ഇനി മാഫിയ തലപൊക്കില്ലെന്ന് യോഗി, മരിച്ചത് മുന്‍ മുസ്ലിം എം.പിയെന്ന് ഉവൈസി
1 min readഅടിമുടി ക്രിമിനലുകളെ വളര്‍ത്തിയത് യുപിയിലെ പഴയ രാഷ്ടീയം, ഇനിയത് നടക്കില്ല
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ 15ന് രാത്രി മാഫിയാ തലവന്‍ അതീഖ് അഹമ്മദും അനിയന്‍ അഷറഫും വെടിയേറ്റ് മരിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ വെടികൊണ്ടത് ക്രിമിനലുകളെ സഹായിക്കുന്ന രാഷ്ട്രീയക്കാര്‍ക്കായിരുന്നു. ഹിന്ദു-മുസ്ലീം ഭേദമില്ലാതെ പൊതുജനത്തെ കൊന്നും മുറിവേല്‍പിച്ചും വിരട്ടിയും കോടികള്‍ വാരിക്കൂട്ടിയ അതീഖ് അഹമ്മദിനെ എല്ലാവര്‍ക്കും ഭയമായിരുന്നു. അതുകൊണ്ടാണ് പത്തോളം ജഡ്ജിമാര്‍ അതീഖിന്റെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജയിലില്‍ കിടന്നുപോലും പണക്കാരെ വിരട്ടി ജയിലിലെത്തിച്ച് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടാന്‍ അതീഖിന് മിടുക്കനായിരുന്നു. എല്ലാവരും അയാളെ പേടിച്ചു. യു.പി മുഖ്യമന്ത്രിയായിരുന്ന മുലയംസിംഗിന്റെ തോളില്‍ കയ്യിടാനുളള സ്വാതന്ത്ര്യം അതീഖിനുണ്ടായിരുന്നു. ഒരു പോലീസുകാരനും അതീഖിനെ തൊടാന്‍ ധൈര്യപ്പെട്ടില്ല. എങ്കിലും ചിലര്‍ മാത്രം ഇയാളുടെ ഗുണ്ടായിസത്തെ ചോദ്യം ചെയ്യാന്‍ തയ്യാറായി. അവരില്‍ പലര്‍ക്കും കനത്ത വില കൊടുക്കേണ്ടി വന്നു. പലരെയും അദ്ദേഹം കൊന്നു. ചിലര്‍ മരിക്കാതെ രക്ഷപ്പെട്ടു എന്നു മാത്രം. അവരുടെയെല്ലാം വീടുകളില്‍ നിഷ്ഠൂരമായ ആക്രമണം നടത്തി. സ്വത്തുക്കള്‍ തട്ടിയെടുത്തു. ഭൂമിക്കച്ചവടക്കാരെയെല്ലാം പേടിപ്പിച്ച ്ഭൂമി കൈക്കലാക്കി. അങ്ങനെ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കാതെ തെരുവിലിറങ്ങിയ ഇയാള്‍ 2000 കോടി രൂപയോളം വില വരുന്ന സ്വത്തിന്റെ ഉടമയായി. തിരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ ആരെങ്കിലും അതീഖിന് പണം ഉദാരമായി നല്‍കിയില്ലെങ്കില്‍ അയാളുടെ കാര്യം കട്ടപ്പൊകയായേനെ.
105 ക്രിമിനല്‍ കേസുകളാണ് അതീഖിന്റെ പേരിലുള്ളത്. അതും ഒരു അംഗീകാരമായി അയാള്‍ കൊണ്ടു നടന്നു. പിന്നീടയാള്‍ പറഞ്ഞു. ഒരു 20 കേസ് കൂടിയുണ്ടെങ്കില്‍ ഞാന്‍ യു.പി മുഖ്യമന്ത്രിയായേനെ. 50 കേസുകൂടിയുണ്ടെങ്കില്‍ ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും. അതീഖ് ഇങ്ങനെ പറയുന്ന വീഡിയോകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ക്രൂരനും ഏറെ അപകടകാരിയുമായി ഈ മാഫിയ തലവനെ എം.എല്‍.എയും എം.പിയുമാക്കിയത് മുലയം സിംഗ് യാദവും സമാജ് വാദി പാര്‍ട്ടിയുമാണ്.
ഒരു തവണ എം.പിയും അഞ്ച് തവണ യു.പിയില്‍ എം.എല്‍.എയുമായി അതീഖ്. 2005ല്‍ ഇയാള്‍ യു.പിയിലെ ബി.എസ്.പി എം.എല്‍.എ രാജ്പാലിനെ കൊലപ്പെടുത്തി. എന്തിനെന്നറിയാമോ. ഇയാള്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ സീറ്റില്‍ മത്സരിക്കാന്‍ അനിയന്‍ അഷറഫിനെ നിയോഗിച്ചു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ അഷറഫ് തോറ്റു. തോല്‍പിച്ചതോ ബി.എസ്.പി സ്ഥാനാര്‍ഥി രാജ്പാലും. പിന്നെ രാജ്പാലിനെ വെറുതെ വിട്ടില്ല. തോക്കിനിരയാക്കി. ഈ കേസിലെ സാക്ഷിയായ ഉമേഷ് പാലിനെയാണ് ഈ ഫിബ്രവരി 24ന് കൊലചെയ്തത്. രാജ്പാല്‍ മരിച്ചപ്പോള്‍ ആ സീറ്റില്‍ അനിയനെ നിറുത്തി ജയിപ്പിച്ച് എം.എല്‍.എ ആക്കാനും കഴിഞ്ഞു.
മുമ്പ് മായാവതിയെ ആക്രമിച്ച സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരില്‍ അതീഖും ഉണ്ടായിരുന്നു. അന്ന് ബി.ജെ.പി നേതാക്കളാണ് മായാവതിയുടെ ജീവന്‍ രക്ഷിച്ചത്. പക്ഷേ നാണം കെട്ട മായാവതി ഈ കൊടും ക്രിമിലിന്റെ ഭാര്യയ്ക്ക് ഇപ്പോള്‍ ബി.എസ്.പി അംഗത്വവും നല്‍കി.
ഇപ്പോള്‍ അതീഖിന് വേണ്ടി പലരും രംഗത്തുവരുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ബി.എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയും. ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ. ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എ.ഐ.എം.ഐ.എം നേതാവ് ഉവൈസിയും രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം വിശേഷിപ്പിക്കുന്നത് അതീഖിനെ ഒരു മുസ്ലിം മുന്‍ എം.പി എന്നാണ്. അയാള്‍ നടത്തിയ ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കെല്ലാം ഉവൈസി മാപ്പ് നല്‍കികഴിഞ്ഞു.
അതീഖിന്റെ സഹോദരനും 15ന് ആശുപത്രിയുടെ മുന്നില്‍ വച്ച് കൊല്ലപ്പെട്ടയാളുമായ അഷറഫ് മദ്രസകളില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച കേസുകള്‍ ഏറെയുണ്ട്. പക്ഷേ ഈ ക്രിമിനലുകളെല്ലാം യു.പിയുടെ രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ രക്തസാക്ഷിയായി. വാളെടുത്തവന്‍ വാളാല്‍ എന്നു പറയുന്നതുപോലെ തോക്കെടുത്തവന്‍ തോക്കിനാല്‍ എന്നു പറയുന്നതാവും അതീഖിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിരീക്ഷണം.
പക്ഷേ ഇയാളുടെ കുറ്റങ്ങള്‍ തേച്ചുമാച്ചുകളയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ച് വിവാദ നായകരായി മാറിയ ബി.ബി.സിയാകട്ടെ ഒരു പടി കൂടി കടന്നു. അവരുടെ റിപ്പോര്‍ട്ടര്‍ ഗീത പാണ്ഡെയാകട്ടെ അതീഖിനെ പാവങ്ങളെ സഹായിക്കുന്ന റോബിന്‍ ഹുഡായിട്ടാണ് വിശേഷിപ്പിക്കുന്നത്. പാവങ്ങള്‍ക്ക് അയാള്‍ പണം കൊടുത്തിരുന്നത്രെ. ഈദിന് മുമ്പ് സക്കാത്ത് നല്‍കിയിരുന്നുവത്രെ.
അങ്ങനെ അതീഖിന്റെ കൊള്ളയെ വെള്ളപൂശി ഇയാളെ മഹാനാക്കാനുള്ള ശ്രമമാണ് ലിബറലുകളും മുസ്ലിം വര്‍ഗീയ വാദികളും ഒരുമിച്ച് നടത്തുന്നത്.
പൊതുവേദിയില്‍ ഏറ്റവും അപലപനീയവും അവഹേളനപരവുമായും അശ്ലീലം കലര്‍ന്ന ഭാഷയിലും ആളുകളെ അപമാനിക്കുന്നതുമായ പരമാര്‍ശങ്ങള്‍ നടത്തുന്നയാളായിരുന്നു അതീഖ്.
എന്നാല്‍ മറുവശത്ത് കൊള്ളക്കാരെ മുഴുവന്‍ അടിച്ചൊതുക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചെയ്തിരുന്നത്. നിയമത്തിന്റെ പഴുതുകളും ഭരണകൂടത്തിന്റെ ആനൂകൂല്യങ്ങളും ഒക്കെ അനുഭവിച്ചിരുന്ന ഈ മാഫിയാ സംഘങ്ങളെ അദ്ദേഹം കര്‍ശനമായി അടിച്ചൊതുക്കി. നൂറുകണക്കിന് ഗുണ്ടാ സംഘങ്ങളെ ഇല്ലാതാക്കി. ഇതൊന്നും മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിലായിരുന്നില്ല. മറിച്ച് ഗുണ്ടകളെ ഗുണ്ടകളായി കരുതി. അവര്‍ക്കെതിരെയെല്ലാം മുഖം നോക്കാതെ നടപടിയെടുത്തു. 2023 ഫെബ്രുവരിയില്‍ കൊള്ളക്കാരനായ സാഹിബ് സിംഗിനെ യുപി.പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ച് കൊന്നു. മുക്താര്‍ അന്‍സാരിയെ 2022 ഡിസംബറില്‍ കൊന്നു. 2023 ഏപ്രില്‍ ബിജ്‌നോാറില്‍ ആദിത്യ റാണയെ കൊന്നു. വിനോദ് യാദവിനെ കൊന്നു. ഇങ്ങനെ നിരവധി നിരവധി ഗുണ്ടാ സംഘങ്ങളെ തന്റെ ഇച്ഛാശക്തികൊണ്ടു ഇല്ലാതാക്കി. കൊള്ളയടി സംഭവങ്ങള്‍ യോഗി വന്നതോടെ 32 ശതമാനമായി കുറഞ്ഞു. യോഗി അധികാരത്തില്‍ വന്നതിന് ശേഷം കലാപമോ നടന്നില്ല. ഇതോടൊപ്പം യു.പിയിലെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. മൊത്തം ആഭ്യന്തരോല്‍പാദനം ഏതാണ്ട് ഒരിരട്ടിയായി.
അതീഖിനെയും സഹോദരന്‍ അഷറഫിനെയും കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജൂഡിഷ്യല്‍്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ അപ്പോള്‍ തന്നെ പിടിച്ചു. പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ചതിനെ വലിയ സംഭവമാക്കാനാണ് ഇപ്പോള്‍ കാര്യമായ ശ്രമം നടക്കുന്നുണ്ട്. ഭരണകൂടത്തെയും ജൂഡിഷ്യറിയെയും നോക്കുകുത്തിയാക്കി ജയിലില്‍ കിടക്കുന്ന പ്രതികള്‍ പോലും ഗുണ്ടാ പ്രവര്‍ത്തനവും പിടിച്ചുപറിയും നടത്തിയപ്പോഴും ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. ഈ സംവിധാനങ്ങളുടെ പഴുതുകളെയൊക്കെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഈ മാഫിയയ്ക്ക് കഴിഞ്ഞിരുന്നു.
ഇവിടെ ഒരു മാഫിയ മാത്രമല്ല പിടിക്കപ്പെട്ടത്. എല്ലാ മതത്തിലും ജാതിയും പെട്ട മാഫിയകളെ മുഴുവന്‍ പിടിച്ചു. ഇതുവരെ പിടികൊടുക്കാത്തവരെ ഇപ്പോള്‍ പിടിച്ചു എന്നു മാത്രം. കുടുംബത്തോടെ അക്രമം നടത്തുന്നവരെ കുടുംബത്തോടെ തന്നെ പിഴുതെറിയണം. അതീഖിനെ ഒരു മകനും ഇപ്പോള്‍ ജയിലിലുണ്ട്. മറ്റൊരാള്‍ ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയായ ആസാദ് ആയിരുന്നു. അയാള്‍ അതീഖിനെ സബര്‍മതി ജയിലില്‍ നിന്ന പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്ന വഴി പൊലീസ് സംഘത്തെ ആക്രമിച്ച് അച്ഛനെ രക്ഷപ്പെടുത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടുവില്‍ പൊലീസുമായി ഉള്ള ഏറ്റമുട്ടില്‍ ആസാദും മരിച്ചു. ഇവരുടെ അമ്മ ഷായിസ പര്‍വീണ്‍ ആണ് ഉമേഷ് പാല്‍ കൊലക്കേസിലെ പ്രധാന പ്രതി. അവരിപ്പോള്‍ ഒളിവിലാണ്. കുറേക്കാലം ഉവൈസിയുടെ എ.ഐ.എം.യു.എമ്മില്‍ പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ മായാവതിയുടെ ബി.എസ്.പിയിലെത്തിയിരിക്കുകയാണ്. ഇതിനിടയില്‍ പ്രയാഗ്രരാജില്‍ മേയറാവാനും ഷായിസ ശ്രമം നടത്തിയതായാണ് അറിയുന്നത്. അവരെ കൂടി പിടികൂടുമ്പോള്‍ ഗുണ്ടാ കുടുംബം ഏതാണ്ട് ഒതുങ്ങും. യോഗി ആദിത്യ നാഥിനെ പോലൊരു അചഞ്ചലനും ഊര്‍ജസ്വലനും വിട്ടുവീഴ്ചയില്ലാത്തയാളുമായ മുഖ്യമന്ത്രി ലക്‌നോലിരിക്കുന്നതുകൊണ്ടാണ് യു.പിയിലെ മാഫിയ മൊത്തം വിറച്ചിരിക്കുന്നത്. ചില മാദ്ധ്യമങ്ങളുടെയും രാഷട്രീയക്കാരുടെയും സഹായത്തോടെ ഇപ്പോള്‍ കുറച്ചു ഒച്ച വയ്ക്കാം എന്നല്ലാതെ അവര്‍ക്കൊന്നിനും കഴിയില്ല. അത്രമാത്രം മാഫിയയെ യോഗി അടിച്ചമര്‍ത്തിക്കഴിഞ്ഞു.