ഐഫോണ്‍ 14 പ്രോ സീരീസ് ഒരു കാര്യത്തില്‍ നിരാശപ്പെടുത്തുമെന്നും ഇല്ലെന്നും അവകാശവാദങ്ങള്‍

1 min read


അടുത്ത മാസം അവതരിപ്പിച്ചേക്കുമെന്നു കരുതുന്ന ഐഫോണ്‍ പ്രീമിയം സീരീസില്‍ പ്രതീക്ഷിച്ചിരുന്ന ഒരു മാറ്റം ഇത്തവണയും ആപ്പിള്‍ കൊണ്ടുവന്നേക്കില്ലെന്നും കൊണ്ടുവരുമെന്നും വ്യത്യസ്ത വാദങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, അടിമുടി മാറ്റവുമായിട്ടായിരിക്കാം പുതിയ സീരീസിലെ ‘പ്രോ’ വിഭാഗത്തിലുള്ള ഫോണുകള്‍ ഇറങ്ങുക എന്നും കരുതപ്പെടുന്നു. ആപ്പിള്‍ 2017ല്‍ പുറത്തിറക്കിയ ഐഫോണ്‍ 10 (X)ന്റെ ചുവടുപറ്റിയുള്ള മാറ്റങ്ങളായിരുന്നു ഐഫോണ്‍ 13 പ്രോ സീരീസില്‍ വരെ കണ്ടത്. എന്നാല്‍, ഐഫോണ്‍ 14 പ്രോ സീരീസിന്റെ അത്യാകര്‍ഷകമായ പുതിയ ഡിസൈന്‍ കൗശലങ്ങളില്‍ ആപ്പിളിന്റെ കയ്യൊപ്പ് പതിഞ്ഞു കിടക്കുന്നത് കൃത്യമായി കാണാനായേക്കുമെന്നും പറയപ്പെടുന്നു.

ഐഫോണ്‍ പ്രോ സീരീസിന്റെ ലുക്കിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഇത്

ഐഫോണ്‍ 11 പ്രോ മുതല്‍ 13 പ്രോ സീരീസ് വരെ കയ്യില്‍ വച്ചിരിക്കുന്നവരെ പോലും ആകര്‍ഷിക്കാന്‍ ശേഷിയുള്ളതായിരിക്കും 14 പ്രോ സീരീസ് എന്നു പറയുന്നു. അവസാനം ആപ്പിളും തങ്ങളുടെ ഫെയ്‌സ്‌ഐഡി സിസ്റ്റത്തിനായി സൃഷ്ടിച്ച നോച്ചിനോട് വിടപറയുകയും പകരം ഗുളിക (പില്‍) ആകൃതിയിലുള്ള സംവിധാനം അവതരിപ്പിക്കുകയും ചെയ്യുമെന്നു പറയുന്നു.

വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പോലും പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറകള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ഈ വര്‍ഷം ഐഫോണിലും സ്‌ക്രീനിലെ നോച്ച് ഇല്ലാതാകുന്നതോടെ ഇതുവരെ ഇറങ്ങിയ എല്ലാ ഐഫോണുകളെക്കാളും മികവാര്‍ന്ന രീതി കാണാനായേക്കുമെന്നു പറയുന്നു. ഇറങ്ങാനിരിക്കുന്ന ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്ന ജോണ്‍ പ്രോസര്‍ ആണ് ഡിസൈനില്‍ കാര്യമായ മാറ്റം വരുമെന്നു വിശ്വസിക്കുന്നവരില്‍ ഒരാള്‍.

കൂടിയ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്

എല്‍സിഡി സ്‌ക്രീനുകളുമായി ഇറങ്ങിയിരുന്ന ഐഫോണുകള്‍ക്ക് ഓലെഡ് പാനലുകള്‍ ആദ്യമായി പിടിപ്പിച്ചു തുടങ്ങുന്നത് ഐഫോണ്‍ 10ല്‍ ആണ്. ഇതിന് 5.8ഇഞ്ച് വലുപ്പമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇറങ്ങിയ പ്രീമിയം ഫോണുകളുടെയെല്ലാം അടിസ്ഥാനം ഐഫോണ്‍ 10ന്റെ ഡിസൈന്‍ തന്നെയായിരുന്നു. ഐഫോണ്‍ 12 പ്രോ സീരീസില്‍ പരിപൂര്‍ണമായി ഫഌറ്റ് ആയ ഡിസൈന്‍ രീതി കാണാനായി. അത് ഐഫോണ്‍ 13 പ്രോ സീരീസിലും തുടര്‍ന്നു. എന്നാല്‍, ഇവയില്‍ നിന്നൊക്കെ ഒറ്റ നോട്ടത്തില്‍ ഐഫോണ്‍ 14 പ്രോ സീരീസില്‍ വ്യത്യാസം കാണാനാകുന്ന രീതിയിലാണ് ഡിസൈനില്‍ ആപ്പിള്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നു പറയുന്നു. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന പ്രോ മോഡലുകളിലും 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള പ്രോമോഷന്‍ ഡിസ്‌പ്ലേ ആയിരിക്കും നല്‍കുക. എന്നാല്‍, കൂടുതല്‍ ബ്രൈറ്റ്‌നസ് പ്രതീക്ഷിക്കുന്നുമുണ്ട്. അതുവഴി സൂര്യപ്രകാശം നേരിട്ടു പതിച്ചാലും അവയുടെ സ്‌ക്രീന്‍, 13 പ്രോ മോഡലുകളെ അപേക്ഷിച്ചു പോലും കൂടുതല്‍ വ്യക്തത നല്‍കിയേക്കും.

പിന്‍ ക്യാമറാ സിസ്റ്റത്തിന് വലുപ്പക്കൂടുതല്‍ കണ്ടേക്കും, 48 എംപി സെന്‍സറും

തൊട്ടു മുന്നിലെ ശ്രേണിയില്‍ കണ്ടതിനേക്കാള്‍ തള്ളിയിറങ്ങിയായിരിക്കും ഐഫോണ്‍ 14 പ്രോയുടെ പിന്‍ക്യാമറാ സിസ്റ്റം ഇരിക്കുക എന്ന് പ്രവചനങ്ങളുണ്ട്. ഇത് ഐഫോണ്‍ പ്രേമികള്‍ വകവച്ചേക്കില്ല. കാരണം, നാളിതുവരെ തങ്ങള്‍ക്ക് പരീക്ഷിച്ചു നോക്കാന്‍ സാധിക്കാതിരുന്ന ഒരു ഫീച്ചര്‍ ആപ്പിള്‍ നല്‍കുന്നു എന്നതില്‍ അവര്‍ക്കു താല്‍പര്യമുണ്ടാകും. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ഗുര്‍മന്‍ അടക്കം പലരും ഇക്കാര്യം പ്രവചിച്ചിട്ടുണ്ട്.

പിന്നില്‍ പ്രതീക്ഷിക്കുന്നത് ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ്. പ്രധാന ക്യാമറയ്ക്കു മാത്രമാണോ എല്ലാ ക്യാമറകള്‍ക്കും 48 എംപി സെന്‍സര്‍ കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, ഇതുവരെയുള്ള ഐഫോണുകള്‍ക്ക് പരമാവധി ലഭിച്ചിരിക്കുന്നത് 12 എംപി സെന്‍സറുകളായിരുന്നു. മുന്‍ ക്യാമറയ്ക്കും പ്രകടന വ്യത്യാസം പ്രതീക്ഷിക്കുന്നു. കൂടുതല്‍ മെഗാപിക്‌സലുള്ള സെന്‍സര്‍ മുന്‍ ക്യാമറാ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

റാം, പ്രോസസര്‍ കരുത്ത്

ഐഫോണ്‍ 10ന് 3 ജിബി റാം ആയിരുന്നു നല്‍കിയിരുന്നത്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തേതു പോലെ 6 ജിബി റാം ആയിരിക്കാം ലഭിക്കുക എന്നും കരുതപ്പെടുന്നു. എന്നാല്‍, ഈ വര്‍ഷം എല്‍പിഡിഡിആര്‍5 (LPDDR5) റാം ആയിരിക്കും ഐഫോണ്‍ 14 പ്രോ സീരീസില്‍ ലഭിക്കുക എന്നും പ്രവചിക്കപ്പെടുന്നു. ബാറ്ററിയുടെ കാര്യത്തില്‍ കൂടുതല്‍ മികവുറ്റ പ്രകടനം പ്രതീക്ഷിക്കുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ എ16 ബയോണിക് പ്രോസസറിന് വേണ്ടപ്പോള്‍ മാത്രം ശക്തി പുറത്തെടുക്കാനുള്ള കഴിവുള്ളതിനാല്‍ അനാവശ്യമായി ബാറ്ററി ഉപയോഗിക്കപ്പെടില്ല.

എപ്പോഴും ‘ഉണര്‍ന്നിരിക്കുന്ന’ ഡിസ്‌പ്ലേ

ഐഫോണിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടിരിക്കുന്നവരില്‍ ചിലര്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് അടുത്തിടെ ഉന്നയിച്ചത്. അതിലൊന്ന് ഓള്‍വെയ്‌സ് ഓണ്‍ സ്‌ക്രീന്‍ വേണമെന്നുളളതാണ്. ഈ മോഡില്‍, വാള്‍പേപ്പറുകള്‍ കൂടുതല്‍ ഇരുണ്ടിരിക്കുമെന്നാണ് സൂചന. ടച്ച് ചെയ്താല്‍ അവ യഥാര്‍ഥ അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

യുഎസ്ബിസി ഉണ്ടാകുമെന്നും ഇല്ലെന്നും വാദം

രണ്ടാമത് ഒരു ആവശ്യം യുഎസ്ബിസി പോര്‍ട്ട് ആയിരുന്നു. ധാരാളം ഫോട്ടോകളും വിഡിയോകളും പകര്‍ത്തുന്നവര്‍ക്ക് അത് അതിവേഗം കംപ്യൂട്ടറുകളിലേക്കും മറ്റും വയേഡായി മാറ്റാനാണ് കൂടുതല്‍ ശേഷിയുള്ള യുഎസ്ബിസി പോര്‍ട്ട് വേണമെന്ന് പലരും ആവശ്യപ്പെടുന്നത്. അത് ഈ വര്‍ഷവും പ്രതീക്ഷിക്കേണ്ടെന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ വേറൊരു കൂട്ടര്‍ പറയുന്നത് ഈ വര്‍ഷം പ്രോ മോഡലുകള്‍ക്കെങ്കിലും ആപ്പിള്‍ മാത്രം ഉപയോഗിക്കുന്ന താരതമ്യേന വേഗം കുറഞ്ഞ ലൈറ്റ്‌നിങ് പോര്‍ട്ടില്‍നിന്ന് മോചനം ലഭിക്കുമെന്നു തന്നെയാണ്. ഈ ഫീച്ചര്‍ വന്നില്ലെങ്കില്‍ ഇതിനായി വളരെ കാലമായി കാത്തിരിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.

സാദാ ഐഫോണ്‍ 14 സീരീസുകാര്‍ക്ക് നിരാശ?

ഐഫോണ്‍ പ്രോ മോഡലുകളും അല്ലാത്തവയുമായി പ്രോസസറിന്റെ കാര്യത്തില്‍ പോലും ആപ്പിള്‍ ഈ വര്‍ഷം മുതല്‍ വേര്‍തിരിവ് കാണിച്ചു തുടങ്ങുമെന്നാണ് ശക്തമായ സൂചന. ഐഫോണ്‍ 14 മിനി മോഡല്‍ ഉണ്ടായേക്കില്ല. പകരം ഐഫോണ്‍ 14, 14 മാക്‌സ് എന്നീ രണ്ടു മോഡലുകളായിരിക്കും ഉണ്ടായിരിക്കുക എന്നു പറയുന്നു. ഇവയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 13 സീരീസില്‍ കണ്ട അതേ പ്രോസസര്‍ തന്നെയായിരിക്കും നല്‍കുക എന്നാണ് കേള്‍വി. അതേസമയം, ഈ താഴ്ന്ന മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചേക്കില്ലെന്നും പറയുന്നു.

14 പ്രോ മോഡലുകള്‍ക്ക് 10,000 രൂപയോ അതിലധികമോ വര്‍ധന

ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് 10,000 രൂപയോ അതിലധികമോ വില വര്‍ധന പ്രതീക്ഷിക്കാം. അമേരിക്കയില്‍ 100 ഡോളറാണ് അധികമായി നല്‍കേണ്ടിവരുന്നത്. എന്നാല്‍, ഇന്ത്യയില്‍ രൂപയുടെ മൂല്യമിടിഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഐഫോണ്‍ 13 പ്രോ മോഡലുകളെ അപേക്ഷിച്ച് 10,000 രൂപയോ അതിലധികമോ വില വര്‍ധന പ്രതീക്ഷിക്കുന്നു. പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ തമ്മില്‍ സ്‌ക്രീന്‍ വലുപ്പത്തിലൊഴികെ വ്യത്യാസമുണ്ടാകുമോ? ഉണ്ടായേക്കാം എന്നാണ് ശ്രുതി. ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ പ്രധാന ക്യാമറാ സെന്‍സറിന് പ്രോ മോഡലിനേക്കാളേറെ വലുപ്പം കണ്ടേക്കാമെന്ന് അവകാശവാദമുണ്ട്. എന്തായാലും മുന്‍ വര്‍ഷങ്ങളിലേതുപോലെ ഐഫോണ്‍ പ്രേമികള്‍ ഈ വര്‍ഷവും പുതിയ ഐഫോണുകള്‍ എത്താന്‍ കാത്തിരിക്കുകയാണ്. പ്രീമിയം ഐഫോണ്‍ മാത്രമേ ഉപയോഗിക്കൂ എന്നു ശാഠ്യമുള്ളവര്‍ക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ മികച്ച മോഡല്‍ തന്നെയായിരിക്കും ഐഫോണ്‍ 14 പ്രോ മാക്‌സ്.

English Summary: Will iPhone 14 Pro disappoint fans in this regard

Related posts:

Leave a Reply

Your email address will not be published.