കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം തുടരുമെന്ന് ദേശാഭിമാനി

1 min read

 ഗവര്‍ണറെ വിമര്‍ശിച്ച് വാര്‍ത്തയെഴുതിയ ദേശാഭിമാനി വെട്ടിലായി. അടുത്ത സെപ്തംബറില്‍ കാലാവധി കഴിയുന്ന  ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ കാലാവധി നീട്ടിക്കിട്ടാന്‍ ജനുവരി മൂന്നിന് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നാണ് ദേശാഭിമാനി പത്രമെഴുതിയിരിക്കുന്നത്. അതായത് അടുത്ത മെയില്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ വരുമെന്ന് ദേശാഭിമാനിക്കുറപ്പാണെന്നര്‍ഥം. നേരത്തെ ഉപരാഷ്ടപതിയാകാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിച്ചിരുന്നുവെന്നും അത് ലഭിക്കാതായപ്പോഴാണ് ഗവര്‍ണര്‍ പദവിയില്‍ ഒരു തവണ കൂടി ഇരിക്കാന്‍ ശ്രമിക്കുന്നതെന്നും ദേശാഭിമാനി ഗവേഷണം നടത്തിക്കണ്ടുപിടിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വം ഖാനെ അനുകൂലിക്കുന്നുവെന്നും  പദവിയില്‍ തുടരാനാണ് ആര്‍.എസ്. എസ് മേധാവി മോഹന്‍ ഭാഗവതിനെ കണ്ടതെന്നും ദേശാഭിമാനി പറയുന്നു. എന്നാല്‍ ഇതിന്റെയൊക്കെ രത്‌നചുരുക്കം അടുത്ത തിരഞ്ഞെടുപ്പിലും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ദേശാഭിമാനിക്കുറപ്പുണ്ടെന്നാണ്. ഒരു ഭാഗത്ത് ബി.ജെ.പി യെ അധികാരത്തില്‍ പുറത്താക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടി  ഇന്ത്യാ മുന്നണിയുണ്ടാക്കി സി.പി.എം വിയര്‍പ്പൊഴുക്കുമ്പോഴാണ് ബി.ജെ.പി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് ദേശാഭിമാനി ഉറപ്പിച്ചു പറയുന്നത്. ഏതായാലും ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പാര്‍ട്ടി നേതൃത്വം ദേശാഭിമാനി പത്രാധിപരില്‍ നിന്ന് വിശദീകരണം ചോദിച്ചതായാണ് അറിവ്.

Related posts:

Leave a Reply

Your email address will not be published.