ശിവശങ്കറിന്റെ പടിയിറക്കം ഇന്ന്; വരാനിരിക്കുന്നത് നിയമപോരാട്ടങ്ങളുടെ നാളുകൾ
1 min readതിരുവനന്തപുരം : സർക്കാരിന്റെ പരമോന്നത പദവിയിൽ നിന്നും സ്വർണക്കടത്തുകേസിലെ പ്രതിസ്ഥാനത്തുവരെയെത്തിയ എം.ശിവശങ്കർ ഐ.എ.എസ് ഇന്ന് വിരമിക്കുന്നു. കഴിഞ്ഞ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അദ്ദേഹം കായിക, യുവജനക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് വിരമിക്കുന്നത്. ലൈഫ് മിഷൻ കോഴക്കേസിൽ ഇന്ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. വിരമിക്കുന്ന ദിവസമായതിനാൽ ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് ഇ-മെയിൽ മുഖേന അദ്ദേഹം ഇ.ഡി.യെ അറിയിച്ചു. മറ്റൊരു ദിവസം അനുവദിക്കാമെന്ന് ഇ.ഡി .
കഴിഞ്ഞ സർക്കാരിലെ മാസ്റ്റർ ബ്രെയിൻ ആയിരുന്നു ശിവശങ്കർ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ. സർക്കാരിന്റെ സ്വപ്നപദ്ധതികൾക്കെല്ലാം പിന്നിൽ ശിവശങ്കറിന്റെ കൈകളുണ്ടായിരുന്നു. ഏതു കാര്യത്തിലും മുഖ്യമന്ത്രി ഉപദേശം തേടിയിരുന്നത് അദ്ദേഹത്തോടായിരുന്നു. അപ്രതീക്ഷിതമായാണ് വിവാദങ്ങൾ എത്തുന്നത്. സ്പ്രിംഗ്ലർ മുതൽ ബവ്കോ ആപ്പ് വരെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ പദ്ധതികൾ ഒട്ടനവധി. ഒടുവിൽ സ്വർണക്കടത്തുകേസിൽ ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന ആരോപണത്തിൽ വരെയയെത്തി കാര്യങ്ങൾ. സ്വർണക്കടത്തുകേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകിയെന്ന കണ്ടെത്തലിൽ വരെയെത്തി കാര്യങ്ങൾ. എന്നിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ കൂടെ നിർത്തി.
ഒടുവിൽ ജയിലിൽ ആയതോടെയാണ് സർക്കാരിന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ടി വന്നത്. 98 ദിവസം അദ്ദേഹം ജയിലിൽ കിടന്നു. ജയിൽ മോചിതനായ ശേഷം എഴുതിയ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലൂടെ വിവാദങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഇതിലെ പരാമർശങ്ങളെ തുടർന്ന് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കങ്ങൾക്ക് വഴിവെച്ചു. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ലെന്നു മാത്രമല്ല സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിക്കുകയും ഉന്നത പദവിയിൽ തന്നെ വീണ്ടും അവരോധിക്കുകയും ചെയ്തു.
പഞ്ചനക്ഷത്ര പാർട്ടിയും കലാരൂപങ്ങളും ഒരുക്കി ആഘോഷപൂർവ്വമായ വിടവാങ്ങൽ ചടങ്ങാണ് വിരമിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഐ.എ.എസ് അസോസിയേഷൻ നൽകാറുള്ളത്. കേരളത്തിലെ ഐ.എ.എസുകാരെല്ലാം ഈ ചടങ്ങിനെത്തും. ഈ യാത്രയയപ്പ് വേണ്ടെന്നു വച്ചിരിക്കുകയാണ് ശിവശങ്കർ. തനിക്കെതിരെ കേസുകളുണ്ടായപ്പോൾ ഐ.എ.എസ് അസോസിയേഷനിൽ നിന്ന് പിന്തുണ കിട്ടിയില്ല എന്ന പരാതിയാണ് അദ്ദേഹത്തിന്. അഡീഷണൽ ചീഫ് സെക്രട്ടറിയായ വി.വേണുവിൽ നിന്നുമാത്രമാണ് അദ്ദേഹത്തിന് പിന്തുണ കിട്ടിയത്. ഒരു കാലത്ത് സംസ്ഥാനഭരണം നിയന്ത്രിച്ചിരുന്ന, ഡി.പി.ഐ, വിദ്യാഭ്യാസ ഊർജ വകുപ്പുകളുടെ സെക്രട്ടറി, കെ.എസ്..ഇ.ബി. ചെയർമാൻ, പ്രിൻസിപ്പൽ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് ആരവങ്ങളില്ലാതെ പടിയിറങ്ങുന്നത്. കാത്തിരിക്കുന്നത് നിയമപോരാട്ടങ്ങളുടെ നാളുകളും.