നാഗചൈതന്യയുടെ പേരുള്ള ടാറ്റൂ നീക്കം ചെയ്ത് സാമന്ത

1 min read

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു

എാഴ് വർഷം നീണ്ട പ്രണയത്തിനു ശേഷം സിനിമയിൽ എന്ന പോലെ ജീവിതത്തിലും ഒരുമിച്ചവരാണ് സാമന്തയും നാഗചൈതന്യയും. തെലുങ്ക് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ. ഇവരുടെ പ്രണയവും വിവാഹവും ആരാധകർ കുറച്ചൊന്നുമല്ല ആഘോഷിച്ചത്. 2017ൽ ഗോവയിൽ വെച്ചായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹം. ഇരു കുടുംബങ്ങളുടെയും സമ്മതപ്രകാരം നടന്ന താരവിവാഹം.

എന്നാൽ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. നാലു വർഷങ്ങൾ പിന്നിട്ടപ്പോൾ സാമന്തയും നാഗചൈതന്യയും ഇരു വഴികളിലേക്കായി തിരിഞ്ഞു നടന്നു. ആരാധകരെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു അത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് പല ഗോസിപ്പുകളും ഉയർന്നുവന്നു. സാമന്തയ്ക്ക് കരിയറിലെ തിരക്കേറിയത് ബന്ധത്തെ ബാധിച്ചുവെന്നായിരുന്നു അതിലൊന്ന്. എന്നാൽ വേർപിരിയാനുള്ള കാരണമെന്തെന്ന് സാമന്തയോ നാഗചൈതന്യയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരസ്പരം കുറ്റപ്പെടുത്താനും അവർ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. വിവാഹമോചനത്തിനു ശേഷം സാമന്ത സിനിമയിൽ സജീവമാകുകയും ചെയ്തു.

ഇതിനിടയിൽ നാഗചൈതന്യയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ഉയർന്നു കേട്ടിരുന്നു. വധുവാരെന്ന അന്വേഷണത്തിലായിരുന്നു ആരാധകവൃന്ദം. ഈ പ്രചാരണങ്ങൾക്കിടയിലാണ് തങ്ങളുടെ വിവാഹഫോട്ടോകൾ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമന്ത രംഗത്തുവന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് വിധിയെഴുതി പ്രേക്ഷകലോകം. നാഗചൈതന്യയുടെ പേരെഴുതിയ ടാറ്റൂ സാമന്ത നീക്കം ചെയ്യാത്തതും, സാമന്തയുടെ വളർത്തുപട്ടിയെ നാഗചൈതന്യ സംരക്ഷിക്കുന്നതുമെല്ലാം വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയായിട്ടാണ് ആരാധകർ കണ്ടത്.

എന്നാൽ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ടുള്ള പുതിയ വാർത്തയാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. തന്റെ ശരീരത്തിൽ നാഗചൈതന്യയുടെ പേര് ടാറ്റൂ ചെയ്തത് നീക്കം ചെയ്തിരിക്കുന്നു സാമന്ത. കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഈ ടാറ്റൂ കാണാനില്ലെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുമെന്ന ഊഹാപോഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.

പ്രണയത്തിലായിരുന്ന കാലത്ത് ശരീരത്തിൽ മൂന്ന് ടാറ്റൂ ചെയ്തിരുന്നു സാമന്തയും നാഗചൈതന്യയും.  കഴുത്തിനു പുറകിലായിരുന്നു ആദ്യത്തെ ടാറ്റൂ. വൈ.എം.സി എന്ന ഇംഗ്ലീഷ് അക്ഷരങ്ങളാണ് കഴുത്തിനു പുറകിൽ സാമന്ത ടാറ്റൂ ചെയ്തിരുന്നത്.  പരസ്പരം കാണാനിടയാക്കിയ സിനിമയുടെ ചുരുക്കപ്പേരാണത്രേ ഇത്. യെ മായ ചെസവയാണ് ഇരുവരും ചേർന്നഭിനയിച്ച ആദ്യ ചിത്രം.

ശരീരത്തിന്റെ വലതുഭാഗത്ത് വാരിയെല്ലിനു മുകളിലാണ് രണ്ടാമത്തെ ടാറ്റൂ ചെയ്തിരിക്കുന്നത്. ചായ് എന്ന നാഗചൈതന്യയുടെ വിളിപ്പേരായിരുന്നു അത്. വിവാഹശേഷം ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റിൽ ഈ ടാറ്റുവിനെക്കുറിച്ച് സാമന്ത പറയുന്നതിങ്ങനെയാണ് ”ജീവിതത്തിലെ എാറ്റവും മനോഹരമായ നിമിഷം. ഞാൻ ഇതുവരെ ഒളിപ്പിച്ചുവെച്ചിരുന്ന എാക ടാറ്റു ഇപ്പോൾ വെളിപ്പെടുത്തുന്നു. നാഗചൈതന്യ എന്റെ ഭർത്താവ് എന്റെ ലോകം”.

സാമന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിൾ ടാറ്റുവാണ് മൂന്നാമത്തേത്. ഇരുവരുടെയും കൈത്തണ്ടയിൽ പതിപ്പിച്ചിട്ടുള്ള ആരോമാർക്കുകളാണത്.

വാരിയെല്ലിന്റെ ഭാഗത്ത് ചായ് എന്നെഴുതിയ ടാറ്റൂവാണിപ്പോൾ സാമന്ത നീക്കം ചെയ്തിരിക്കുന്നത്. ഈ വർഷം എാപ്രിലിൽ പ്രിയങ്ക ചോപ്രയുടെ സിറ്റാഡലിന്റെ ലണ്ടൻ പ്രീമിയറിൽ പങ്കെടുത്തപ്പോഴും ഈ ടാറ്റൂ സാമന്തയുടെ ശരീരത്തിൽ കാണാമായിരുന്നു. എന്നാൽ പുതിയ ഫോട്ടോകളിൽ ടാറ്റൂ ഇല്ല. ടാറ്റൂ ചെയ്തതിൽ പശ്ചാത്താപമുണ്ടെന്ന് മുൻപൊരിക്കൽ സാമന്ത പറഞ്ഞിരുന്നു. ഒരിക്കലും എന്നെന്നേക്കുമായി ടാറ്റൂ ചെയ്യരുത് എന്ന് ചെറുപ്പക്കാരെ ഉപദേശിക്കാനും മറന്നില്ല സാമന്ത.

ഇതോടെ ആരാധകരുടെ സംശയങ്ങൾക്ക് അറുതി വന്നിരിക്കുകയാണ്. ഒന്നിച്ചു ചേരാനാവാത്തവിധം അകന്നു കഴിഞ്ഞു സാമന്തയും നാഗചൈതന്യയും.  അവശേഷിച്ച ഓർമ്മകൾ പോലും തുടച്ചു കളയാനുള്ള ശ്രമത്തിലാണവർ.

Related posts:

Leave a Reply

Your email address will not be published.