ജനസമ്പർക്ക യാത്ര അവസാനിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ മടക്കം.

1 min read

സംസ്കാരം പുതുപ്പള്ളി പള്ളിയിൽ . ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് അന്ത്യാഭിലാഷം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരം പുതുപള്ളി പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കും. വസതിയിൽവെച്ചുള്ള ശുശ്രൂഷ ചടങ്ങുകൾക്കുശേഷം ഒരു മണിയോടെയായിരിക്കും പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക. രണ്ട് മണി മുതൽ മൂന്ന് വരെയുള്ള സമയം വടക്കേ പന്തലിൽ പൊതുദർശനം ഉണ്ടായിരിക്കും. മൂന്നരയോടെ ബസേലിയോസ് മാർത്തോമ്മ, മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ എന്നിവർ ചേർന്ന് അന്ത്യശുശ്രൂഷ നൽകും. വൈകിട്ട് അഞ്ചു മണിയോടെ അനുശോചന സമ്മേളനം ചേരും.

പള്ളിമുറ്റത്ത് വൈദികരുടെ കല്ലറകളോട് ചേർന്നാണ് അദ്ദേഹത്തിന്റെ വിശ്രമസ്ഥലം ഒരുങ്ങുന്നത്. ഓർത്തഡോക്സ് സഭ വിശ്വാസം അനുസരിച്ച് വൈദികരെ പള്ളിമുറ്റത്താണ് അടക്കം ചെയ്യാറുള്ളത്. സാധാരണക്കാരായ മറ്റുള്ള ആളുകളെ സെമിത്തേരിയിലും അടക്കും. എന്നാൽ ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ സഭാ നടപടികളിൽ തന്നെ വ്യത്യാസം വരുത്തിയിട്ടുണ്ട്. വൈദികരുടെ കുഴിമാടങ്ങളോട് ചേർന്ന് പുതിയൊരു കല്ലറ പണിത് അവിടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയായിരിക്കും സംസ്‌കാരം. മതപരമായ ചടങ്ങുകളോടെ സംസ്‌കാരം നടത്താനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ മറിയം പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചു. സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം നേരത്തേ സർക്കാറിനെ അറിയിച്ചിരുന്നെങ്കിലും ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. 

വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം വൻ ജനാവലിയാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ തടിച്ചു കൂടിയത്. മഴയോ വെയിലോ അവർക്കൊരു പ്രശ്നമായിരുന്നില്ല. അടക്കിപ്പിടിച്ച തേങ്ങലുകളും പൊട്ടിക്കരച്ചിലുകളും ആൾക്കൂട്ടത്തിൽ നിന്നുയരുന്നതും കേൾക്കാം. അവസാന ജനസമ്പർക്ക യാത്രയും കഴിഞ്ഞ് നിത്യതയിലേക്ക് മടങ്ങുകയാണ് ഉമ്മൻ ചാണ്ടി

Related posts:

Leave a Reply

Your email address will not be published.