ഇന്ഡ്യ സഖ്യം ചാപിള്ളയാകുമോ
1 min readമമതയെ വിശ്വസിക്കാനാകില്ലെന്ന് സി.പി.എം
2024 ൽ രാജ്യം ഭരിക്കാൻ പിറവി കൊണ്ട ഇന്ത്യ ചാപിള്ളയാവുമോ എന്ന സംശയമുയർത്തുന്നു രാഷ്ട്രീയ നിരീക്ഷകർ. BJP വിരുദ്ധ മുന്നണിക്ക് നൽകിയിരിക്കുന്ന പേരാണ് ഇന്ത്യ എന്നത്. ഇന്ത്യൻ നാഷനൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് എന്നാണ് മുഴുവൻ പേര്. നാവ് ഉളുക്കാതിരിക്കാൻ നാട്ടുകാർക്ക് ഇന്ത്യ എന്നു വിളിക്കാം. BJP യുടെ സഖ്യമാണ് NDA . അതിനെ കടത്തി വെട്ടാൻ ഇന്ത്യ. ആരുടെ തലയിലുദിച്ച ആശയമാണെങ്കിലും ഗംഭീരം എന്ന് പറയാതെ വയ്യ.
പേര് നിർദ്ദേശിച്ചത് രാഹുൽ. പിന്താങ്ങിയത് മമത. പരസ്പരം കാണുമ്പോൾ ബംഗാളിൽ കിടന്ന് കടിച്ചു കീറുന്നവർ. . എന്നാൽഎന്നാൽ സഖ്യത്തിന് പേരിടാൻ അവർ കെട്ടിപ്പിടിച്ചു. എന്നാൽ ഈ പേരിനെതിരെ രംഗത്തു വന്നിരിക്കുകയാണ് BJP വിരുദ്ധ മുന്നണിയുടെ സൂത്രധാരനായ നിതീഷ്കുമാർ. ഒരു രാഷ്ട്രീയ സഖ്യത്തിന് രാജ്യത്തിന്റെ പേരിടുന്നതെങ്ങനെ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. പേരു കേട്ടു ഞെട്ടിപ്പോയി എന്ന് നിതീഷിന്റെ അനുയായികളും പറയുന്നു.
പേരിട്ടത് കോൺഗ്രസായതിനാൽ മുന്നണിയുടെ നേതൃസ്ഥാനവും അവർ കൈക്കലാക്കുമോ എന്ന ആശങ്ക നിതീഷിനുണ്ട്. പ്രധാനമന്ത്രി പദം മോഹിച്ചാണ് പ്രതിപക്ഷ സഖ്യത്തിന് നിതീഷ് ചുക്കാൻ പിടിച്ചത്. അത് കൈ വിട്ടു പോകുന്നത് കണ്ടു നിൽക്കുന്നതെങ്ങനെ? പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല എന്ന് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാൻ നിതീഷ് തയ്യാറായിട്ടില്ല. പേര് മാറ്റണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചാൽ ഘടകകക്ഷികൾക്ക് വഴങ്ങേണ്ടിവരും. മാത്രമല്ല ഇന്ത്യ കോടതി കയറേണ്ട അവസ്ഥയിലുമാണ്.
മാത്രമല്ല ഇപ്പോൾ കൂടെയുള്ള കക്ഷികൾ അവസാനം വരെ ഒപ്പമുണ്ടാകുമോ എന്ന ആശങ്കയും പങ്കുവെയ്ക്കുന്നു ഘടക കക്ഷികളിൽ പലരും. അതത് സംസ്ഥാനങ്ങളിൽ പാമ്പും കീരിയുംപോലെ കഴിയുന്നവർ എങ്ങനെ ദീർഘകാലം മുന്നോട്ടു പോകും. CPM നേതാവും രാജ്യസഭാ എം.പി.യുമായ ബികാഷ് ഭട്ടാചാര്യ ഇക്കാര്യം തുറന്നു പറയുന്നു. മമതയെ വിശ്വസിക്കാനാവില്ലെന്നും അവർ കാലുവരുമെന്നുമാണ് അദ്ദേഹം പറയുന്നത്. BJP യുടെ സഖ്യകക്ഷിയായിരുന്നു മമതയുടെ തൃണമൂൽ കോൺഗ്രസ് . അവർ വാജ്പേയ് സർക്കാരിൽ മന്ത്രിയുമായിരുന്നു. ഇപ്പോൾ പുകഴ്ത്തുന്നു ഉണ്ടെങ്കിലും മുൻപ് രാഹുലിനെ അധിക്ഷേപിച്ച മമതയെ എങ്ങനെ വിശ്വസിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അവർ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടും.
വിരുദ്ധ ആശയങ്ങൾ പുലർത്തുന്ന കക്ഷികൾ പൊതു മിനിമം പരിപാടിയുമായി എങ്ങനെ മുന്നോട്ടു പോകും എന്ന സംശയം പലരും ഉയർത്തുന്നുണ്ട്. മോദി വിരോധം മാത്രമാണ് ഈ കക്ഷികളെ ഒന്നിപ്പിച്ചത്. ഓരോ സംസ്ഥാനത്തും ഇവരുടെ താത്പര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. കൂറുമാറ്റവും കുതികാൽ വെട്ടും ഏതു നിമിഷവും സംഭവിക്കാം. മഹാരാഷ്ട്ര നമുക്കൊരു പാഠമാണ്. BJP വൈരാഗ്യം ഒന്നുകൊണ്ടു മാത്രം ഇന്ത്യക്ക് വിജയിക്കാനാവില്ല.