പൊലീസുകാർ തമ്മിലുള്ള പോരാട്ടം
1 min readവേല : പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലർമൂവി
വ്യത്യസ്തമായൊരു പൊലീസ് സ്റ്റോറിയാണ് വേല. പാലക്കാടുള്ള പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസവും രാത്രിയും നടക്കുന്ന സംഭവങ്ങളാണ് കഥയ്ക്ക് ആധാരം. അതിനൊപ്പം പാലക്കാടിന്റെ പ്രധാന ഉത്സവമായ വേലയും നടക്കുന്നു. പൊലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ട് നവാഗത സംവിധായകനായ ശ്യാം ശശി.
പൊലീസും ക്രിമിനലുകളും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയല്ല വേല പറയുന്നത്. ഇവിടെ നായകനും വില്ലനും പൊലീസുകാർ തന്നെയാണ്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം എന്നു തന്നെ പറയാം.
അച്ഛൻ സർവീസിലിരുന്ന് മരിച്ചതുകൊണ്ട് കാക്കിയണിയേണ്ടി വന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ഉല്ലാസ് അഗസ്റ്റിൻ. ഷെയ്ൻ നിഗമാണ് ഉല്ലാസിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. പൊലീസ് കൺട്രോൾ റൂമിലേക്കു വന്ന ഒരു ഫോൺകോൾ അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയാണ്.. എസ്.ഐ മല്ലാകാർജുൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വില്ലനായി കടന്നുവരുന്നു. സ്വന്തം താത്പര്യത്തിനായി എന്തും ചെയ്യാൻ മടിയില്ലാത്ത എസ്.ഐ. രാഷ്ട്രീയക്കാരുടെ എാറാൻമൂളി. ഈ വില്ലൻ കഥാപാത്രം സണ്ണി വയെ്നിന്റെ കയ്യിൽ ഭദ്രമാണെന്ന് ചിത്രം കണ്ടിറങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നു. എസ്.ഐ.അശോക് കുമാറായി സിദ്ധർത്ഥ് ഭരതനും വേഷമിടുന്നു. സിദ്ധാർത്ഥിന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമാണ് എസ്.ഐ.അശോക് കുമാർ. അതിഥി ബാലനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പ്രമേയത്തിൽ മാത്രമല്ല, മേക്കിങ്ങിലും വ്യത്യസ്തത പുലർത്താൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ഓരോ ഫോൺവിളിയും ദുരൂഹത നിലനിർത്തുകയും ആകാംക്ഷ പ്രേക്ഷകനിൽ ജനിപ്പിക്കുകയും ചെയ്യുന്നു. പാലക്കാടൻ ഉത്സവത്തെ മനോഹരമായി തന്നെ കഥയുമായി ബന്ധിപ്പിക്കുന്നു അദ്ദേഹം. ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്താൻ സാം സി.എസിന്റെ സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. ത്രില്ലർ മൂവിയാണെങ്കിൽ പോലും പ്രണയവും കുടുംബ ബന്ധങ്ങളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചില താരങ്ങളുടെ ശബ്ദസാന്നിധ്യവും വേലയെ ശ്രദ്ധേയമാക്കുന്നു.