എംഎസ്എം കോളജ് ആരെ ഭയന്നാണ് സിപിഎം നേതാവിന്റെ പേര് മറച്ചുവക്കുന്നത് : വി.മുരളീധരന്‍

1 min read

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്റെ പേര് എംഎസ്എം കോളജ് മാനേജര്‍ പുറത്തുപറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാര്‍ശക്ക് പിന്നിലുള്ള നേതാവ് എന്നും വി.മുരളീധരന്‍ ചോദിച്ചു. നിഖില്‍ തോമസ് വിവാദത്തില്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് വസ്തുതകള്‍ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാജാസില്‍ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തക കേസില്‍ പ്രതിയാവുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന് സാക്ഷ്യം പറഞ്ഞ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു .

ഒരു വിദ്യാര്‍ത്ഥിക്ക് പ്രവേശനം നേടാന്‍ കാലയളവ് നീട്ടിക്കൊടുക്കുക, റായ്പ്പൂരില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടുക ഇതൊന്നും ഒരാള്‍ മാത്രം വിചാരിച്ചാല്‍ സാധ്യമാകുന്ന ഒന്നല്ല. കോളജ് അധികൃതര്‍, സിപിഎം നേതാക്കളെ യജമാനന്‍മാരായി കാണുന്ന സര്‍വകലാശാല ഉദ്യോഗസ്ഥര്‍, സിപിഎം ഉന്നതര്‍ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയില്‍ വരണം. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാന്‍ നിഖില്‍ തോമസ് ‘ കുമ്പിടി ‘യാണോ എന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.

ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന എസ്എഫ്‌ഐയുടെ ക്രിമിനല്‍ക്കൂട്ടങ്ങളെ പടിയടച്ച് പുറത്താക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മൌനം വെടിയണമെന്നും എസ്എഫ്‌ഐ എന്ത് ചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കള്‍ നിര്‍ത്തണം എന്നും മുരളീധരന്‍ പറഞ്ഞു.

സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കും. എന്നാല്‍ വ്യാജരേഖ ചമച്ചവരെയോ ആള്‍മാറാട്ടം നടത്തുന്നവരോ ഇതുവരെ കണ്ടുപിടിക്കാന്‍ പൊലീസിന് ആയിട്ടില്ല. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും കേരളപൊലീസിന്റെ ഒത്തുകളിയന്വേഷണം ഇനി വേണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രമാക്കുന്ന് പ്രസംഗിച്ച് നടക്കുന്നവരുടെ ഭരണകാലത്ത് സംസ്ഥാനം ലോകത്തിന് മുന്നില്‍ നാണംകെട്ട് നില്‍ക്കുന്ന അവസ്ഥയെന്നും മന്ത്രി പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.