റഹ്മാന്റെ പാട്ട് മോശമെന്ന് സോനുനിഗം
1 min readഎ.ആർ.റഹ്മാന് കുറെക്കൂടി നല്ല പാട്ടുണ്ടാക്കാമായിരുന്നുവെന്ന് സോനുനിഗം
ബ്ലൂ എന്ന ചിത്രത്തിൽ എ.ആർ.റഹ്മാൻ സംഗീതം നൽകിയ ചിഗ്ഗി വിഗ്ഗി എന്ന പാട്ടിനെതിരെ വിമർശനവുമായി ഗായകൻ സോനു നിഗം. എ.ആർ.റഹ്മാനെപ്പോലൊരാൾക്ക് ഇത്രയും മോശപ്പെട്ട ഒരു പാട്ടുണ്ടാക്കാൻ സാധിച്ചത് എങ്ങനെയെന്നോർത്ത് അത്ഭുതം തോന്നുന്നു എന്നാണ് സോനു നിഗം പറയുന്നത്. അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ലാറ ദത്ത് എന്നീ മുൻനിര താരങ്ങൾ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ബ്ലൂ. 2009ലാണ് ചിത്രം പുറത്തിറങ്ങിയത്. 6 പാട്ടുകളാണ് ബ്ലൂ എന്ന ചിത്രത്തിൽ ആകെയുള്ളത്. ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.
”എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പാട്ടാണ് ചിഗ്ഗി വിഗ്ഗി. ഇത്രയും മോശമായ പാട്ട് ഉണ്ടാക്കാൻ എ.ആർ.റഹ്മാന് സാധിച്ചതെങ്ങനെയെന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. ഈ പാട്ട് പാടാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ പാട്ട് കുറേക്കൂടി നന്നാക്കാമായിരുന്നു.” സോനു നിഗം പറയുന്നു.
സോനു നിഗവും ഓസ്ട്രേലിയൻ ഗായിക കൈലി മിനോഗും ചേർന്നാണ് പാട്ട് പാടിയത്. കൈലിയുടെ ശബ്ദത്തെ റഹ്മാൻ വേണ്ടരീതിയിൽ വിനിയോഗിച്ചില്ല. അവരുടെ നിലവാരത്തിനനുസരിച്ച് കുറേക്കൂടി നല്ല പാട്ട് ഉണ്ടാക്കാമായിരുന്നു. സോനുനിഗം കുറ്റപ്പെടുത്തുന്നതിങ്ങനെയാണ്. ചിഗ്ഗി വിഗ്ഗി വേദികളിൽ പാടുമ്പോഴൊക്കെ വീണ്ടും വീണ്ടും നന്നാക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ചഗ്ഗി വിഗ്ഗി എന്ന ഒറ്റപ്പാട്ടിലൂടെ ഇന്ത്യൻ സംഗീതാരാധകരുടെ ഇഷ്ടഗായികയായി മാറിയിരുന്നു കൈലി മിനോഗ്.
സോനുവിന്റെ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.