അയോദ്ധ്യ: എത്തിയത് 25 ലക്ഷം പേര്
1 min read അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയത് 25 ലക്ഷം ഭക്തര്‍. 22 നാണ് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്. 23 മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ചത്. ആദ്യദിവസങ്ങളില്‍ അയോദ്ധ്യാ വാസികള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. ആദ്യദിവസങ്ങളിലെ തിരക്കുകള്‍ കഴിയട്ടെ
എന്ന് കരുതി തീര്‍ഥാടനം അടുത്ത ആഴച്കളിലേക്ക് മാറ്റിവച്ച നിരവധി പേരുണ്ട്. ഇവരും കൂടി വരുന്നതോടെ ഭക്തരുടെ സംഖ്യ ഇതിലും വര്‍ദ്ധിക്കും. വടക്കേ ഇന്ത്യയിലെ കൊടുംതണുപ്പ് ശമിക്കുന്നതോടെ കൂടുതല്‍ ഭക്തരെത്തും.
എട്ട് കോടി രൂപയാണ് പത്ത് ദിവസത്തിനുള്ളില്‍ രാമക്ഷേത്രത്തിലെ ഭണ്ഡാരം വരവ്. ചെക്കായും ഓണ്‍ലൈനായും മൂന്നര കോടി വേറെയും കിട്ടി. ഭക്തന്മാര്ക്ക് കാണിക്കയര്‍പ്പിക്കാനായി ഗര്ഭഗൃഹത്തില് നാല് കാണിക്കകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരായ 11 പേരുള്‍പ്പെടെ 14 പേര് ചേര്‍ന്നാണ് കാണിക്ക എണ്ണുന്നത്.
എല്ലാം സി.സി.ടി.വി കാമറയ്ക്ക് മുന്നില്‍. ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്രട്രസ്റ്റില്‍ സംഭാവന ചെയ്യുന്നവര്‍ക്ക് 80 ജി പ്രകാരമുള്ള ആദായ നികുതി ഇളവുകളും ലഭിക്കും. അയോദ്ധ്യയെ ഇന്ത്യയിലെ എട്ട് പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നോണ്‍ സ്റ്റോപ് വിമാന സര്‍വീസ് ഒന്നാം തിയ്യതി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തിരുന്നു. 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബാലകരാമ പ്രതിഷ്ഠയ്ക്ക് പ്രാണ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ചത്.