കര്‍ണാടക: 3000ല്‍ താഴെ വോട്ടിന് തോറ്റ 14 സീറ്റുകള്‍ ബി.ജെ.പിക്ക് നിര്‍ണായകം

1 min read

വൊക്കലിംഗരെ സ്വാധീനിക്കാന്‍ ബി.ജെ.പി

മെയ് 10ന് നടക്കുന്ന കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നു. പിന്നീട് അധികാരം പിടിച്ചെങ്കിലും 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് ആകെയുള്ള 224 സീറ്റില്‍ 104 എണ്ണം മാത്രമായിരുന്നു. ഏറ്റവും വലിയ ഒന്നാം കക്ഷിയായിരുന്നു ബി.ജെ.പി. 78 സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് 37 സീറ്റ് നേടിയ ജനതാ ദള്‍ (എസ്) മായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി. എന്നാല്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് ഭരണം 14 മാസമേ നീണ്ടുള്ളൂ. പിന്നീട് മറ്റ് രണ്ട് പാര്‍ട്ടികളില്‍ നിന്നുമായി 17 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

ഇത്തവണ ഭരണം നിലനിറുത്താനുള്ള എല്ലാ അടവും ബി.ജെ.പി പയറ്റുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയും സംസ്ഥാന ഭരണ നേട്ടങ്ങളും യെദ്യൂരപ്പയും ലിംഗായത്ത് ഘടകങ്ങളുമൊക്കെ തങ്ങള്‍ക്കനുകൂലമാകുമെന്ന് ബി.ജെ.പി കരുതുന്നു. കര്‍ണാടകത്തില്‍ ഭരണത്തില്‍ വന്നെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം ബി.ജെ.പിക്ക് കിട്ടിയിരുന്നില്ല. കോണ്‍ഗ്രസാവട്ടെ കര്‍ണാടകത്തില്‍ വിജയം നേടിയാല്‍ അത് ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ നീക്കത്തിന് സഹായകരമാകും എന്ന പ്രതീക്ഷയിലാണ്.

ഇത്തവണ മുസ്ലിങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം എടുത്തുകളഞ്ഞിട്ടുണ്ട്. പകരം അവര്‍ക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ലഭിക്കും. പകരം രണ്ട് ശതമാനം വീതം ലിംഗായത്തിനും വൊക്കലിംഗയ്ക്കും അധികം സംവരണം കിട്ടും. ലിംഗായത്ത് സമുദായത്തില്‍ ബി.ജെ.പിക്ക് സ്വാധീനമുണ്ടെങ്കിലും സമാനമായ സ്വാധീനം അവര്‍ക്ക് വൊക്കലിംഗക്കാര്‍ക്കിടയിലില്ല. ഇത്തവണ പരമാവധി വൊക്കലിംഗ വോട്ട് നേടാനാണ് ബി.ജെ.പിശ്രമം. മൈസൂര്‍, ബാംഗ്ലൂര്‍ മേഖലയില്‍ ഈ വോട്ട് നിര്‍ണായകമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട സീറ്റുകള്‍ പിടിക്കാനാണ് പാര്‍ട്ടികള്‍ കിണഞ്ഞു ശ്രമിക്കുന്നത്. കഴിഞ്ഞ തവണ 3000ല്‍ താഴെ വോട്ടിന് ജയിച്ചത് 18 പേരാണ്. അതില്‍ രണ്ടുപേര്‍ ബി.ജെ.പിയും രണ്ടുപേര്‍ ജനതാ ദളും. ബാക്കി 14 പേരും കോണ്‍ഗ്രസുകാരാണ്. 213 വോട്ട് മുതല്‍ 2875 വോട്ട് വരെയാണ് ഈ സീറ്റുകളിലെ ജയിച്ചവരുടെ ഭൂരിപക്ഷം.

കഴിഞ്ഞ തവണത്തേക്കാള്‍ ചെറുകിട പാര്‍ട്ടികളുടെ സാന്നിദ്ധ്യം ഇത്തവണയുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തഹാദുല്‍ മുസ്ലിമിന്‍ ( എ.ഐ.എം.ഐ.എം) ഇത്തവണ 25 സീറ്റില്‍ മത്സര രംഗത്തുണ്ട്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായിരുന്ന എസ്.ഡി.പി.ഐയും നൂറോളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി രഹസ്യ ധാരണയിലാണ് തങ്ങള്‍ മത്സരിച്ചിരുന്നതെന്നാണ് എസ്.ഡി.പി.ഐക്കാര്‍ പറയുന്നത്.

ഈ ചെറു പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെയും ജനതാ ദളിന്റെയും മുസ്ലിം വോട്ട് പിടിച്ചെടുക്കുമോ എന്ന ഭയവും ഇരുവര്‍ക്കുമുണ്ട്. ജി.ജനാര്‍ദ്ദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷവും (കെ.ആര്‍.പി.പി.) ആംആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. ഖനി രാജാവായ റെഡ്ഡി , ബി.ജെപിയുമായി പിണങ്ങിയാണ് പ്രത്യേകം മത്സരിക്കുന്നത്. തന്റെ സഹോദരനും ബെല്ലാരിയിലെ ബി.ജെ.പി എം.എല്‍.എയുമായ സോമശഖര റെഡ്ഡിക്കെതിരെ മത്സരിക്കുമെന്ന് ജനാര്‍ദ്ദന റെഡ്ഡി നേരത്തെ സൂചിപ്പിച്ചിരുന്നു. ബൊമ്മേ സര്‍ക്കാര്‍ വിരുദ്ധ വോട്ടും റെഡ്ഡിയുടെ സാന്നിദ്ധ്യത്തോടെ ഭിന്നിക്കുകയാണ് ചെയ്യുക. 224 സീറ്റില്‍ മത്സരിക്കുമെന്നാണ് ആപ് അറിയിച്ചിരുന്നത്. ഇപ്പോള്‍ ദേശീയ പാര്‍ട്ടി അംഗീകാരം കൂടി കിട്ടിയതോടെ അവര്‍ക്കല്‍പം ആവേശം കൂടിയിട്ടുണ്ട്.

വളരെ ചെറിയ ഭൂരിപക്ഷത്തിന് ജയിക്കുന്ന മണ്ഡലങ്ങളില്‍ ചെറിയ പാര്‍ട്ടികളും സ്വതന്ത്രരുമെല്ലാം ചേര്‍ന്ന് 3000-4000 വോട്ട് പിടിച്ചാലും അത് ഫലത്തെ സ്വാധീനിക്കും.

കഴിഞ്ഞ തവണ 5000ല്‍ താഴെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന 30 മണ്ഡലങ്ങളില്‍ 18ലും ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. ബി.ജെ.പി എട്ടും ദള്‍ മൂന്നും സീറ്റ് നേടി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ 1696 വോട്ടിന് മാത്രമാണ് ജയിച്ചത്. മത്സരിച്ച രണ്ടാമത്തെ സീറ്റില്‍ തോല്‍ക്കകുയും ചെയ്തു.

കഴിഞ്ഞ തവണ ഇങ്ങനെ കടന്നുകൂടിയ 18 പേരില്‍ പലരും മുന്‍ തിരഞ്ഞെടുപ്പുകളില്‍ നല്ല ഭൂരിപക്ഷം കിട്ടിയവരായിരുന്നു. കൃഷ്ണരാജ നഗറില്‍ കഴിഞ്ഞ തവണ ജനതാദളിലെ മഹേഷിന് 1779 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത് മുമ്പ് അവിടെ നിന്ന് 15000 വോട്ടിന് ജയിച്ച ആളായിരുന്നു അദ്ദേഹം. വിജയനഗരയില്‍ കഴിഞ്ഞ തവണ 2775ന് വോട്ടിന് ജയിച്ച കോണ്‍ഗ്രസിലെ എം.കൃഷ്ണപ്പ മുമ്പ് 38,000 വോട്ടിന് ജയിച്ചിരുന്നതാണ്. ജനതാ ദള്‍ (എസ്) അദ്ധ്യക്ഷന്‍ കുമാരസ്വാമി കഴിഞ്ഞ തവണ സക്‌ളേഷപൂരില്‍ നിന്ന് ജയിച്ചത് 5000 വോട്ടിന് താഴെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു.

കഴിഞ്ഞ തവണ 5000ല്‍ താഴെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന 30 മണ്ഡലങ്ങളില്‍ 12 എണ്ണവും മുംബയ് കര്‍ണാടക മേഖലയില്‍ നിന്നായിരുന്നു. ഉത്തര കന്നഡ്, ബെള്‍ഗാവി, ധാര്‍വാഡ്, വിജയപുര, ബാഗല്‍കോട്ട്, ഗടഗ്, ഹാവേരി എന്നി ജില്ലകളാണ് ഇവിടെയുള്ളത്. ഇവിടെയുള്ള 12ല്‍ എട്ടെണ്ണം കോണ്‍ഗ്രസും മൂന്നെണ്ണം ബി.ജെ.പിയുമായിരുന്നു ജയിച്ചത്.

രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള പ്രദേശമാണിത്. 50സീറ്റുകളുള്ള ഇവിടെ നിന്നാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ജയിച്ചത്. ലിംഗായത്തുകള്‍ക്ക് നല്ല സ്വാധീനമുള്ള പ്രദേശമാണിത്. ബൊമ്മെയും ലിംഗായത്ത് വിഭാഗത്തില്‍ പെട്ടായാളാണ്. യെദ്യൂരപ്പയുടെ തട്ടകം കൂടിയായ ഇവിടെ പൊതുവെ ബി.ജെ.പിസ്വാധീന പ്രദേശമാണ്. ഈ മേഖലയിലെ കുണ്ടഗോല്‍, ഹൈര്‍ക്കര്‍, പാവഗഡ സീറ്റുകളില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ ജയിച്ചത് യഥാക്രമം 634,555,409 വോട്ടുകള്‍ക്ക് മാത്രമാണ്.

കഴിഞ്ഞ തവണ നേരിയ വോട്ടിന് കടന്നുകൂടിയ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ഇത്തവണ കനത്ത മത്സരമായിരിക്കും നേരിടേണ്ടിവരിക. യെദ്യൂരപ്പ-മോദി ഘടകങ്ങളും ഭരണ നേട്ടങ്ങളുമാവുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ജയസാദ്ധ്യതയേറെയാണ്.

Related posts:

Leave a Reply

Your email address will not be published.