റോബിന് ബസ് പിടിച്ചെടുത്തത് പിണറായിയുടെ ഓഫീസ് പറഞ്ഞിട്ട്
1 min readശബരിമലയിലേക്ക് പോകുന്ന തമിഴ് വാഹനങ്ങള്‍ക്കെതിരെ നടപടിയെന്ന് ഭീഷണി മുഴക്കി
മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള സദസ്സിനായി ലക്ഷ്വറി ബസില്‍ പോകാം. എന്നാല്‍ റോബിന് ബസ് ഓടാന്‍ പാടില്ല. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന് ബസ് തമിഴ് നാട് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ബന്ധത്താല്‍. പെര്‍മിറ്റ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്.ടി.ഒ ബസ് കസറ്റഡിയിലെടുത്തത്. വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് ആര്.ടി.ഒ ബസ് തടഞ്ഞത്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞതുകൊണ്ടാണ് വാഹനം പിടിച്ചെടുക്കുന്നതെന്നും തങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബസുടമ അറിയിച്ചു. കേരളത്തില്‍ ബസ് പിടിച്ചെടുക്കാന്‍ ഹൈക്കോടതി അനുവദിക്കുന്നില്ല. അതുകൊണ്ട് കേരള സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് ബസ് തമിഴ്നാട്ടില്‍ പിടിച്ചെടുത്തത്.
തന്റെ വാഹനം ഓടുന്നതുകൊണ്ട് കെ.എസ്. ആര്.ടി.സിക്ക് നഷ്ടമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് ശബരിമലയിലേക്ക് വരുന്ന വാഹനങ്ങളുടെ പേരില്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് തന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു. ഇതുപറയുന്നത് കേട്ടവരും ഉണ്ട്.
ബസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യാത്രക്കാരോട് ബസില്‍ നിന്നിറങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബസുടമയും യാത്രക്കാരും കൂട്ടാക്കിയില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളളവര്‍ യാത്രാക്കാരായുണ്ട്. ശനിയാഴ്ച്ച പത്തനംത്തിട്ടയില്‍ നിന്ന് സര്‍വീസ് നടത്തിയപ്പോള്‍ കേരളത്തില്‍ നാലിടത്ത് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഞായറാഴ്ച്ച വീണ്ടും പത്തനംത്തിട്ടയില്‍ നിന്ന് സര്‍വീസ് തുടങ്ങി തൊടുപുഴ കരിങ്കുന്നത്തെത്തിയപ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിഴയിട്ടു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് പത്ത് മിനിട്ടിന് ശേഷം ബസ് വിട്ടയച്ചത്. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് പ്രകാരമാണ് റോബിന് ബസ് ഓടുന്നത്. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടിയില്‍ നിന്ന് പുറപ്പെടും. വൈകിട്ട് അഞ്ചിന് കോയമ്പത്തൂരില്‍ നിന്ന് മടക്കയാത്രയും. അതേ സമയം ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് നിയമവിരുദ്ധമാണെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.