വീണ്ടും ജീവരാഗമാകുന്ന ‘പൂമാനമേ…’
1 min readമമ്മൂട്ടിയുടെ ചോദ്യവും ജയറാമിന്റെ മൗനവും
ഓസ്ലര് സിനിമയ്ക്കിടയില്‍ തിയറ്ററില്‍ അപ്രതീക്ഷിതമായി ”പൂമാനമേ ഒരു രാഗമേഘം താ…” എന്ന പാട്ട് ഒഴുകിയെത്തിയപ്പോള്‍ കേട്ടിരുന്നവരെല്ലാം ഒരുപാട് വികാരങ്ങളുടെ പിടിയിലായി… പ്രണയം നിറഞ്ഞ ഗൃഹാതുരതയുടെ നിറവിലേക്കാണ് ആ പാട്ട് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. ആ നിറവിനെ അതിന്റെ പൂര്‍ണമായ സന്തോഷത്തില്‍ ഏറ്റെടുക്കുന്ന തിരക്കിലാണ് ലോകം മുഴുവനുമുള്ള മലയാളികള്‍.
മൂന്നു പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1985 ല്‍ നിറക്കൂട്ട് എന്ന ചിത്രം റിലീസായി. ജോഷിയുടെ സംവിധാനത്തില്‍ പുറത്തു വന്ന ചിത്രം. രവി വര്‍മയുടെയും മേഴ്സിയുടെയും പ്രണയത്തിന്റെയും ജീവിതത്തിന്റെയും കഥ പറഞ്ഞ ചിത്രം! മമ്മൂട്ടിയും സുമലതയുമാണ് ആ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. അക്ഷരാര്‍ഥത്തില്‍ അവരുടെ പ്രണയത്തിന്റെ വര്‍ണമായിരുന്നു ‘പൂമാനമേ’ എന്ന പാട്ട്. ആദ്യം മുതല്‍ അവസാനം വരെ പ്രണയം നിറഞ്ഞു തുളുമ്പി നില്ക്കുന്ന പാട്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. പൂവച്ചല്‍ ഖാദറിന്റെ പ്രണയം നിറഞ്ഞ വരികള്‍ക്ക് ശ്യാമിന്റെ ഭംഗിയുള്ള ഈണം. കെ.എസ്.ചിത്രയും കെ.ജി.മാര്‍ക്കോസും ജി.വേണുഗോപാലും ഉള്ളലിഞ്ഞുപാടി കേള്‍ക്കുന്നവരുടെ മനസ്സിനെ കുളിര്‍പ്പിച്ചു.
സിനിമയോളമോ അതിലധികമോ പ്രേക്ഷകരെ ആ പാട്ട് സ്വാധീനിച്ചു. 80കളിലെയും 90കളിലെയും ഗാനമേള വേദികളിലും ക്യാംപസ് മത്സരങ്ങളിലും എല്ലായിടത്തും ‘പൂമാനമേ’ ഒഴുകി നടന്നു. അങ്ങനെ പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട ഈണമായി, ജീവരാഗമായി അതുമാറി.
നിറകൂട്ട് പോലെ തന്നെ എബ്രഹാം ഓസ്ലറും പ്രണയ പശ്ചാത്താളത്തിലുള്ള ക്രൈം ത്രില്ലര്‍ ആണ്. സിനിമയുടെ അപ്രതീക്ഷിതമായ ഒരു തിരിവില്‍ ആ പഴയകാല പ്രണയത്തെ ആസ്വാദകര്‍ക്കു മുന്നിലെത്തിക്കുകയാണ് ‘പൂമാനമേ’ പാട്ട്. പാടി മോഹിപ്പിച്ച് വീണ്ടും പ്രണയിക്കാന്‍ തോന്നിപ്പിക്കുന്നത് നിധിന് കെ.ശിവയുടെ മധുരശബ്ദം.
കനവായി, കണമായി, ഉയരാന്‍, ഒഴുകാന്‍ ഒരു പ്രണയ കാലത്തെ ഈ പാട്ട് വളരെ ലളിതമായി സ്ക്രീനില്‍ അവതരിപ്പിക്കുന്നു. പാട്ടിന്റെ ലാളിത്യം, ഭംഗി, പ്രണയം ഒക്കെ സിനിമയും പാട്ടും തിയറ്റര്‍ കാഴ്ചയുമൊക്കെ അടിമുടി മാറിയ ഈ കാലത്തും അത് പോലെ നില്ക്കുന്നു. കാണികള്‍ നിറഞ്ഞ മനസ്സോടെ കയ്യടിക്കുന്നു… വീണ്ടും നമ്മള് പൂമാനമേ എന്നു നീട്ടി പാടുമ്പോള്‍ ആ പാട്ട് എത്ര കണ്ട് കാലാതിവര്‍ത്തിയാണെന്നു കൂടി തെളിയിക്കപ്പെടുകയാണ്.