അബിഗേലിനെ തട്ടിക്കൊണ്ടുപോയത് ആര്? പോലീസ് ഇപ്പോഴും കണ്‍ഫ്യൂഷനില്‍

1 min read

അന്വേഷണം പ്രതികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാവാം. എന്നാല്‍ പോലീസിനും വീഴ്ച

കേരളം മുഴുവന്‍ ഒരു ദിവസത്തോളം അബിഗേലിന് വേണ്ടി നെടുവീര്‍പ്പിടുകയായിരുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയിട്ടും കേരള പോലീസിന് തുടക്കത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനായില്ല. നാട്ടുകാരുടെ ജാഗ്രതയോടൊപ്പം പൊലീസ് അന്വേഷണവും തിരിച്ചിലും കനത്തതും ആണ് പ്രതികള്‍ക്ക് കുട്ടികളെ ഉപേക്ഷിച്ച കടക്കേണ്ടിവന്നത്. എന്നാല്‍ അടുത്ത ദിവസം രാവിലെ പത്ത് മണിയോടെ കുട്ടിയെ വിടാം എന്ന് പ്രതികള്‍ നേരത്തെ തന്നെ പറഞ്ഞതായും സൂചനയുണ്ട്.

തലേദിവസം വൈകിട്ട് 4.30നാണ് പെണ്‍കുട്ടിയെ അക്രമി സംഘം തട്ടിക്കൊണ്ടുപോകുന്നത്. ബാലനായ സഹോദരന്‍ തന്നാലാവുന്ന വിധത്തില്‍ ചെറുത്തുനില്പ് നടത്തിയെങ്കിലും സഹോദരിയെയും കൊണ്ട് അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയി നിമിഷങ്ങള്‍ക്കകം അത് പുറത്തറിഞ്ഞിരുന്നുവെന്നര്‍ഥം. കാറില്‍ കുട്ടിയെതട്ടിക്കൊണ്ടുപോയ ഉടന്‍ സ്വാഭാവികമായും നാട്ടുകാരോ ബന്ധുക്കളോ പോലീസില്‍ അറിയിച്ചുകാണും. പൊലീസ് ഏറ്റവും അധികം ജാഗ്രത പാലിക്കേണ്ടിയിരുന്നു സമയത്ത് ഉപേക്ഷകാണിച്ചതായി അനുമാനിക്കേണ്ടിയിരിക്കുന്നു. വളരെ വൈകിയാണ് പോലീസടകുടഞ്ഞ് എഴുന്നേറ്റത്. ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ തന്നെ പഴുതടച്ച അന്വേഷണം നടന്നിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ പ്രതികള്‍ കുടുങ്ങിയേനെ. കുട്ടിയെ പ്രതികള്‍ തന്നെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നതോടെ പൊലീസിന്റെ മേലുള്ള സമ്മര്‍ദ്ദം ഒഴിവായെങ്കിലും പ്രതികളാര്, എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം നല്‍കേണ്ട ഗൗരവമായ ബാദ്ധ്യതയാണ് പോലീസില്‍ വന്നുചേര്‍ന്നിരിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ഉടന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഉയര്‍ന്ന പോലീസ് ഉദ്യോഗ്സഥരെ അപ്പോള്‍ തന്നെ വിവരമറിയിക്കുകയും ഏകോപിത സംവിധാനം ഉണ്ടാക്കുകയും ചെയ്തിരുന്നവെങ്കില്‍ 1000 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ പ്രതികളെ തളച്ചിടുകയും അരിച്ചുപെറുക്കല്‍ എളുപ്പമാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ താഴെക്കിടയിലുള്ള പോലീസിന് ഒരു പ്രൊഫഷണല്‍ സംവിധാനമില്ലാത്തത് വിനയായി.

ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പണമാണോ ഇവരുടെ ഉദ്ദേശ്യം. ഇവര്‍ കുട്ടിയുടെ ബന്ധുക്കളോ അടുത്ത ബന്ധുക്കളുമായി ശത്രുതാപരമായ ബന്ധമുള്ള പരിചയക്കാരോ സുഹൃത്തുക്കളോ അകന്ന ബന്ധുക്കളോ ആണോ. ഈ കുട്ടി എവിടെയൊക്കെ എപ്പോഴൊക്കെ പോകുമെന്നറിയുന്നവരാണ് തട്ടിക്കൊണ്ടുപോയത്. അല്ലെങ്കില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവരതിനായി കാര്യമായി യത്നിച്ചിട്ടുണ്ട്. അതിന് പിറകിലുള്ള ചേതോവികാരം എന്താണ്.

കുട്ടിയെ കിട്ടാത്തതുകൊണ്ടുണ്ടാകുന്ന സമ്മര്‍ദ്ദം ഒഴിവായെങ്കിലും കേരള പോലീസിനുമേലുള്ള സമ്മര്‍ദ്ദം കൂടുകയാണ്. കുറ്റവാളി തന്നെ ഇരയെ വിട്ടയയ്ക്കുന്നു. പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നു. പെണ്‍കുട്ടിയെ മൈതാനത്ത് ഉപേക്ഷിക്കാന്‍ വന്ന സംഘത്തെ അപ്പോള്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരള പോലീസ് മാനം രക്ഷിക്കാമായിരുന്നു. കുറ്റാന്വേഷണ രംഗത്തെ അത്യന്താധുനിക സംവിധാനങ്ങളൊക്കെ ലഭ്യമായിരുന്നിട്ടും പോലീസിനെ വെള്ളംകുടിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോയവര്‍ക്ക് കഴിഞ്ഞു. കേരള പോലീസിന് മാത്രമല്ല നാട്ടിലെ ഭരണാധികാരികളുടെയും കണ്ണുതുറപ്പിക്കുന്നതാണ് പുതിയ സംഭവം. ഏതൊക്കെ വലിയ കുറ്റകൃത്യങ്ങള്‍ നടന്നാലും സി.സിടി.വി യുടെ ആവശ്യകതയെക്കുറിച്ച് നാം പറയാറുണ്ട്. ഏതാണ്ടെല്ലാ റോഡുകളിലും കടകളിലുമെല്ലാം സി.സിടി.വി ഉണ്ടാന്നാണ് വയ്പ്. എന്നാല്‍ ഇതൊന്നും ഉപകാരത്തിനെത്തിയില്ല. റോഡുകളിലെ എ.ഐ കാമറയെക്കുറിച്ചായിരുന്നു ഇതുവരെ ഉണ്ടായിരുന്ന വിവാദങ്ങളൊക്കെ. കാറിലകത്തിരിക്കുന്നവരുടെ മുഖം വരെ വളരെ വ്യക്തമാവുന്ന കാമറകളാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതത്രെ. എന്നാല്‍ ഇതൊന്നും ഒരു ആവശ്യത്തിന് കിട്ടുന്നുമില്ല, സഹായകരവുമല്ല.

കേരളം മുഴുവന്‍ ഒരു ദിവസത്തോളം ആ കൊച്ചുമോള്‍ക്ക് വേണ്ടി വ്യാകുലപ്പെടുകയായിരുന്നു. കൊല്ലം ജില്ലയിലും പരിസര പ്രദേശങ്ങളിലുമൊക്കെ കാടും അല്പം ഒഴിഞ്ഞുകിടക്കുന്നതുമായ സ്ഥലങ്ങളിലൊക്കെ അമ്മമാരും തൊഴിലാളികളുമൊക്കെ വടിയുമായി അക്രമികളെ തേടി ഇറങ്ങിയ കാഴ്ച കാണാമായിരുന്നു. അബിഗേലിന്റെ സുരക്ഷിതത്വത്തോടൊപ്പം തങ്ങളുടെ മക്കളും കുഞ്ഞുമക്കളുമൊക്കെ നാളെ തട്ടിക്കൊണ്ടുപോകപ്പെടും എന്ന ഭയവും അവരെ വേട്ടയാടുന്നുണ്ട്. അബിഗേലിനെ കിട്ടിയപ്പോള്‍ ആശ്വസമായെങ്കിലും നാട്ടുകാരുടെ ആകാംക്ഷയ്ക്കും ഉത്കണ്ഠയ്ക്കും ഭയത്തിനും അറുതിയായിട്ടില്ല.
പട്ടാപകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുക, നഗര മദ്ധ്യത്തില്‍, പോലീസ് തിരിച്ചിലിനിടെ കുട്ടിയെ ഉപേക്ഷിക്കുക ഇതും നടക്കുന്നു.

ഇനി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് പോലീസാണ്. ആരാണ് ഇതിലെ പ്രതികള്‍, ഇവരെ ആരാണ് സഹായിച്ചത്. എന്തായിരുന്നു ഇവരുടെ ലക്ഷ്യം. പണം ആയിരുന്നുവോ. അല്ലെങ്കിലെന്ത്.

Related posts:

Leave a Reply

Your email address will not be published.