വയനാട്ടില്‍ രാഹുലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ നിറുത്തുമോ?
1 min readരാഹുലിനെതിരെ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ നിറുത്തിയാല്‍ പിന്നെ എന്ത് ഇന്‍ഡ്യാ മുന്നണി
അതേ, രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇനി സൂറത്ത് ജില്ലാ സെഷന്‍സ് കോടതി അപ്പീല്‍ പരിഗണിക്കും. അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് ഗുജറാത്ത് ഹൈക്കോടതി മതിയായ കാരണം പറഞ്ഞില്ലെന്നാണ് സുപ്രീംകോടതി പറയുന്നത്. എന്തായാലും രാഹുല്‍ഗാന്ധിയുടെ ലോകസഭാംഗത്വം തിരിച്ചുകിട്ടും. എന്നുവച്ചാല്‍ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് മത്സരിക്കാമെന്നര്‍ത്ഥം.
രാഹുല്‍ എവിടയെയായിരിക്കും മത്സരിക്കുക. തീര്‍ച്ചയായും സിറ്റിംഗ് സീറ്റായ വയനാട്ടില്‍ തന്നെ. അതില്‍ ഒരു സംശയവുമില്ല. നേരത്തെ രാഹുലിന് മത്സരിക്കാന്‍ കഴിയാതിരുന്നാല്‍ വയനാട്ടില്‍ ആര് മത്സരിക്കും തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിലെ സംശയം തീര്‍ന്നു. രാഹുല്‍ തന്നെ വയനാട്ടില്‍ മത്സരിക്കും.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 4.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. എതിരാളി എല്‍.ഡി.എഫിലെ പി.പി.സൂനീര്‍.
രാഹുലിന് ഏഴ് ലക്ഷം വോട്ട് ലഭിച്ചപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ 7,05,034 വോട്ട് ലഭിച്ചപ്പോള്‍ പി.പി. സുനീറിന് ലഭിച്ചത് 2,73,971 വോട്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് കിട്ടിയ വോട്ട് 78,000 മാത്രം. ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നു അവരുടെ സ്ഥാനാര്‍ഥി.
കേരളത്തിലെ എല്‍.ഡി.എഫ് ധാരണയനുസരിച്ച് സി.പി.ഐ മത്സരിക്കുന്ന സീറ്റാണ് വയനാട്. ജയിക്കുന്നത് യു.ഡി.എഫ്ും 2009ലും 2014ലും കോണ്‍ഗ്രസിലെ എം.ഐ.ഷാനവാസ് ആണ് വയനാട്ടില്‍ ജയിച്ചത്.
ഇത് കേരളത്തിലെ കാര്യം. ദേശീയ തലത്തിലാണെങ്കില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവാരാവണമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമുണ്ടായിരുന്നില്ല. നീതീഷ് കുമാര്‍, അരവിന്ദ് കേജരിവാള്‍, മമതാ ബാനര്‍ജി എന്നിവരൊക്കെ പ്രധാനമന്ത്രിയാവാന്‍ തയ്യാറാണ്. ഇടയ്ക്ക് രാഹുലിന്‍ മത്സരിക്കാന്‍ കഴിയില്ല എന്ന ഘട്ടം വന്നപ്പോള്‍ ഇവര്‍ക്ക് ആവേശമായിരുന്നു. പക്ഷേ രാഹുല്‍ തന്നെയായിരിക്കുമോ എന്ന നേതാവ് എന്ന കാര്യത്തില്‍ ദേശീയ പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനമായിട്ടില്ല. കോടതി വിധിക്ക് ശേഷം ഇക്കാര്യം ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത് പ്രതിപക്ഷ സഖ്യത്തിന്റെ 11 അംഗ കാ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇക്കാര്യം തീരുമാനിക്കുമെന്നാണ്.
അതെന്തായാലും അവര്‍ തീരുമാനിക്കട്ടെ. ഏതായാലും രണ്ടു കാര്യം ഉറപ്പാണ്. രാഹുല്‍ ഗാന്ധി അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അത്് സിറ്റിംഗ് സീറ്റായ വയനാട്ടിലായിരിക്കും.
ദേശീയ തലത്തിലെ രാഷട്രീയ സ്ഥിതി എന്താണ്. ദേശീയ തലത്തില്‍ പ്രതിപക്ഷങ്ങളുടെ പുതിയ സഖ്യം രൂപപ്പെട്ടുകഴിഞ്ഞു. ആദ്യം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു അത് തുടങ്ങിയത്. പിന്നെ പറ്റ്‌നയില്‍ നിതീഷ് ക്ുമാര്‍ വിളിച്ചുകൂട്ടിയ പ്രതിപക്ഷ നേതൃ യോഗം. ഇതില്‍ നേരത്തെ യു.പി.എയിലില്ലായിരുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷത്തെ സി.പി.എം, സി.പി.ഐ എന്നിവയുടെ നേതാക്കളൊക്കെ വന്നു. പൊതുസ്ഥാനാര്‍ഥിയെ നിറുത്താന്‍ തീരുമാനിച്ചു.
കോണ്‍ഗ്രസ് മുന്നണിയായ യു.പി.എയ്ക്ക് പുറത്തുള്ള നിരവധി പാര്‍ട്ടികള്‍ പുതിയ സഖ്യത്തിലേക്ക് വന്നു. ബംഗളൂരുവില്‍ അവര്‍ വീണ്ടും യോഗം കൂടി. പുതിയ മുന്നണിക്ക് പേരും ഇട്ടു. എന്താ പേര്. ഇന്ത്യാ മുന്നണി.
അതിന് കണ്‍വീനറെ പ്രഖ്യാപിച്ചില്ല. നിതീഷ് കുമാര്‍ കണ്‍വീനറാകും എന്നു കരുതിയിരുന്നതാണ്. പക്ഷേ അത് നടന്നില്ല. അതില്‍ നിതീഷ് അതൃപ്തനാണെന്നത് വേറെ കാര്യം.
അപ്പോള്‍ ഇന്ത്യാ മുന്നണിയുടെ ലക്ഷ്യം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക. അതിനായി പൊതുസ്ഥാനാര്‍ഥിയെ നിറുത്തുക. ഇനി രാഹുല്‍ ഗാന്ധി പുതിയ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും വയ്ക്കാം. അദ്ദേഹം കേരളത്തില്‍ മത്സരിക്കുക പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാണ. ഈ സഖ്യത്തില്‍ സി.പിഎമമും സി.പി.ഐയുമുണ്ട്. സീതാറാം യച്ചൂരിയും ഡി.രാജയും പറ്റ്‌ന, ബംഗ്ലൂര്‍ യോഗങ്ങളില്‍ പങ്കെടുത്തതാണ്.
ഇനിയാണ് ചോദ്യമുയരുന്നത്. മുന്നണിയാവുമ്പോള്‍ വയനാട്ടില്‍ രാഹുലിനെ എല്‍.ഡി.എഫ് പിന്തുണയ്‌ക്കേണ്ടേ. രാഹുലിനെതിരെ സി.പി.ഐക്ക് അല്ലെങ്കില്‍ എല്‍.ഡി.എഫിന് സ്ഥാനാര്‍ഥിയെ നിറുത്താന്‍ കഴിയുമോ. ഇത് ലോകസഭാ തിരഞ്ഞെടുപ്പല്ലേ. ബി.ജെ.പിയെ അല്ലെ താഴെ ഇറക്കേണ്ടത്. അപ്പോള്‍ ഇന്ത്യാ സഖ്യത്തെയല്ലെ വിജയിപ്പിക്കേണ്ടത്. കേരളത്തില്‍ പരസ്പരം മത്സരിക്കാമോ. ചുരുങ്ങിയത് രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ഥിയെ നിറുത്താമോ. ഒരുത്തരം കണ്ടേക്കാം. കഴിഞ്ഞ തവണ നിറുത്തിയില്ലായിരുന്നോ?
അന്ന് യു.പി.എയുടെ ഭാഗമായിരുന്നു കോണ്‍ഗ്രസ്. എല്‍.ഡി.എഫാകട്ടെ യു.പി.എയിലുണ്ടായിരുന്നുമില്ല. ഇന്ന് കോണ്‍ഗ്രസും സി.പി.എമ്മും ഒരേ മുന്നണിയിലാണ്. ഇന്‍ഡ്യാ മുന്നണിയില്‍. ഇനി എങ്ങനെ രാഹുല്‍ഗാന്ധിയെ സി.പി.എം എതിര്‍ക്കും. അതാണ് ഇപ്പോഴുയരുന്ന മില്യണ്‍ ഡോളര്‍ ക്വസ്‌റ്റ്യെന്‍.