ചലച്ചിത്ര അവാർഡ് രഞ്ജിത്തിന്റെ ഇഷ്ടക്കാർക്കു മാത്രം , ജൂറിയെ സ്വാധീനിച്ചു രഞ്ജിത്ത്
1 min readനേമം പുഷ്പരാജിന്റെ ശബ്ദസന്ദേശം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് വിനയൻ
തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ രഞ്ജിത് ഇടപെട്ടു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സംവിധായകൻ വിനയൻ. ഇത്തരം പ്രവൃത്തികൾ ചലച്ചിത്ര പുരസ്കാരത്തിന്റെ സുതാര്യത നശിപ്പിക്കുന്നു. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കാൻ സർക്കാർ തയ്യാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. വിനയൻ വ്യക്തമാക്കുന്നു.
ഒത്തിരി ചെറുപ്പക്കാരാണ് ഇവിടെ കഷ്ടപ്പെട്ട് സിനിമയെടുക്കുന്നത്. ജൂറിയിൽ ഉണ്ടായിരുന്ന മധുസൂദനനെ വിശ്വവിഖ്യാത ചലച്ചിത്രകാരൻ എന്നാണ് രഞ്‌ജിത്ത് വിശേഷിപ്പിച്ചത്. 14 കൊല്ലം മുൻപാണ് മധുസൂദനൻ ഒരു സിനിമയെടുത്തത്. രഞ്ജിത്തിന് ഇഷ്ടമുള്ളവരെ വിശ്വവിഖ്യാതരാക്കും. പക്ഷേ, ന്യായം നടക്കണം. സത്യസന്ധമായിരിക്കണം. വിനയൻ പറഞ്ഞു.
രഞ്ജിത്തിന്റെ കള്ളത്തരങ്ങൾ വെളിപ്പെടുത്തുന്നതിനായി നേമം പുഷ്പരാജിന്റെ ശബ്ദ സന്ദേശവും വിനയൻ പുറത്തുവിട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്കാരം നൽകാതിരിക്കുന്നതിനായി ജൂറിയംഗങ്ങളിൽ ഭൂരിഭാഗവും എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് നേമം പുഷ്പരാജ് പറയുന്നത്. ഭൂരിപക്ഷത്തിനൊപ്പം നിൽക്കുക എന്നതാണ് ജനാധിപത്യത്തി രീതി. പത്തൊമ്പതാം നൂറ്റാണ്ടിലേത് വളര മോശം ആർട്ട് ഡയറക്ഷനാണെന്ന് പറഞ്ഞപ്പോൾ ഉൾക്കൊള്ളാനായില്ല. എങ്കിലും ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞാനെന്റെ അഭിപ്രായം മാറ്റി. എങ്കിലും എന്റെ മനസ്സിൽ അതൊരു സംഘർഷമായി നിന്നു . കാരണം അതൊരു അനീതിയാണെന്ന് എനിക്ക് തോന്നിയിരുന്നു.
ഈ സമയത്താണ് എന്റെ കൂടെ കലാസംവിധാന സഹായിയായി ജോലി ചെയ്തിരുന്ന ഒരാളെന്നെ വിളിക്കുന്നത്. ചേട്ടനും കൂടിയുണ്ടായിരുന്ന ജൂറി പത്തൊമ്പതാം നൂറ്റാണ്ട് പോലൊരു ചിത്രം തഴഞ്ഞല്ലോ എന്നദ്ദേഹം ചോദിച്ചു. നടന്നതെന്തെന്ന് കൃത്യമായി അയാളോടു പറഞ്ഞു. അയാളത് റെക്കാർഡ് ചെയ്യുന്ന കാര്യം അറിഞ്ഞില്ല. അങ്ങനെയാവാം ഇക്കാര്യങ്ങൾ വിനയന്റെ അടുത്തെത്തിയത്. എന്റെ മനസ്സിലുണ്ടായിരുന്ന സംഘർഷങ്ങളാണ് ഞാൻ അയാളോട് പറഞ്ഞത്. പറഞ്ഞ കാര്യങ്ങൾ ശരിയോ തെറ്റോ എന്ന് വ്യക്തമാക്കേണ്ടത് രഞ്ജിത്താണ്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം വളരെ മഹനീയമായ ഒന്നായാണ് ഞാൻ കാണുന്നത്. അതിലിരിക്കാൻ താൻ യോഗ്യനല്ല എന്ന് തെളിയിച്ചിരിക്കുകയാണ് രഞ്‌ജിത്ത്. അദ്ദേഹം എന്തെങ്കിലും പറയുകയാണെങ്കിൽ അതിനുള്ള മറുപടി മാത്രം പറഞ്ഞു കൊള്ളാം എന്നും നേമം പുഷ്പരാജ് പറയുന്നു.