ഇത് പിണറായി പോലീസാ, സുരേഷ് ഗോപി കളിക്കരുത്
1 min readഇത് പിണറായിയുടെ പോലീസാണ്, സുരേഷ് ഗോപി കളിക്കരുതെന്ന് കണ്ണൂരിലെ പോലീസിന് കല്യാശ്ശേരി എംഎല്‍എ എം.വിജിന്റെ വിരട്ടല്‍. കേസെടുക്കാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതാണ് എം.എല്‍.എ യെ ചൊടിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി. ഇത് പിണറായി വിജയന്റെ പോലീസാണെന്നും സുരേഷ് ഗോപി സ്റ്റൈല്‍ കളിച്ച് കേരള സര്‍ക്കാരിനെ മോശമാക്കരുതെന്നും വാഗ്വാദത്തിനിടെ വിജിന് പറഞ്ഞു.
ഗവ. നഴ്സസ് അസോസിയേഷന് മാര്‍ച്ചിനിടെയായിരുന്നു സംഭവം. മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കളക്ടറേറ്റിന് മുന്നില്‍ പോലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധംനടന്നതോടെ പോലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. കല്യാശ്ശേരി എംഎല്‍എ എം.വിജിന് ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. കേസെടുക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എസ്.ഐ വനിതാ പോലീസുദ്യോഗസ്ഥയോട് പേര് വിവരങ്ങള്‍ എഴുതിയെടുക്കാന്‍ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയോടും പേര് ചോദിച്ചതോടെ എം.വിജിന് പ്രകോപിതനാകുകയായിരുന്നു.
‘സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്നോട് വന്ന് പേര് ചോദിക്കുന്നു, നിങ്ങളെല്ലാം എവിടുത്തെ പോലീസാണ്. കേരളത്തിലെ സര്‍ക്കാരിന് മോശം ഉണ്ടാക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയല്ലേ എന്നോട് വന്ന് പേര് ചോദിച്ചത്’, വിജിന് പറഞ്ഞു.