കേന്ദ്രബജറ്റ് സംസ്ഥാനം മാതൃകയാക്കണം: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ബജറ്റിനെ മാതൃകയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ബജറ്റ് മാതൃകയാക്കി കേരളത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയും ജനക്ഷേമത്തിന് വേണ്ടിയും പ്രവര്‍ത്തിക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ അര്‍ഹമായ സഹായം ലഭിച്ചുവെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് വേണ്ടിയുള്ള സമഗ്ര ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. കേരളത്തിന് ഇതുവരെ ഇല്ലാത്ത പരിഗണനയാണ് ഇത്തവണ ലഭിച്ചത്. കേന്ദ്ര ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് നീക്കിവെച്ചത് 19,702 കോടി രൂപയാണ്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തേക്കാള്‍ നാലിരട്ടി അധികം എന്‍ഡിഎ സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തിന് അനുവദിച്ചു. കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് വിലപിക്കുന്ന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നട്ടെല്ലുണ്ടെങ്കില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെയും നരേന്ദ്രമോദി സര്‍ക്കാരിന്റെയും ഭരണകാലഘട്ടങ്ങളിലെ സഹായത്തെ കുറിച്ചുള്ള ധവളപത്രം ഇറക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ 15720.5 കോടി രൂപയേക്കാള്‍ 4000 കോടി ഈ ബജറ്റില്‍ സംസ്ഥാനത്തിന് അധികം വിഹിതം ലഭിച്ചു. ജി.എസ്.ടി വിഹിതം 6358.05 കോടി രൂപ, ആദായ നികുതി വിഹിതം 6122.64 കോടി രൂപ, എക്‌സൈസ് തീരുവ വിഹിതം 261.24 കോടി രൂപ, കോര്‍പ്പറേഷന്‍ നികുതി വിഹിതം 6293.42 കോടി രൂപ, സേവന നികുതി വിഹിതം 3.95 കോടി രൂപ, കസ്റ്റംസ് തീരുവ വിഹിതം 623.74 കോടി രൂപ, വെല്‍ത്ത് ടാക്‌സ് വിഹിതം O.16 കോടി രൂപ.

സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് എല്ലാം കേന്ദ്ര ധനമന്ത്രി തുക വകയിരുത്തി. കോഴിക്കോട് എന്‍.ഐ.ടി, പാലക്കാട് ഐ.ഐ.ടി, വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കൊച്ചിന്‍ കപ്പല്‍ ശാല, കോഴിക്കോട് ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം കേന്ദ്ര വിഹിതം ലഭിക്കും. റെയില്‍വെയ്ക്ക് അനുവദിച്ച 2.40 ലക്ഷം കോടി രൂപയില്‍ കേരളത്തിന് അര്‍ഹമായ വിഹിതം ലഭിക്കുമെന്നുറപ്പായിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ലെന്ന വ്യാജപ്രചരണം നടത്തുകയാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചപ്പോള്‍ തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറയ്ക്കുന്നെന്ന ബാലിശമായ വാദമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ബോധ്യമില്ലാത്തതു കൊണ്ടാണ് അദേഹം അങ്ങനെ പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബജറ്റ് കണക്കിലെ കളിയാണെന്നാണ് വിഡി സതീശന്‍ പറയുന്നത്. കണക്കിലെ കളികൊണ്ടാണോ ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്? യാഥാര്‍ത്ഥ്യബോധമില്ലാത്ത ഇത്തരം പ്രസ്താവനകളാണ് പ്രതിപക്ഷകക്ഷികള്‍ പറയുന്നത്. അടിസ്ഥാന വികസനത്തിന് 10 ലക്ഷം കോടി അനുവദിച്ചപ്പോള്‍ തന്നെ 20 ലക്ഷം കോടി കാര്‍ഷിക മേഖലയ്ക്ക് അനുവദിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായി. എംഎസ്എംഇക്ക് 2 ലക്ഷം കോടി അനുവദിച്ചത് യുവത്വത്തോടുള്ള സര്‍ക്കാരിന്റെ കരുതലാണ്. ആവാസ് യോജനയ്ക്ക് 79,500 കോടിയും ജല്‍ജീവന് 70,000 കോടിയും പട്ടികവര്‍ഗക്കാര്‍ക്ക് 1500 കോടിയും അനുവദിച്ചതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള തന്റെ സര്‍ക്കാരിന്റെ സമീപനം തെളിയിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.