കിട്ടേണ്ടത് കിട്ടിയപ്പോള്‍ മാലിദ്വീപ് ശരിയായ വഴിയിലേക്ക്

1 min read

മാലിദ്വീപ് രാഹുല്‍ഗാന്ധിക്ക് പഠിക്കുകയാണോ

മാലിയെ ഓര്‍മ്മയില്ലെ. നമ്മുടെ മറിയം റഷീദയുടെ മാലിദ്വീപ്. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിയാനുള്ള മാലിദ്വീപിന്റെ നീക്കത്തിന് തിരിച്ചടി. ഞമ്മക്ക് ചൈന മതി എന്നാണ് കുറച്ചുനാളായി മാലിദ്വീപിന്റെ നിലപാട്. പുതിയ സര്‍ക്കാര്‍ അവിടെ വന്നതോടെയാണ് സൂക്കേട് തുടങ്ങിയത്. ഏതായാലും കിട്ടേണ്ടത് കിട്ടിയപ്പോള്‍ മാലിദ്വീപിന്റെ ചൊറിച്ചില്‍ കുറഞ്ഞിട്ടുണ്ട്. ഇനിയും കുറെ വരാനിരിക്കുന്നതേയുള്ളൂ എന്നവര്ക്ക് അറിയാഞ്ഞിട്ടല്ല. അതുകൊണ്ടാണ് പെട്ടെന്നുതന്നെ മന്ത്രിമാരുടെ രാജിവാങ്ങിക്കലും സസ്‌പെന്‍ഷനുമൊക്കെ.

എന്തിനാണ് മാലിക്കാര്‍ക്ക് ചൊറിച്ചില്‍ വരാന്‍ കാരണം.
തമിഴ്‌നാട്, ലക്ഷദ്വീപ്, കേരള പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്ദ്വീപിലെ ബീച്ചില്‍ പോയിരുന്നു. അദ്ദേഹം എപ്പോഴും പറയാറുള്ള വോക്കല്‍ ഫോര്‍ ലോക്കല്‍ മുദ്രാവാക്യം ലക്ഷദ്വീപില്‍ പോയ ഉടനെ സാമൂഹ്യമാദ്ധ്യമത്തിലെ ചിത്രത്തിലൂടെ മനസ്സിലാകുമായിരുന്നു. മോദിജി മാലിദ്വീപിനെക്കുറിച്ചൊന്നും പരാമര്‍ശിച്ചിരുന്നില്ല.

കുമരകം ലോകര്‍ അറിഞ്ഞത് വാജ് പേയി അവിടെ പോയതോടെയാണ്. കുമരകം വളര്‍ന്നതും അതോടെ തന്നെ. മോദി ലക്ഷദ്വീപില്‍ പോകുന്നതിന് മുമ്പ് തന്നെ എല്ലാവരും ലക്ഷദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാലും മോദി കടല്‍ത്തീരത്ത് നില്‍ക്കുമ്പോള്‍ ലക്ഷദ്വീപിലേക്ക് പോകാനുള്ള ശരാശരി ഇന്ത്യക്കാരന്റെ ത്വര വര്‍ദ്ധിച്ചു. എന്തിന് അധികം കാശുമുടക്കി മാലിദ്വീപില്‍ പോകണം. ലക്ഷദ്വീപില്‍ പോയാല്‍ മതിയല്ലോ. മാലിദ്വീപിനെക്കാള്‍ സുന്ദരമായ ബീച്ച്. ഇത്ര നല്ല ടൂറിസം സ്‌പോട്ട് വേറെയുണ്ടോ. ശരാശരി മാലോകരിലെല്ലാം ഈ ചിന്ത വളര്‍ന്നു. ശരിക്കും മാലിദ്വീപിനെ പോലത്തെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ തന്നെയാണ് ലക്ഷിദ്വീപിലും ഉള്ളത്. ലക്ഷ്ദ്വീപ് വളര്‍ന്നാല്‍ മാലി തകര്‍ന്നുപോകുമോ എന്നവര്‍ക്ക് ഭയം. സത്യത്തില്‍ ലക്ഷദ്വീപ് വളര്‍ന്നാലും മാലി തകരില്ല. ടൂറിസം ആഗോള തലത്തില്‍ വളരുകയാണ്. ആളുകള്‍ പുതിയ പുതിയ സ്ഥലങ്ങള്‍ തേടി പോകുന്നു. മാലിക്കാരന്‍ ഭയചകിതനാകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. പക്ഷേ ലക്ഷദ്വീപിനത് വളര്‍ച്ചയുടെ പടവായിരുന്നു.

ഏതായാലും മാലിദ്വീപ് അധികൃതര്‍ ഉടന്‍ തന്നെ ഡാമേജ് കണ്‍ട്രോള്‍ എക്‌സര്‍സൈസ് തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപിലെ ടൂറിസം പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദ്യേശത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇട്ട പോസ്റ്റിനെതിരായി അപകീര്‍ത്തികരമായ പോസ്റ്റിടുകയും പ്രതികരിക്കുകയും ചെയ്ത മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സസ്‌പെന്‍ഡ് ചെയ്തതായി പറയുന്നു. ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയൂന, മല്‍ഷ ഷരീഫ്, അബ്ദുള്ള മഹസും മജുദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രിമാരുടെത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നാണെന്നും അതിനെ തള്ളിക്കളയുന്നുമെന്നുമാണ് മാലിദ്വീപിന്റെ വിശദീകരണം. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ പാവയാണെന്നുമായിരുന്നു, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മന്ത്രി മറിയം ഷിയുനയുടെ പ്രതികരണം. ഇതിനെ മാലിദ്വിപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും അപലപിച്ചിരുന്നു. അതോടെ ഷിയുന തന്റെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ പിന്‍വലിച്ചു.

കുറച്ചുകാലമായി മാലിദ്വീപിലെ ചിലര്‍ക്ക് ചൊരുക്ക് തുടങ്ങിയിട്ട്. അത് ചൈനയെ കണ്ടിട്ടാണ് താനും. ശ്രീലങ്കയിലും ചൈന കളി തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊക്കെ ആവശ്യത്തിന് ഇന്ത്യയേ ഉണ്ടാകൂ എന്നത് വേറെ കാര്യം. 1200 ഓളും ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ഇന്ത്യ സമുദ്രത്തിലെ ദ്വീപ് സമൂഹമായ മാലിദ്വീപ്. ജനസംഖ്യ അരക്കോടി മാത്രം. ഇന്ത്യയോടടുത്ത് കിടക്കുന്ന രാജ്യം. ഇന്ത്യയുമായി ആഴമേറിയ അടുപ്പമാണ് മാലിദ്വീപുകള്‍ക്കുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും അധികം വിദേശ സഞ്ചാരികള്‍ മാലിയിലെത്തുന്നത്. രണ്ടുലക്ഷത്തിലധികം വിദേശ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം മാലിയിലെത്തിയത്. ടൂറിസവും സമുദ്രോത്പന്ന കയറ്റുമതിയുമാണ് അവിടെത്തെ പ്രധാന ദേശീയ വരുമാനം. 2004ലെ സുനാമി വന്നപ്പോള്‍ ഇന്ത്യയായിരുന്നു മാലിയെ സഹായിക്കാനുണ്ടായിരുന്നത്. കൊവിഡ് വന്നപ്പോഴും അതിന് മുമ്പ് ശുദ്ധജല പ്രതിസന്ധിയുണ്ടായപ്പോഴും ഇന്ത്യ തന്നെയായിരുന്നു മാലിയെ സഹായിച്ചത്. അടിസ്ഥാന നിക്ഷേപത്തിലും സൈനിക മേഖലയിലുമൊക്കെ ഇന്ത്യ മാലിയെ സഹായിച്ചു.

പക്ഷേ ചൈനയാണ് മാലിയിലെ എല്ലാ കളികളും നടത്തുന്നത്. സാധാരണ മാലിദ്വീപ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്താല്‍ ആദ്യം വരിക ഇന്ത്യയിലേക്കായിരുന്നു. എന്നാലിത്തവണ അങ്ങനെയായിരുന്നില്ല. ഇത്തവണ അധികാരത്തിലേറിയത് ചൈനയോട് താല്പര്യമുളള ഇന്ത്യയോട് അധികം താല്പര്യമില്ലാത്തയാളാണ്. തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്തും ഇന്ത്യയ്ക്ക് നേരെ മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു വിദ്വേഷം ചൊരിഞ്ഞിരുന്നു. ഇസ്ലാമിക മതമൗലിക വാദത്തിന്റെ സ്വാധീനമാണ് ഇതിന് പിന്നില്‍.

2013 -2018ല്‍ ചൈന പക്ഷപാതിയായ അബ്ദുള്ള യമീന്റെ കാലത്താണ് ചൈന കൂടുതല്‍ മാലിയിലേക്ക് കയറി ചെന്നത്. ഇപ്പോള്‍ അധികാരത്തിലേറിയ മുയിസുവാകട്ടെ യമീനെക്കാള്‍ ഇന്ത്യാ വിരോധിയാണ്. അതേ സമയം ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്ത് മാലി ദ്വീപ് ഭരണ കൂടം ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നു. സമുദ്ര നിരീക്ഷണത്തില്‍ മാലിയെ സഹായിക്കാനും സൈനികര്‍ക്ക് വിദഗ്‌ദോപദേശം നല്‍കാനുമായി മാലിയിലുണ്ടായിരുന്ന 75 ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് മുയിസു ആദ്യം തന്നെ ഇന്ത്യയോടാവശ്യപ്പെട്ടത്.

Muhammad Muizzu

മാലിയുടെ ചൊറിച്ചില്‍ വന്നതോടെ ഇന്ത്യയിലെ പ്രമുഖ വ്യക്തികളും സിനിമാ നടന്മാരുമൊക്കെ രംഗത്തിറങ്ങി. മോദി ലക്ഷദ്വീപിലെത്തിയതോടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, വെങ്കടേഷ് പ്രസാദ് , സിനിമാതാരങ്ങളായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ ഏബ്രഹാം, കങ്കണാ രണാവത്ത് തുടങ്ങിയവര്‍ രംഗത്തെത്തി. ബോയ്‌കോട്ട് മാലിദ്വീപ് എന്ന പേരില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഹാഷ് ടാഗുകളിറങ്ങി. പലരും മാലിയിലേക്കുളള യാത്ര റദ്ദാക്കി.

ഇനിയെങ്കിലും മാലിദ്വീപിന് കാര്യങ്ങള്‍ മനസ്സിലാകുമെന്നാണ് തോന്നുന്നത്. ചൈനയെ അവര്‍ കൂടുതല്‍ ആശ്രയിച്ചോട്ടെ. നമ്മളോട് ചൊറിയാന്‍ വന്നാല്‍ അവര്‍ അനുഭവിക്കും. പക്ഷേ നമ്മുടെ ഇവിടത്തെ ചില ചൈനീസ് സുഹൃത്തുക്കള്‍ ഇതൊന്നും അറിയാത്ത ഭാവം നടിക്കുകയാണ്. അവരാണോ ഈ രാഹുല്‍ഗാന്ധി സറ്റൈല്‍ മാലിയിലെ മന്ത്രിമാര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടാവുക.

Related posts:

Leave a Reply

Your email address will not be published.