പാര്‍ലമെന്റിലെ പുകയാക്രമണം : വാക്പോരുമായി ഭരണ പ്രതിപക്ഷ എം.പി.മാര്‍
1 min readപാര്‍ലമെന്റിലെ പുകയാക്രമണത്തെച്ചൊല്ലി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരിനിടെ സംഭവത്തിന്റെ സൂത്രധാരനായ ലളിത്ഝാ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തപസ്റോയ്ക്കൊപ്പം, ലളിത്ഝാ എടുത്ത സെല്‍ഫി എക്സില്‍ പങ്കുവെച്ചിരിക്കുകയാണ,് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ഡോ.സുകാന്തോ മജുംദാര്‍. നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ആക്രമിച്ചതിലെ സൂത്രധാരനായ ലളിത്ഝായ്ക്ക് തൃണമൂലിന്റെ തപസ് റോയ്.യുമായി ദീര്‍ഘകാലത്തെ അടുപ്പമുണ്ട്. ഇതില്‍പ്പരം തെളിവെന്താണു വേണ്ടത്? എന്നാണ് മജുംദാറിന്റെ ചോദ്യം. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. ആഭ്യന്തര പരാജയങ്ങളാണ് പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയ്ക്കു കാരണമെന്ന് തൃണമൂലും ആരോപിക്കുന്നു. രണ്ടു പ്രതികള്‍ക്ക് ലോക്സഭയിലേക്ക് പാസ് നല്‍കിയത് മൈസൂരുവില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ്സിംഹയുടെ ഓഫീസാണ്.. സുരക്ഷാവീഴ്ചയുടെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം കനത്തതോടെ ലോക്സഭയിലെ 13 എംപിമാരെയും രാജ്യസഭയില്‍ നിന്ന് ഒരാളെയും സസ്പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള 6 എം.പിമാരും ഇക്കൂട്ടത്തിലുണ്ട്.