ഗവര്‍ണര്‍ക്കെതിരായ ആക്രമണം പൊലീസിന്റെ ആസൂത്രണം: കെ.സുരേന്ദ്രന്‍
1 min readതിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ക്കെതിരായ ആക്രമണം പൊലീസിന്റെ ആസൂത്രണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണറെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. ഗവര്‍ണര്‍ വരുന്ന വിവരങ്ങളും റൂട്ടും പൊലീസ് ഗുണ്ടകള്‍ക്ക് ചോര്‍ത്തി കൊടുത്തുവെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പൊലീസിന്റെ സഹായത്തോടെയാണ് എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ സംഘം ഗവര്‍ണറെ ആക്രമിക്കുന്നത്. പൈലറ്റ് വാഹനങ്ങള്‍ അക്രമികള്‍ക്ക് നിര്‍ത്തികൊടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഗവര്‍ണറെ ആക്രമിക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം.
സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാണ് പൊലീസ് ഈ പണി ചെയ്യുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന പൊലീസിന് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെങ്കില്‍ മുഖ്യമന്ത്രി അത് തുറന്ന് പറയണം. ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയാണ് സംസ്ഥാനത്തുള്ളത്. ഭരണതലവനായ ഗവര്‍ണര്‍ക്ക് സഞ്ചരിക്കാന്‍ വയ്യെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അടുത്ത് പോയ മാദ്ധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ സംഭവിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍ പോയി കേസ് അട്ടിമറിച്ച അതേ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും പിന്നില്‍. സംസ്ഥാന ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരെ നേരിടുന്നത് ഗുണ്ടകളാണ്. പ്രതിഷേധക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കും. എന്നാല്‍ ഗവര്‍ണറുടെ വാഹനത്തിന് നേരെ അടിക്കാനുള്ള സംവിധാനം അക്രമികള്‍ക്ക് ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ സ്വാഭാവിക പ്രതിഷേധമുണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.