സിദ്ദീഖും ലാലും വേർപിരിഞ്ഞത് എന്തുകൊണ്ട്?
1 min readകാരണം വ്യക്തമാക്കി സിദ്ദീഖ്
തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത വിജയ ഫോർമുലയായിരുന്നു സിദ്ദീഖ്-ലാൽ കൂട്ടുകെട്ട്. 86 മുതൽ 95 വരെ നീണ്ട ബന്ധം. ഫാസിലിന്റെ സഹസംവിധായകരായാണ് രണ്ടുപേരും സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് റാംജിറാവ് സ്പീക്കിങിലൂടെ സംവിധായകരുടെ കുപ്പായമണിഞ്ഞു. അവിടെ തുടങ്ങുന്നു ആ ഇഴയടുപ്പം. തുടർന്ന് ഇൻഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകൾ ഒരുമിച്ചു ചെയ്തു. സൂപ്പർഹിറ്റുകളല്ലാതെ മറ്റൊന്നും ഈ ഇരട്ടകളിൽ നിന്ന് പിറവി കൊണ്ടില്ല.
സംവിധാനം മാത്രമല്ല, മറ്റ് സംവിധായകർക്കുവേണ്ടി ഒരുമിച്ച് തിരക്കഥയും തയ്യാറാക്കിയിട്ടുണ്ട് സിദ്ദീഖ്ലാൽ. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ്, മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ്, അയാൾ കഥയെഴുതുകയാണ് എന്നിവയുടെയെല്ലാം തിരക്കഥ ഈ ചങ്ങാതിമാരുടെതാണ്. കാബൂളിവാലയ്ക്കുശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഹിറ്റ്ലർ സംവിധാനം ചെയ്തത് സിദ്ദീഖ് തനിച്ചാണ്. പക്ഷേ അപ്പോഴും നിർമ്മാതായി ലാൽ കൂടെയുണ്ടായിരുന്നു.
ഞങ്ങൾ പരസ്പരം തെറ്റിപ്പിരിഞ്ഞതല്ല, വാക്കുതർക്കവും ഉണ്ടായിട്ടില്ല എന്ന് സിദ്ദീഖ് തന്നെ വെളിപ്പെടുത്തിയിരുന്നു. വളർച്ചയുടെ മാക്സിമത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നെ പ്രശ്നങ്ങളായിരിക്കും. ഞങ്ങൾ, നമ്മൾ എന്നു പറയുന്നത് ഞാൻ, നീ എന്നിങ്ങനെ ആയാൽ പ്രശ്നങ്ങൾ വരും. അത്തരം അവസ്ഥയിലേക്ക് എത്തുമെന്ന് തോന്നിയപ്പോഴാണ് പിരിയാം എന്ന് തീരുമാനിച്ചത്.
രണ്ടുപേരും വ്യത്യസ്തമായ സിനിമകൾ ചെയ്യാം എന്നായിരുന്നു തീരുമാനം. ലാൽ സംവിധാനം ചെയ്യൂ, സ്ക്രിപ്റ്റ് ഞാൻ തരാം എന്ന് സിദ്ദീഖ് പറഞ്ഞു. ഞാൻ ഇനി സംവിധാനം ചെയ്യുന്നില്ല, അഭിനയത്തിൽ ശ്രദ്ധിക്കാം, പ്രൊഡക്ഷനും നോക്കാം എന്നായിരുന്നു ലാലിന്റെ മറുപടി.
രണ്ടുപേരും രണ്ടു വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. നടനായി ലാൽ വളർന്നു. സിദ്ദീഖ് സംവിധാനത്തിൽ തുടർന്നു. ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ ഹിറ്റുകൾ വീണ്ടും മലയാളിക്കായി സമ്മാനിച്ചു സിദ്ദീഖ്.
ഹിറ്റ്ലറോടെ വേർപിരിഞ്ഞ ചങ്ങാതിമാർ 16 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ചു. കിങ്ലയർ എന്ന ദിലീപ് ചിത്രത്തിനു വേണ്ടി. ലാൽ സംവിധായകൻ. തിരക്കഥ സിദ്ദീഖും ലാലും ചേർന്നെഴുതി. വീണ്ടുമൊരു ഹിറ്റ്.
ഹിറ്റുകളില്ലാത്ത ലോകത്തേക്ക് സിദ്ദീഖ് യാത്രയായപ്പോൾ ദുഃഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടുകയാണ് ലാൽ. വിട പറഞ്ഞത് തന്റെ പാതിയാണ്. ഇനിയില്ല ഈ കൂട്ടുകെട്ട്.