ഡ്രൈ ഡേയിൽ വീട് ബാറാക്കി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ച മദ്യമടക്കം ഒരാള്‍ പിടിയിൽ

1 min read

അടിമാലി: ഇടുക്കിയില്‍ ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഡ്രൈ ഡേയില്‍ വീട്ടില്‍ മദ്യം സൂക്ഷിച്ചു വച്ച് വില്‍പ്പന നടത്തുകയായിരുന്ന തോക്കുപാറ കരയില്‍ തോപ്പില്‍ അജി (38) എന്നയാളെയാണ് അടിമാലി എക്‌സൈസ് സംഘം പിടികൂടിയത്. പിടിയിലായ അജി നേരത്തേയും അബ്കാരി കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് എക്‌സൈസ് പറഞ്ഞു.

തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും ഇയാള്‍ ഏറെ നാളുകളായി മദ്യവില്‍പ്പന നടത്തി വരികയായിരുന്നു. അജിയുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടര ലിറ്റര്‍ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗ്ലാസില്‍ മൂന്ന് അടയാളമിട്ട് ഒരു വരയ്ക്ക് നൂറു രൂപ നിരക്കില്‍ വീടിന് സമീപം പൊതുവഴിയിലായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ രാത്രി കാലങ്ങളിലും മറ്റും ആളുകള്‍ വന്നു പോകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രാത്രി നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ വി പി സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍, അരുണ്‍ സി, രഞ്ജിത്ത് കവിദാസ്, നിമിഷ ജയന്‍, ശരത് എസ് പി എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.