ആര് പറഞ്ഞു സക്കീർ വിശ്വാസിയല്ലെന്ന്: വക്കാലത്തുമായി കെ.ടി.ജലീൽ

1 min read

വഖഫ് ബോർഡ് ചെയർമാൻ വിവാദത്തിൽ നദ്‌വിക്ക് മറുപടിയുമായി കെ.ടി.ജലീൽ

ടി.കെ.ഹംസ രാജിവച്ചതിനെ തുടർന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി മുൻ പി.എസ്.സി ചെയർമാൻ കെ.വി.സക്കീറിനെ തിരഞ്ഞെടുക്കുന്നതിനെതിരെ മുസ്ലിം മത നേതാക്കൾ രംഗത്തുവന്നിരുന്നു. ഇവർക്ക് മറുപടിയുമായാണ് മുൻ മന്ത്രി കെ.ടി.ജലീൽ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നിലവിലുള്ള വഖഫ് ബോര്ഡ് ചെയർമാൻ ടി.കെ ഹംസ രാജിവച്ചതെന്ന് മുസ്ലിംലീഗ് ആരോപിച്ചിരുന്നു. മുൻ പി.എസ്.സി ചെയർമാൻ കെ.വി.സക്കീറിനെ ഈ പദവിയിലേക്ക് കൊണ്ടുവന്നതോടെ ഇദ്ദേഹം ഇസ്ലാം മത വിശ്വാസിയല്ലെന്നായിരുന്നു ചില മുസ്ലിം പണ്ഡിതരുടെ ആരോപണം. അവരിൽ പ്രമുഖനാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴസ്‌ററി വൈസ് ചാൻ്‌സലർ
ഡോ: ബഹാവുദ്ദീൻ നദ്‌വി

സക്കീർ ഇസ്ലാം മത വിശ്വാസിയാണെന്ന് നദവ്ിയെ ബോദ്ധ്യപ്പെടുത്തുകയാണ് കെ.ടി.ജലീൽ ചെയ്യുന്നത്. മതപഠനവുമായോ ജീവിതവുമായോ ബന്ധമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് സക്കീറെന്നാണ് മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രിക ആരോപിച്ചത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പി.എസ്.സിയുടെ വിശ്വാസ്യത സി.പി.എമ്മിനായി തീറെഴുതിയ ആളാണ് സക്കീറെന്നാണ് മറ്റൊരാരോപണം. അതോടൊപ്പം സക്കീർ തന്റെ ഭാര്യ ലിസിക്ക് ആനുകൂല്യം തരപ്പെടുത്തിയെന്നും അത് കയ്യോടെ പിടികൂടപ്പെട്ടുവെന്നും ചന്ദ്രിക ആരോപിക്കുന്നു.

ഫെയ്‌സ് ബുക്കിലേക്ക്

പ്രിയപ്പെട്ട ഡോ: ബഹാവുദ്ദീൻ നദ് വി സാഹിബ്,
വസ്സലാം. പുതിയ വഖഫ് ബോർഡ് ചെയർമാനെ കുറിച്ചുള്ള താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. വായിച്ചു. എനിക്ക് വല്ലാത്ത അൽഭുതമാണ് തോന്നിയത്. ഒപ്പം അമർഷവും.
അഡ്വ: മുഹമ്മദ് സക്കീറിനെ കുറിച്ച് താങ്കൾ രേഖപ്പെടുത്തിയ അഭിപ്രായം തീർത്തും തെറ്റാണ്. അദ്ദേഹം ഒരു മതനിഷേധിയോ ഇസ്ലാമിക ആരാധനാമുറകൾ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ല. ഏതെങ്കിലും സൈബർ ഗുണ്ടകൾ പോസ്റ്റ് ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങയെപ്പോലെ മുതിർന്ന ഒരാൾ വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് എന്തുമാത്രം പ്രയാസമുളവാക്കുന്നതാണ്. PSCയുടെ മുൻ ചെയർമാനാണ് വഖഫ് ബോർഡിന്റെ പുതിയ അമരക്കാരനായ സക്കീർ. പൊന്നാനിക്കടുത്ത മാറഞ്ചേരിയിലെ പ്രസിദ്ധമായ മുസ്ലിം തറവാട്ടിലെ അംഗം. നല്ല നിയമ പരിജ്ഞാനമുള്ളയാൾ. പെരുമാറ്റത്തിൽ സൗമ്യൻ. ഏതൊരു ‘അമാനത്തും’ വിശ്വസിച്ച് ഏൽപ്പിക്കാൻ എല്ലാ അർത്ഥത്തിലും യോഗ്യൻ.
അഡ്വ.സക്കീർ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞത്? അദ്ദേഹം ദൈവനിഷേധത്തിലൂന്നിയ വല്ല പ്രസ്താവനയും നടത്തിയത് താങ്കൾക്ക് ചൂണ്ടിക്കാണിക്കാനാകുമോ? ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ നിന്ദിച്ചും മുസ്ലിങ്ങൾ ഉൾപ്പടെ ഏതെങ്കിലും മതസമുദായങ്ങളെ തള്ളിപ്പറഞ്ഞും എപ്പോഴെങ്കിലും ഒരു പ്രതികരണം അദ്ദേഹം നടത്തിയത് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് വെളിപ്പെടുത്തിയാൽ നന്നാകും. യഥാർത്ഥ വസ്തുത അറിയുന്നത് കൊണ്ടാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോ ലീഗിന്റെ മറ്റു നേതാക്കളോ വഖഫ് ബോർഡ് ചെയർമാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിലകുറഞ്ഞ പ്രതികരണങ്ങൾക്ക് മുതിരാത്തത്.
അങ്ങയെപ്പോലെ ഒരു പണ്ഡിതൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഉചിതമാണോ എന്ന് ശാന്തമായി ആലോചിക്കുക.
നദ്‌വി സാഹബ്, ഒരുകാര്യം താങ്കൾക്ക് ഉറപ്പിക്കാം. വഖഫ് ബോർഡിന് കാര്യപ്രാപ്തനും കർമ്മകുശലനും നിഷ്പക്ഷനും സത്യസന്ധനുമായ ഒരു ചെയർമാനെയാണ് കിട്ടിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളിൽ ഭൂരിപക്ഷവും കൈവശമുള്ള സുന്നി വിഭാഗങ്ങളോട് അദ്ദേഹം ഒരിക്കലും അനീതി കാണിക്കില്ല. അർഹമായത് ഒരാൾക്കും നിഷേധിക്കില്ല. ജീവിതത്തിൽ ഇന്നുവരെ ഒരു സാമ്പത്തിക തട്ടിപ്പോ ക്രമക്കേടോ നടത്താത്ത നല്ല റെപ്യൂട്ടേഷൻ ഉള്ള വ്യക്തിയെയാണ് രണ്ടാം പിണറായി സർക്കാർ വഖഫ് സ്വത്തുക്കളുടെ കാവൽക്കാരനാക്കിയിരിക്കുന്നത്. അതിൽ അങ്ങേക്ക് ഒരു സന്ദേഹവും വേണ്ട. താങ്കളുടെ സംശയങ്ങൾ വരും ദിനങ്ങളിൽ ദൂരീകരിക്കപ്പെടും, ഉറപ്പാണ്.
സക്കീറിന്റെ ഭാര്യ ലിസ്സി മുഹമ്മദ് കുട്ടിയാണ്. സക്കീറിന്റെ ഭാര്യയുടെ അനുജത്തിയെ കല്യാണം കഴിച്ചിരിക്കുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും പ്രമുഖ KMCC ക്കാരനുമായ ചങ്ങരംകുളം സ്വദേശി നസീറാണ്. മുന്നാമത്തെ അനിയത്തിയെ വിവാഹം ചെയ്തത് ദീർഘകാലം കുറ്റിപ്പുറം മണ്ഡലം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടായി പ്രവർത്തിച്ച ടി ആലിക്കുട്ടിഹാജിയുടെ ചെറുമകൻ കബീറാണ്. സക്കീറിന്റെ ഭാര്യയെ കുറിച്ച് പോലും എന്തൊക്കെ അവാസ്തവങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്? എത്രമാത്രം വേദനാജനകമാണതെന്ന് പ്രത്യേകം പറയണോ? അങ്ങയുടെ പോസ്റ്റിനടിയിലും അങ്ങനെ ഒരു കമന്റ് കണ്ടു. അതിപ്പോൾ കാണുന്നില്ല. അതുകൊണ്ടാണ് ഇക്കാര്യം സൂചിപ്പിക്കേണ്ടി വന്നത്.
അങ്ങ് തെറ്റിദ്ധാരണ തിരുത്തി ക്ഷമാപണം നടത്തും എന്ന പ്രതീക്ഷയോടെ,
നൻമകൾ നേർന്ന് കൊണ്ട്
സ്‌നേഹപൂർവ്വം
ഡോ:കെ.ടി.ജലീൽ

Related posts:

Leave a Reply

Your email address will not be published.