കര്‍ണാടകയില്‍ ബി.ജെ.പി ഒരിക്കലും ജയിക്കാത്ത 77 മണ്ഡലങ്ങള്‍

1 min read

ഇതുവരെ ജയിക്കാത്ത 77 മണ്ഡലങ്ങളില്‍ കരുനീക്കവുമായി കര്‍ണാടക ബി.ജെ.പി

കഴിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും പ്രതിപക്ഷത്തായിരുന്നു ബി.ജെ.പി സ്ഥാനം. പിന്നീടാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് എം.എല്‍. എ മാര്‍ വന്ന് ബി.ജെ.പി അധികാരത്തിലേക്കെത്തിയത്.

ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട് ബി.ജെ.പി വിട്ട ചില പ്രമുഖര്‍ പ്രതിപക്ഷ ടിക്കറ്റില്‍ നിയമസഭയിലെത്താന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പിക്ക് ഇതുവരെ തങ്ങള്‍ ജയിക്കാത്ത സീറ്റുകളില്‍ ജയിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യ ചിഹ്നം. 2013 മുതല്‍ 2018 വരെ കര്‍ണാടക ബി.ജെ.പിക്ക് തിരിച്ചടിയുടെ കാലമായിരുന്നു. 2008ലാണ് കര്‍ണാടകയില്‍ മണ്ഡലം പുനര്‍നിര്‍ണയം നടന്നത്. അതിന് ശേഷം മൂന്ന് തിരഞ്ഞെടുപ്പുകള്‍ നടന്നു. ഈ മൂന്ന് തിരഞ്ഞെടുപ്പുകളിലും ആകെയുള്ള 224 സീറ്റില്‍ 77 എണ്ണത്തില്‍ ബി.ജെ.പിക്ക് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ബാക്കി 147 ഉണ്ട് എന്നത് ഒരു കാര്യം. 147ല്‍ നിന്ന് 113 എത്തുന്നതിനേക്കാള്‍ എളുപ്പമല്ലേ 224ല്‍ നിന്ന് 113 ലേക്കെത്തുന്നത്. ഈ 77 സീറ്റുകള്‍ കാരണമാണ് ബി.ജെ.പിക്ക് ഇതുവരെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരുന്നത്. ഈ 77 സീറ്റുകളില്‍ ബഹുഭൂരിപക്ഷവും തെക്കന്‍ കര്‍ണാടകയിലാണ്. 1999ലും 2008ലും വടക്കന്‍ കര്‍ണാടകയിലും മദ്ധ്യകര്‍ണാടകയിലും നേടിയ നേട്ടം ഈ പ്രദേശങ്ങളില്‍ നേടാന്‍ കഴിയാത്തതാണ് ബി.ജെ.പിയുടെ പ്രധാന ദൗര്‍ബല്യം. എന്നാല്‍ ബാലികേറാമലകളായ ഈ 77 സീറ്റില്‍ 18 എണ്ണം വടക്കന്‍ കര്‍ണാടകയിലാണ്. 13 എണ്ണം ഹൈദ്രബാദ് കര്‍ണാടകയിലും 5 എണ്ണം ബോംബെ കര്‍ണാടകയിലും.

ബി.ജെ.പിക്കുള്ള ഈ തടസ്സങ്ങളെല്ലാം ഒരര്‍ഥത്തില്‍ സാമൂദായികമാണെന്ന് കാണാം. താഴെക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെ ഈ വെല്ലുവിളി ബി.ജെ.പി മറികടക്കണ്ടിയിരിക്കുന്നു. വടക്കന്‍ ജില്ലയില്‍ ഇത്തവണ മുസ്ലിം വോട്ട് ജെ.ഡി.എസില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറാന്‍ സാദ്ധ്യതയുണ്ട്. ഇത് കോണ്‍ഗ്രസിന് അനുകൂലമായ ഘടകമാണ്. സീറ്റ് കിട്ടാതെ പുറത്ത് പോയ നേതാക്കള്‍, സ്വാഭാവികമായി ഉണ്ടാകുന്ന ഭരണ വിരുദ്ധ വികാരം എന്നിവയൊക്കെ ബി.ജെ.പിക്ക് പ്രതികൂലമായ ഘടകങ്ങളാണ്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി തുടങ്ങിയ പ്രമുഖരാണ് സീറ്റ് കിട്ടാത്തതിനാല്‍ പുറത്ത് പോയത്. ഇരുവരും ബോംബെ കര്‍ണാടക മേഖലയില്‍ നിന്നുള്ളവരും പ്രമുഖ ശക്തിയായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ഇതുകൊണ്ടാണ് കോണ്‍ഗ്രസിന് 150 സീറ്റ് വിജയത്തിന് ഷെട്ടാറിന്റെ വരവ് സഹായിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. ഇതുകൊണ്ട് തന്നെയാണ് ചില സര്‍വേകള്‍ കോണ്‍ഗ്രസ് ജയിക്കുകയോ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സ്ഥിതി വരുകയോ ചെയ്യുമെന്ന് പ്രവചിച്ചത്. ഏത് പാര്‍ട്ടിയും അവര്‍ക്കനുകൂലമായ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് അന്തരീക്ഷം തങ്ങള്‍ക്കനുകൂലമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്.

പക്ഷേ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങള്‍ ഒരു തെറ്റിദ്ധാരണയിലാണ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ബി.ജെ.പി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ കരുതുന്നു.

ഈ 77 സീറ്റുകളില്‍ 2008ല്‍ ബി.ജെ.പിക്ക് 20ശതമാനം വോട്ടാണ് കിട്ടിയത്. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 77 സെഗ്മന്റുകളില്‍ 23 എണ്ണത്തില്‍ ബി.ജെ.പി മുന്നിലായിരുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9 ശതമാനം വോട്ട് മാത്രമാണ് ഈ 77 മണ്ഡലങ്ങളില്‍ കിട്ടിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 നിയമസഭാ സെഗ്മന്റുകളില്‍ ബി.ജെ.പി മുന്നിലായിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 21 ശതമാനം വോട്ട് കിട്ടി. അതായത് 2018നേക്കാള്‍ കൂടുതല്‍. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലാകട്ടെ 48ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. 77 നിയമസഭാ സെഗ്മന്ററുകളില്‍ 44 എണ്ണത്തില്‍ മുന്നേറുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 27ശതമാനം വോട്ടാണ് അധികം കിട്ടിയത്.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഈ 77 നിയമസഭാ സെഗ്‌മെന്റുകളില്‍ 9 നിയമസഭാ സെഗ്മന്റുകളില്‍ ബി.ജെ.പി 50ശതമാനത്തിലധികം വോട്ട് നേടിയിരുന്നു. ഗോഖക് (65.5%), അഫസല്‍പൂര്‍ (61.6%), ഹലിയാല്‍ (65.5%), ശ്രീനിവാസ് പൂര്‍ (60.5%), ചിക് ബല്ലാപൂര്‍ (57.9%), മഹാലക്ഷ്മി ലേ ഔട്ട (60.3%), മുല്‍ബാഗല്‍ (66.5%), വിജയ് നഗര്‍ (59.8%), ചാമുണ്ഡേശ്വരി (51.6%) എന്നിവയാണിവ.

അതായത് 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതുവരെ ജയിക്കാത്ത 77 മണ്ഡലങ്ങളില്‍ 44 ഇടത്ത് ഒന്നാംസ്ഥാനത്ത് വന്നു. 9 ഇടത്ത് 50 ശതമാനത്തിലേറെ വോട്ട് നേടി. മുമ്പും ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കാറുണ്ടായിരുന്നെങ്കിലും 2019 അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. എം.എല്‍.എ മാര്‍ ബി.ജെ.പിയില്ക്ക് കൂറുമാറിയതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി 7 സീറ്റില്‍ ജയിച്ചു. ഇതും ഈ 77 സീറ്റുകളില്‍ വരുന്നതാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി വോട്ട് ശതമാനം 36.4 ആയിരുന്നു. ഈ കണക്കുകള്‍ വച്ചു നോക്കുകയാണെങ്കില്‍ അത് 40 ശതമാനം ആകും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ആവര്്ത്തിച്ചാല്‍് എളുപ്പത്തില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാം.

പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും. ബി.ജെ.പി വിട്ട് പ്രതിപക്ഷ ക്യാമ്പുകളില്‍ പോയ നേതാക്കള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നര്‍ഥം.

Related posts:

Leave a Reply

Your email address will not be published.