കേരളം ഒരു റിപ്പബ്ലിക്ക് ആയാലെന്താ ഒരു ഭരണഘടനയും: ഒരു ശശിതരൂര്‍ ഐഡിയ
1 min read
കേരളം ഒരു രാജ്യം, ഒരു കൊടി, ഒരു ഭരണ ഘടന, പിന്നെ വായ്പ പരിധി പ്രശ്‌നമില്ലല്ലോ?
കേരളം ഒരു രാജ്യം, കൊടി, ഭരണഘടന പറഞ്ഞത് കമ്യൂണിസ്റ്റുകാരൊന്നുമല്ലേ , നമ്മുടെ ശശിയണ്ണനാണ്. വിശ്വപൗരന്‍, ശശിതരൂര്‍ജി. ഈ രാജ്യാതിര്‍ത്തികള്‍ എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ സങ്കുചിതമല്ലേ, നമ്മളൊക്കെ വിശ്വപൗരന്മാരല്ലെ. ‘കൃണ്വന്തോ വിശ്വമാര്യം,ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നൊക്കെ കേട്ടിട്ടില്ലേ, കല്യാണം, ഒരു ഭാര്യ അതൊക്കെ പഴഞ്ചനാണെന്ന് നമ്മുടെ മൈത്രേയന്‍ സാറും ജിയോബേബി സാറും ഒക്കെ പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ. ഒരാണ്‍ ഒരു പെണ്ണിനെ കെട്ടുന്നു, അങ്ങനെ തന്നെ വേണോ, ആണിന് ആണിനെ കെട്ടിക്കൂടെ, പെണ്ണിന് പെണ്ണിനെ കെട്ടിക്കൂടെ, എന്തിന് കെട്ടണം, അനേകം പാര്‍ട്ടണര്‍മാര്‍, ഓരോ കാലത്തും ഓരോ ഇണ, ഇങ്ങനെ ലോകം പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ ഒരു രാജ്യം, ഒരു കൊടി, ഒരു ഭരണഘടന, വായ്പയ്ക്ക് പരിധി, കേന്ദ്രത്തിന് മാത്രം പരിധിയില്ല തുടങ്ങിയ പഴഞ്ചന്‍ ആശയങ്ങളുമായി നടക്കാതെ. പുരോഗമന വാദിയാകു. ഇതൊന്നും ഫാറൂഖ് കോളേജിലെ പിള്ളാരുടെ ലവലിലുള്ളവര്‍ക്കൊന്നും മനസ്സിലാകില്ല.
പിന്നെ അതിനിടയ്ക്ക് കല്യാണം സാധാ ആയാലും ഗേ കല്യാണം ആയാലും ഞങ്ങള്‍ സ്ത്രീധനമോ പുരുഷധനമോ ചോദിക്കും കേട്ടോ. അതിന് നിങ്ങളുടെ പുരോഗമനമൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല, ഒന്നരക്കോടി, ബി.എം.ഡ്ബ്ല്യു. ഒരു കിലോ സ്വര്‍ണം ഏക്കര്‍ കണക്കിന് ഭൂമി അതൊക്കെ വേണ്ടിവരും. ബാക്കിയൊക്കെ പ്രസംഗം, സിനിമ, സെമിനാര്‍്,ലേഖനം, പി.എച്ച് ഡി എന്നിവയിലൊതുങ്ങും. അതു പോട്ടെ , അതൊന്നുമല്ല പറയാന്‍ ഉദ്ദേശിച്ചത്. അത് നമ്മുടെ വിശ്വപൗരന്റെ കാര്യമാണ്. ശശിതരൂര്‍ജിയുടെ. പാര്‍ലമെന്റില്‍ കശ്മീര്‍ ബില്ലിനെക്കുറിച്ച് പറയുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതൊന്നും നമ്മുടെ തരൂര്‍ജിക്ക് പിടിച്ചില്ല.
അദ്ദേഹം ചോദിക്കുകയാ. അങ്ങനെ പറയാമോ. ഒരു രാജ്യത്ത് പല ഭരണഘടന, പല കൊടി, പല പ്രധാനമന്ത്രിമാര്‍ അതൊക്കെ നടപ്പുള്ള കാര്യമാണോ. ലോകത്തെവിടയെങ്കിലും , എന്നൊക്കെയാണ് നമ്മുടെ അമിത് ഷാ പറയുന്നതത്രെ. അങ്ങനെ പറയാന്‍ പാടുണ്ടോ. അതും ശശിതരൂരിനെ പോലുള്ള പണ്ഡിതര്‍ ഇരിക്കുന്ന സഭയില്‍,
തരൂര്‍ജി പറയുകയാണ്. ഞാനെത്ര ഉദാഹരണം വേണമെങ്കില്‍ തരാം. അമേരിക്കയില്‍ ഓരോ സ്‌റ്റേറ്റിനും ഓരോ കൊടിയുണ്ട്. അമിത് ഷായ്ക്കതിനെക്കുറിച്ചറിയാഞ്ഞിട്ടാ.

അമിത് ഷാ പറഞ്ഞതെന്താ. ഒരു രാജ്യം ഒരു ഭരണഘടന എന്നൊക്കെ പറഞ്ഞാല്‍ അത് വെറും രാഷ്ട്ീയ മുദ്രാവാക്യമാകേണ്ടതല്ല. നമ്മുടെ അടിസ്ഥാന പ്രമാണമായിരിക്കണം അത്.
അതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി പറഞ്ഞത്. എന്ത് പറഞ്ഞു. ഏക് രാജ്യ മേ ദോ പ്രധാന്‍, ദോ വിധാന്‍,ദോ നിശാന്‍ ,നഹി ചലേഗാ ,നഹി ചലേഗാ എന്ന് . ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇരിക്കുമ്പോള്‍ ്ശ്രീനഗറില്‍ കാശ്മീര്‍ പ്രധാനമന്ത്രി ഇരിപ്പുണ്ടായിരുന്നു. അതിനെതിരെ ആയിരുന്നു ശ്യാമ പ്രസാദ് മുഖര്‍ജി സമരം നടത്തിയത്. കാശ്മീര്‍ ജയിലിലടയ്ക്കപ്പെട്ട മുഖര്‍ജി അവിടെ കിടന്ന് മരിച്ചു, അല്ലെങ്കില്‍ അദ്ദേഹത്തെ ഇല്ലാതാക്കി. ഈ തെറ്റുതിരുത്താന്‍ നമുക്ക് മോദി വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.

അതാണ് നമ്മുടെ തരൂര്‍ജിക്ക് ഉള്‍ക്കൊള്ളാത്തത്. അദ്ദേഹം പറയുന്നത്, അങ്ങനെ വ്യക്തമായി പറഞ്ഞില്ല കേട്ടോ, എന്നാലും ഉള്ളിന്റെ ഉള്ളില്‍ അങ്ങനെയാണ്. ഓരോ സംസ്ഥാനവും ഒരു രാജ്യമായി മാറുക, ഓരോ ഭരണഘടന, പ്രത്യേകം പ്രത്യേകം കൊടി. തരൂര്‍ജി തിരുവനന്തതപുരത്ത് നിന്ന് ഇനി എത്ര തവണ ജയിച്ചാലും ഡല്‍ഹിയില്‍ സീറ്റുണ്ടാവില്ല. അത് മോദി തന്നെ. പിന്നെ നമുക്ക് ഇവിടെയെങ്ങാനും നോക്കുന്നതല്ലെ നല്ലത്.
സി.പി.എമ്മിനും പെരുത്തിഷ്ടമായിരിക്കും അത്. അവര്‍ പണ്ട് പറഞ്ഞതാണ് .ഇന്ത്യ ഒരു രാഷ്ട്ര മല്ല , വിവിധ രാജ്യങ്ങളാണെന്ന്. വിവിധ ദേശീയതകളാണെന്ന് . കേരളം മലയാളികളുടെ മാതൃഭൂമി, തമിഴ് നാട് തമിഴരുടെ മാതൃഭൂമി, അവര്‍ക്കെല്ലാം സ്വാതന്ത്ര്യം കൊടുക്കണമെന്ന്. നിവൃത്തിയില്ലാത്തതുകൊണ്ട് അവരൊക്കെ ഇന്ത്യാക്കാരായി. ഇനി അവര്‍ക്ക് ഖേരളീയനാവണം. അവര്‍ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി, കണ്‍ട്രോള്‍ കമ്മിഷന്‍ എന്നൊക്കെ പറയുമെങ്കിലും എല്ലാം ഇവിടെ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം, 0.0002 ശതമാനം വോട്ടുള്ള സ്ഥലങ്ങളാണ്. അതുകൊണ്ട് റിപ്പബ്ലിക്ക് ഓഫ് ഖേരളം ആയാലാണ് നല്ലത്.
നമ്മുടെ ബാലഗോപാല്‍ സാര്‍ , ചോദിക്കാറില്ലെ, പഴയ ഐസക്ക് അണ്ണന്‍ ചോദിക്കാറില്ലേ, കേന്ദ്രത്തിന് കടമെടുക്കാന്‍ പരിധിയില്ല, കേരള ത്തിന് മാത്രം പരിധി , ഇതെന്തു ന്യായമെന്ന്. അത് ശരിയാ. അങ്ങനെയാണെങ്കില്‍ നമുക്ക് കേരളത്തെ അങ്ങ് ഒരു രാജ്യമായി പ്രഖ്യാപിച്ചുകളയാം. അപ്പോള്‍ പിന്നെ വായ്പക്ക് ജി.എസ്. ഡി.പിയുടെ ഇത്ര ശതമാനം എന്നൊന്നും പറഞ്ഞ് ആരും വരില്ലല്ലോ. ഞങ്ങള്‍ പിരിക്കും നികുതിയെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ എന്ന് വിളിക്കാമല്ലോ.
പിന്നെ ഇ.ഡി, സി.ബി.ഐ തുടങ്ങിയ അലവലാതികളൊന്നും വരില്ലല്ലോ.
മുഖ്യമന്ത്രിക്കും പി.ശശിക്കും ശിവശങ്കരനും സി.എം. രവീന്ദ്രനുമൊക്കെ സ്ഥിരമായി യു.എ.ഇ കോണ്‍സുലേറ്റില്‍ പോകുന്നതിന് ആരോടും ചോദിക്കേണ്ട. പിണറായി വിജയന് വിദേശത്ത് പോകുന്നതിന് ആരുടെയും അനുമതിയും വേണ്ട. പിന്നല്ല.
അങ്ങനെ തരൂര്‍ജിയും സി.പി.എമ്മും ഒക്കെ ഒരുമിച്ചു ഭരിക്കാന്‍ പാകത്തില്‍ ഒരു ഭരണഘടനയും ഞങ്ങളുണ്ടാക്കും. അല്ല പിന്നെ.