വിഴിഞ്ഞത്ത് ക്രെയിനിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കേണ്ടി വരുന്നത് ഗതികേട്; പദ്ധതി നീളുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കട്ടെ : വി.മുരളീധരന്‍

1 min read

തിരുവനന്തപുരം: വിഴിഞ്ഞത് പിണറായി വിജയനും കൂട്ടരും ക്രെയിനിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കേണ്ടി വന്ന അവസ്ഥ സഹതാപകരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അസാധ്യമായത് സാധ്യമാക്കി എന്നെല്ലാം വീമ്പ് പറയുന്നവര്‍ നാലുവര്‍ഷം മുന്‍പ് നടക്കേണ്ട ഒരു ചടങ്ങാണ് ഇന്നലെ നടന്നത് എന്ന് ഓര്‍മിക്കണം. മൂന്നാംഘട്ടം ഈവര്‍ഷം പൂര്‍ത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാന്‍ അസാധ്യതൊലിക്കട്ടി വേണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കടല്‍ക്കൊള്ള എന്ന് ആരോപണമുയര്‍ത്തിയവര്‍ ഇന്ന് അദാനിയെ വാഴ്ത്തുകയാണ്. നാട് മുഴുവന്‍ അദാനിയുടെ പണമുപയോഗിച്ച് ഫ്‌ലക്‌സ് വച്ചാണ് ആഘോഷം. അദാനി കേരളത്തില്‍ പണമിറക്കിയാല്‍ നല്ല അദാനി അല്ലെങ്കില്‍ ഫാസിസ്റ്റ് ഭീകരന്‍ എന്നതാണ് സിപിഎം നയം. ഒന്നെങ്കില്‍ ആര് വികസനം കൊണ്ടുവന്നാലും അതിനെ തുറന്നമനസോടെ സ്വീകരിക്കാനാകണം. അല്ലെങ്കില്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളെ കബളിപ്പിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിക്കണം. നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ട് വേഗം വച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. നാലുപതിറ്റാണ്ടായി ചര്‍ച്ച തുടങ്ങിയതല്ലാതെ വിഴിഞ്ഞത്ത് ഒന്നും സംഭവിച്ചില്ല. 2005 മുതല്‍ 2015 വരെ കേന്ദ്രവും കേരളവും ഭരിച്ചത് ഇടതുവലതുമുന്നണികളാണ്. അന്ന് തമിഴ്‌നാടിന് വേണ്ടി ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയ ചരടുവലികള്‍ പദ്ധതിക്ക് കുരുക്കായി. ജനങ്ങളുടെ ഓര്‍മയെ പരീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് ചിലസമുദായത്തിന്റെ പേര് മാത്രം പറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസും മുതലെടുപ്പ് നടത്തി. സ്ഥലം എംഎല്‍എപോലും സെലക്ടീവായി ആണ് പെരുമാറിയത്. തുറമുഖമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് സാമാന്യ മര്യാദയുടെ പേരിലാണ് പരിപാടിയില്‍ പങ്കെടുത്തത്. പദ്ധതി വേഗത്തിലാക്കാന്‍ ഇനിയെങ്കിലും ശ്രമമുണ്ടാകണം. കൊവിഡും പ്രളയവും പറയുന്നവര്‍, കൊവിഡ് കാലത്ത് ഉയര്‍ന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നോക്കണം. പ്രളയം കാരണമായി പറയുന്നവര്‍ ആദ്യം വെള്ളക്കെട്ടിന് സമാധാനമുണ്ടാക്കട്ടെ എന്നും വി.മുരളീധരന്‍ പരിഹസിച്ചു.

Related posts:

Leave a Reply

Your email address will not be published.