എം.കെ.കണ്ണന്‍ എന്തായിരിക്കും പിണറായിയോട് ചോദിച്ചത്

1 min read

കോടികളുടെ വെട്ടിപ്പില്‍ ചോദ്യം ചെയ്യപ്പെടുന്ന ആളോട് മുഖ്യമന്ത്രി സംസാരിച്ചത് ശരിയോ ?

കരുവന്നുര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച ദിവസം രാവിലെ മുഖ്യമന്ത്രിയെ കണ്ട കണ്ണന്‍ എന്താണ് അദ്ദേഹത്തോട് സംസാരിച്ചുകാണുക. ചോദ്യം ചെയ്യപ്പെടാന്‍ പോകുന്ന കണ്ണനോട് മുഖ്യമന്ത്രി എന്തുപദേശമായിരിക്കും നല്‍കിയിരിക്കുക. അത് ഒരു ഔദ്യോഗിക സന്ദര്‍ശനമാണോ. അതായത് മുഖ്യമന്ത്രിയും സംസ്ഥാന സഹകരണ ബാങ്ക വൈസ് ചെയര്‍മാനും തമ്മിലുളള ഔദ്യോഗിക സംഭാഷണം. അതോ രണ്ട് പാര്‍ട്ടിക്കാര്‍ തമ്മിലുളള സംഭാഷണമോ. സാധാരണ ഗതിയില്‍ അത്തരമൊരു സംഭാഷണത്തില്‍ അസ്വാഭാവികത ഇല്ല. എന്നാല്‍ കേരളത്തെ നടുക്കിയ കോടികളുടെ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ, അതും നാലു ദിവസം മുമ്പ് ചോദ്യം ചെയ്ത് വീണ്ടും വിളിപ്പിച്ച ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് മുഖ്യമന്ത്രി കണ്ടതില്‍ അസ്വാഭാവികത ഇല്ലേ. സംസ്ഥാന സഹകരണ ബാങ്കിന്റെ ആസ്ഥാനം തിരുവനന്തപുരത്തല്ലേ.

അതിന്റെ ചെയര്മാനും വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടരും ഒക്കെ ഉള്ളത് തിരുവനന്തപുരത്ത് . മുഖ്യമന്ത്രിയുടെ ആസ്ഥാനം സെക്രട്ടേറിയറ്റില്‍. എന്തെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലല്ലോ പോകുക. അപ്പോള്‍ ഇത് ഔദ്യോഗിക സന്ദര്‍ശനം അല്ലെന്ന് വ്യക്തം.

മുഖ്യമന്ത്രിക്ക് ബാദ്ധ്യത കണ്ണനോട് മാത്രമല്ല. ഇവിടെ തങ്ങളുടെ ജീവിതത്തില്‍ ഉള്ളതെല്ലാം നിക്ഷേപിച്ച് ആ പണം കിട്ടാതിരിക്കുന്ന നൂറു കണക്കിന് നിക്ഷേപകരുണ്ട്. അവര്‍ക്ക് പണം കിട്ടേണ്ടേ. അത് മുഖ്യമന്ത്രിയുടെ ബാദ്ധ്യത അല്ലേ. കേരളത്തില്‍ ഇരുപതിനായിരത്തിലധികം സഹകരണ സംഘങ്ങളും ബാങ്കുകളുമുണ്ട്. അവിടെയും നിക്ഷേപകരുണ്ട്. അവര്‍ക്കും ഇപ്പോള്‍ ഭയം വന്നുകാണും. അവര്‍ക്ക് സമാധാനം വേണമെങ്കില്‍ ഇവിടത്തെ നിക്ഷേപകര്‍ക്ക് പണം കിട്ടണം. പണം കിട്ടിയാല്‍ പോരാ, ഈ തട്ടിപ്പിന് നേതൃത്വം കൊടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ജയിലിലടയ്ക്കണം. അവര്‍ തട്ടിയെടുത്ത തുക തിരികെ പിടിക്കണം. ഇല്ലെങ്കില്‍ അതവരില്‍ നിന്ന് ഈടാക്കണം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ കുറ്റാരോപിതനായ വ്യക്തിയോട്, അതും അയാള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട സമയത്ത തന്നെ സന്ദര്‍ശനം നടത്തുന്നത് മുഖ്യമന്ത്രിക്ക് യോജിച്ചതാണോ. എന്താണ് കണ്ണനോട് മുഖ്യമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രി തന്നെ നാട്ടുകാരോട് പറയട്ടെ. കാനഡയിലെ തീവ്രവാദത്തെ നേരിടാനുള്ള തന്ത്രങ്ങളൊന്നുമല്ലല്ലോ മുഖ്യമന്ത്രി കണ്ണനോടാരാഞ്ഞത്. അങ്ങനെ രഹസ്യ സ്വഭാവവും നയതന്ത്ര പ്രാധാന്യവുമുള്ള കാര്യങ്ങളൊന്നും ഇവര്‍ തമ്മില്‍ കൈകാര്യം ചെയ്യേണ്ടതില്ലല്ലോ.

ഇനി അഥവാ ഇവര്‍ തമ്മില്‍ എന്തെങ്കിലും ഉണ്ടെന്ന് തന്നെ കരുതുക. മുഖ്യമന്ത്രി എന്ന നിലയില്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍, കരുവന്നൂരിലെ നിക്ഷേപകര്‍ മുള്‍ മുനയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍, എന്താണ് കണ്ണനുമായുള്ള സംഭാഷണത്തിന്റെ പൊരുളെന്ന് മുഖ്യമന്ത്രി നാട്ടുകാരോട് പറയേണ്ടതാണ്. അതില്‍ കണ്ണനു ബാദ്ധ്യതയൊന്നുമില്ല. അദ്ദേഹം സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന ആളാണ്. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അദ്ദേഹം നോക്കും. അതിന് അദ്ദേഹം ചെയ്യട്ടെ. പക്ഷേ എന്താണ് പറഞ്ഞതെന്ന് മുഖ്യമന്ത്രിക്ക് നാട്ടുകാരോട് പറയാനുളല്‍ബാദ്ധ്യത ഉണ്ട്.

Related posts:

Leave a Reply

Your email address will not be published.