ചന്ദ്രബാബു നായിഡുവും എന്‍.ഡി.എയിലേക്ക് വരുമോ?
1 min readആന്ധ്രയില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി ബി.ജെ.പി സഖ്യത്തിലേക്ക് വരുമോ. 2019ല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില് പ്രതിഷേധിച്ച് ടി.ഡി.പി ദേശീയ ജനാധിപത്യ സഖ്യം വിട്ടിരുന്നു. ചന്ദ്രബാബു നായിഡു ആകട്ടെ ഇടക്കാലത്ത് ദേശീയ പ്രതിപക്ഷ സഖ്യത്തിന്റെ പ്രമുഖ വക്താവുമായിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച ഇന്‍ഡ് സഖ്യത്തില്‍ ടി.ഡി.പി ഉണ്ടായിരുന്നില്ല. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ നായിഡു ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതേ സമയം പ്രതിസന്ധി ഘട്ടത്തിലൊക്കെ കേന്ദ്രസര്‍ക്കാരിന്റെ കൂടെ നിന്ന ആന്ധ്രയിലെ ഭരണകക്ഷി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും അവരുടെ ബദ്ധവൈരിയായ ടി.ഡി.പിയോട് കൂട്ടൂകൂടാന്‍ ബി.ജെ.പി ശ്രമിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഏതാനും മാസം മുമ്പ് അഴിമതി ആരോപണത്തെ തുടര്‍ന്ന് നായിഡു അറസ്‌റ്‌റിലായപ്പോള്‍ മകന്‍ ഡല്‍ഹിയിലെത്തി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ മാത്രമാണ് ബി.ജെ.പി ഫലപ്രദമായ സഖ്യം ഉണ്ടാക്കിയത്. കേരളത്തിലും തമിഴ്‌നാട്ടിലും കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തെലങ്കാനയിലും ആന്ധ്രയിലും തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് കക്ഷികളുമായി സഖ്യമുണ്ടാക്കാനാണ് സാദ്ധ്യത. ദക്ഷിണേന്ത്യയിലെ 130 സീറ്റില്‍ 40 എണ്ണമെങ്കിലും ഒറ്റയ്ക്ക് പിടിക്കാനും ഇന്ത്യാ സഖ്യത്തെ 60 സീറ്റിലൊതുക്കാനുമാണ് ബി.ജെ.പിശ്രമം.