അരങ്ങൊഴിഞ്ഞ് ചിരിയുടെ ഗോഡ്ഫാദർ
1 min read
സിദ്ദീഖ് – സൂപ്പർഹിറ്റുകളുടെ പാൻ ഇന്ത്യൻ സംവിധായകൻ
മലയാള സിനിമയിൽ വലിയ പൊട്ടിച്ചിരികൾ സമ്മാനിച്ച സംവിധായകൻ സിദ്ദീഖ് ഓർമ്മയാകുന്നു. ആരായിരുന്നു സിദ്ദീഖ്? അഥവാ എന്തായിരുന്നു സിദ്ദീഖ്? മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം…… തൊട്ടതെല്ലാം പൊന്നാക്കിയ മായാജാലക്കാരൻ………. സൂപ്പർഹിറ്റുകളുടെ രാജകുമാരൻ…… ജീവിതം തൊട്ടറിഞ്ഞ തിരക്കഥാകൃത്ത്…. മലയാളത്തിലെ ജനപ്രിയ സംവിധായകൻ………തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച ഹിറ്റ്മേക്കർ.
കലാഭവനിൽ നിന്നാർജ്ജിച്ച രസക്കൂട്ടുമായാണ് സിദ്ദീഖ് സിനിമയിലെത്തുന്നത്. …. കൂട്ടിന് ലാലും… തമാശയുടെ പുത്തൻ ഫോർമുല തീർത്തു സിദ്ദീഖ്-ലാൽ കൂട്ടുകെട്ട്…. കാലത്തെയും അതിജീവിച്ച കഥാപാത്രങ്ങൾ…. മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഇന്നും നമുക്കിടയിലുണ്ട്. … അഞ്ഞൂറാനെയും ആനപ്പാറ അച്ചാമ്മയെയും നമുക്കെങ്ങനെ മറക്കാൻ കഴിയും…. ”തോമസുകുട്ടീ വിട്ടോടാ” എന്ന ഡയലോഗ് ഇപ്പോഴും കൗണ്ടറുകളായി ഓടുന്നില്ലേ…. കൃഷ്ണമൂത്രി നമ്മെ വിട്ടുപോയിട്ടില്ല ഇതുവരെയും. കന്നാസും കടലാസും മലയാളക്കരയെ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല.
റാംജിറാവ് സ്പീക്കിങിൽ സിദ്ദീഖ്-ലാൽ തുടങ്ങിവെച്ച പൊട്ടിച്ചിരി ഇൻ ഹരിഹർ നഗറിലൂടെ പടർന്നു കയറി… മലയാളത്തിന്റെ സർവ്വകാല റെക്കോർഡുകളും തകർത്തോടി ഗോഡ്ഫാദർ…. പ്രേക്ഷകരെ ഇളക്കി മറിച്ചു വിയറ്റ്നാം കോളനി….. ചിരിയുടെ മാലപ്പടക്കം തീർത്ത കാബൂളിവാലയായിരുന്നു ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം….
ലാലുമായി വേർപിരിഞ്ഞ സിദ്ദീഖിന്റെ ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത് ഹിറ്റ്ലറിലൂടെയായിരുന്നു…. തനിച്ചാണെങ്കിലും താനൊരു ഹിറ്റ്മേക്കർ തന്നെയെന്ന് തെളിയിച്ചു സിദ്ദീഖ്….. നർമ്മത്തിനും കൗണ്ടറുകൾക്കും യാതൊരു കുറവും ഉണ്ടായില്ല….സഹോദരിയുടെ സംരക്ഷകനായ മാധവൻകുട്ടി, മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിത്തീർന്നു. സഹോദരിമാരോടുള്ള കരുതൽ പലപ്പോഴും ചിരിക്കു വക നൽകുന്നതായിരുന്നു.. ജഗദീഷിന്റെയും മുകേഷിന്റെയും കഥാപാത്രങ്ങൾ അതിനു മാറ്റുകൂട്ടി…
സൗഹൃദത്തിന്റെ കഥ പറഞ്ഞ ഫ്രണ്ട്സ്, തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്തു…. ഫാമിലി ഹിറ്റിൽ ഇടം പിടിച്ച ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ…. ദിലീപിന്റെ വ്യത്യസ്തമാർന്ന പ്രകടനത്തിന് സാക്ഷ്യം വഹിച്ചു ബോഡിഗാർഡ്….
സിദ്ദീഖ്-ലാൽ സിനിമകളുടെ മുഖമുദ്രയായിരുന്നു ഹാസ്യമെങ്കിലും അവ വെറും ചിരിപ്പടങ്ങളായിരുന്നില്ല…. ജീവിതഗന്ധിയായ കഥകളാണ് അവർ കൈകാര്യം ചെയ്തത്. അതിനു മേമ്പൊടിയായി ഹാസ്യം ചേർക്കുന്നു എന്നു മാത്രം… തൊഴിൽരഹിതരായ രണ്ടു ചെറുപ്പക്കാരുടെ ആത്മസംഘർഷങ്ങളാണ് റാംജിറാവ് സ്പീക്കിങ്. അതിനിടയിലും മറ്റുള്ളവരുടെ കണ്ണീരു കാണാനും കണ്ണീരൊപ്പാനും അവർ തയ്യാറാകുന്നു….. മകനെ കാത്തിരിക്കുന്ന അമ്മയുടെ പ്രതീക്ഷയാണ് ഇൻ ഹരിഹർ നഗറിൽ. അവനൊരിക്കലും വരില്ലെന്ന് അമ്മ അറിയുന്നേയില്ല…. എാതു നിമിഷവും കുടിയിറക്കപ്പെട്ടേക്കാവുന്ന കുറേ മനുഷ്യരുടെ നിസ്സഹായത വിളിച്ചോതുന്നു വിയറ്റ്നാം കോളനി..ഗുണ്ടകളില്ലാത്ത, ഭയപ്പാടില്ലാത്ത, സ്വസ്ഥമായ ഒരു ലോകവും അവർ സ്വപ്നം കാണുന്നു…. രണ്ടു കുടുംബങ്ങളുടെ ആജന്മവൈരവും അതിനിടയിലും തഴച്ചു വളരുന്ന പ്രണയവും വരച്ചു കാട്ടുന്നു ഗോഡ്ഫാദർ… മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കഥ മാത്രമല്ല കാബൂളിവാല.. അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ കൂടിയാണത്. കന്നാസും കടലാസും അത്തരമൊരു സമൂഹത്തിന്റെ പ്രതിനിധികളാണ്. ….
മുകേഷ്, സായ്കുമാർ, സിദ്ദീഖ്, അശോകൻ, ബിജുമേനോൻ, ജഗദീഷ്, എൻ.എൻ.പിള്ള, ഇന്നസെന്റ്, ഫിലോമിന, കനക, റിസബാവ തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറിലെ വഴിത്തിരിവായി മാറി സിദ്ദീഖ്-ലാൽ കഥാപാത്രങ്ങൾ. സായ്കുമാറിലെ നടനെ കണ്ടെത്തിയതും റിസബാവയ്ക്ക് വലിയൊരു ബ്രേക്ക് നൽകിയതും ഈ കൂട്ടുകെട്ടായിരുന്നു..
സിദ്ദീഖിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമാകുന്നത് ചിരിയുടെ സൗമ്യസാന്നിദ്ധ്യമാണ്… നർമ്മത്തിന്റെ ഗോഡ്ഫാദറിനെയാണ്….