ഭ്രമയുഗത്തെ ഫെയറി ടെയിലിലേക്ക് കൊണ്ടു പോയതാര്

1 min read

ഭ്രമയുഗത്തില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടും ആസിഫ് നോ പറഞ്ഞത് എന്തിന്?

സിനിമാ പ്രേമികളുടെ എല്ലാം ഇപ്പോഴത്തെ സംസാര വിഷയം ഭ്രമയുഗം എന്ന സിനിമയെ കുറിച്ചാണ്. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ബ്ലാക് ആന്റ് വൈറ്റില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും വേഷങ്ങളും ശ്രദ്ധേയമാണ്.

ആരാധകരെ സംബന്ധിച്ച് മമ്മൂക്കയിലെ നടന്റെ ഈ വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകള്‍ കാണുന്ന ത്രില്ലിലാണ്. മമ്മൂക്കയല്ലാതെ ഭ്രമയുഗത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാരും ഇല്ലെന്ന് ഇതിനോടകം തന്നെ ആരാധകര്‍ വിധിയെഴുതി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി അമല്‍ഡ ലിസ്.

‘സിനിമ സൂപ്പര്‍ഹിറ്റാണ്, തീയറ്ററില്‍ തന്നെ കാണണം. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ആളുകളൊക്കെ വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നു. മമ്മൂക്ക നന്നായി ചെയ്തിട്ടുണ്ട്. എല്ലാ നടന്മാരുടെയും പെര്‍ഫോമന്‍സും പിന്നിലുള്ളവരുടെ ശ്രമങ്ങളും തീയറ്ററില്‍ തന്നെ കാണണം. മമ്മൂക്കയ്ക്ക് എങ്ങനെ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്. ഒരു വല്ലാത്ത മീറ്ററിലാണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നത്. നല്ല നല്ല കഥാപാത്രങ്ങളാണ് മമ്മൂക്കയെ തേടിയെത്തുന്നത്. വേണമെങ്കില്‍ അദ്ദേഹത്തിന് ചിന്തിക്കാം എന്തെങ്കിലും ചെയ്താല്‍ മതിയെന്ന്. പക്ഷെ അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നത് അത്രത്തോളം പാഷനോടെ ആണ്. മമ്മൂക്കയുടെ സ്‌കില്‍ ഒന്നും തീരില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്യും.

എനിക്ക് ഈ വേഷം കിട്ടിയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരു സ്‌ക്രീന്‍ ടെസ്റ്റ് പോലും ഇല്ലാതെയാണ് ഈ വേഷം കിട്ടിയത്. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്റെ ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം നമ്മളെ സംസാരിച്ച് നല്ല കംഫര്‍ട്ട് ആക്കും. പോരാഞ്ഞ് ഡയറക്ടര്‍ നല്ല സ്‌പേസ് തന്നിരുന്നു. ഡ്രെസ് ഇട്ടിട്ടുള്ള ട്രയല്‍ ഒരുപാട് തവണ ചെയ്തിരുന്നു. ഞങ്ങള്‍ അത് ടെസ്റ്റ് ഷൂട്ട് നടത്തി കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കണ്ടുനോക്കി. ആര്‍ക്കും കളറില്‍ അത് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഈ സ്റ്റോറിയെ ഒരു ഫെയറി ടെയിലിലേക്ക് കൊണ്ടുപോകുന്നത് എന്റെ കഥാപാത്രമാണ്.

മമ്മൂക്ക സെറ്റിലൊക്കെ ഭയങ്കര എനെര്‍ജെറ്റിക്കാണ്. സസ്‌പെന്‍സ് ഉള്ളത് കൊണ്ടാണ് എന്റെ ഫോട്ടോ പോസ്റ്ററില്‍ ഇല്ലാതിരുന്നത്. മണികണ്ഠന്റെ കൂടെയായിരുന്നു ആദ്യത്തെ വര്‍ക്ക്. ഇപ്പോള്‍ വീണ്ടും ഈ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ സന്തോഷം. ഞാന്‍ ഇതുവരെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാ നടന്മാരും ദുല്‍ഖര്‍ ഉള്‍പ്പെടെ എനിക്ക് തുടക്കകാരി എന്ന നിലയില്‍ നല്ല സപ്പോര്‍ട്ട് തന്നിട്ടുണ്ട്, നല്ല മനുഷ്യനമാരാണ് നല്ല നടന്‍മാര്‍ എന്നതിനേക്കാള്‍. പ്രിവ്യൂ മുതല്‍ സിനിമ ഒറ്റ വട്ടമേ കണ്ടുള്ളു. ഇനി മെന്റലി പ്രിപ്പേര്‍ഡ് ആയിട്ട് വേണം ഒന്നുകൂടി കാണാന്‍. ഫ്രണ്ട്‌സും ഫാമിലിയുമൊക്കെ സിനിമ കണ്ടിട്ട് നന്നായി എന്ന് പറഞ്ഞു. മമ്മൂക്കയുടെ കൂടെ ഇനിയും സിനിമ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അതുപോലെ തന്നെയാണ് ലാലേട്ടന്റെ കൂടെയും. ഇവരൊക്കെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമയെ ചെയ്യുള്ളു, അതില്‍ ഒരു ഭാഗമാവാന്‍ കഴിയുക ഒരു ഭാഗ്യമാണ്. സിനിമയില്‍ വന്നിട്ട് എട്ടുവര്‍ഷമായി. തനിക്ക് കിട്ടുന്ന സിനിമകളില്‍ നിന്നും ഇഷ്ടമുള്ളത് നോക്കി ആണ് സെലക്ട് ചെയ്യുന്നതെന്നും അമല്‍ഡ പറയുന്നു.

ഭ്രമയുഗത്തില്‍ യക്ഷിയുടെ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. സിനിമയില്‍ വന്നിട്ട് എട്ട് വര്‍ഷമായെങ്കിലും ശ്രദ്ധിക്കപ്പെടുന്ന അല്ലെങ്കില്‍ ചര്‍ച്ചയാകുന്ന ഒരു കഥാപാത്രം അമല്‍ഡയെ തേടി എത്തിയത് ഇപ്പോഴാണ്. മോഡലിംഗിലൂടെയാണ് നടി തന്റെ കരിയറിന് തുടക്കമിടുന്നത്. 2016ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 2019ല്‍ നയന്‍ എന്ന സിനിമയുമായെത്തി. അണ്ടര്‍ വേള്‍ഡ്, സി യു സൂണ്‍, സുലൈഖ മന്‍സില്‍, ട്രാന്‍സ് എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഭ്രമയുഗത്തിന് ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം മൗത്ത് പബ്ലിസിറ്റി കിട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാസങ്ങള്‍ക്ക് മുന്‍പ് ആസിഫ് അലി നല്‍കിയ അഭിമുഖങ്ങള്‍ വൈറലാവുന്നത്. ഭ്രമയുഗത്തിലേക്ക് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആദ്യം വിളിച്ചത് ആസിഫ് അലിയെ ആയിരുന്നുവത്രെ. അര്‍ജുന്‍ അശോകന്‍ ചെയ്ത വേഷത്തിലേക്കാണ് തന്നെ വിളിച്ചതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമ ഒരു എക്സ്രാ ഓര്‍ഡിനറി സംഭവമായിരിക്കും എന്ന് ആസിഫ് അന്ന് പറഞ്ഞതും ഇന്ന് സത്യമായി.

അത്രയും വിശ്വാസം ഉണ്ടായിരുന്നിട്ടും ആസിഫ് അലി എന്തിന് സിനിമയോട് നോ പറഞ്ഞു എന്നതാണ് ചോദ്യം. ഭ്രമയുഗത്തിന്റെ ഷൂട്ടിങ് റീഷെഡ്യൂള്‍ ചെയ്തപ്പോള്‍ എന്റെ മറ്റൊരു സിനിമയുടെ ഡേറ്റുമായി ക്ലാഷ് ആയി. ഏറ്റെടുക്കാന്‍ വേറെ മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ടാണ് ഭ്രമയുഗം ചെയ്യാന്‍ പറ്റാതെ പോയത്. അതില്‍ എനിക്ക് വിഷമമുണ്ട് എന്നാണ് ആസിഫ് അലി പറഞ്ഞത്.

സോകോള്‍ഡ് സിനിമകള്‍ എടുക്കാന്‍, നിലനില്‍പിന്റെ പ്രശ്‌നം ഓര്‍ത്ത് നടന്മാര്‍ മടിക്കുമ്പോള്‍ ആ പേടി മാറ്റി തന്ന നടനാണ് മമ്മൂക്ക. റോഷാക്ക് എന്ന ചിത്രം ചെയ്യുന്ന സമയത്ത്, ‘ഇത് പോലുള്ള വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ എടുക്കണം’ എന്നദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഭ്രമയുഗം എന്ന സിനിമ. ആ സിനിമയെ കുറിച്ചുള്ള മമ്മൂക്കയുടെ ജഡ്ജ്‌മെന്റ് വിശ്വസിക്കാന്‍ കഴിയാത്തതാണ്. ഭ്രമയുഗത്തിലെ ആ വേഷം മമ്മൂക്ക ചെയ്യും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

ഈ സിനിമ ഏറ്റെടുത്ത് ചെയ്യണം എങ്കില്‍ അതിനൊരു ധൈര്യം വേണം. അത് മമ്മൂക്ക കാണിച്ചു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്, അദ്ദേഹത്തിന്റെ ധൈര്യം ഇന്‍സ്‌പെയറിങ് ആണ്. അതുകൊണ്ടാണ് ഇന്നും മലയാളത്തിന്റെ മഹാനടനായി നില്‍ക്കുന്നത്. സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ മലയാളത്തിലെ നമ്പര്‍ വണ്‍ സിനിമയായിരിക്കും അത് എന്നാണ് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ആസിഫ് അലി പറഞ്ഞത്. ആ പ്രെഡിക്ഷന്‍ ശരിയായി എന്ന് ഇന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.