമായിരിക്കും എല്‍.ഡി.എഫിന് കാര്യമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുക.
ReplyForwardAdd reaction |