ഡോണ്‍ 3യില്‍ ഇനിയാരൊക്കെ
1 min readഡോണിലേക്ക് പുതിയ മുഖങ്ങള്‍, പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമോ?
രണ്‍വീര്‍ സിങിനെ നായകനാക്കി ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്യുന്ന ഡോണ്‍ 3യില്‍ കിയാര അഡ്വാനി നായികയായെത്തും. ഇതോടെ ഡോണ്‍ സീരിസിലെ ഷാറുഖ് ഖാന്, പ്രിയങ്ക ചോപ്ര എന്നിങ്ങനെയുള്ള താരങ്ങളാരും തന്നെ പുതിയ ഡോണ്‍ യൂണിവേഴ്സില് ഉണ്ടാകില്ല. എന്നാല്‍ ഷാറുഖ് ആരാധകര്‍ അല്പം നിരാശയിലാണ്. ‘ഡോണ്‍’ എന്ന കഥാപാത്രമായി ഷാറുഖിനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന് പോലുമാകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
സിനിമയുടെ കാസ്റ്റിങ് മാറിയതിനെക്കുറിച്ച് ഫര്ഹാന് അക്തര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ:
”1978ല്‍, സലിംജാവേദ് സൃഷ്ടിച്ച് അമിതാഭ് ബച്ചന് അവതരിപ്പിച്ച് ഗംഭീരമാക്കിയ അനശ്വര കഥാപാത്രം. രാജ്യത്തുടനീളമുള്ള തിയറ്റര്‍ ആസ്വാദകരുടെ ഭാവനയെ അത് കീഴടക്കി. അതായിരുന്നു ഡോണ്‍. 2006ല്‍, ഷാറുഖ് ഖാന് തന്റേതായ രീതിയില്‍ ഡോണിനെ പുനര്‍നിര്‍മിക്കുകയും ജീവസുറ്റതാക്കുകയും ചെയ്തു. ഡോണിന്റെ കൂര്‍മബുദ്ധി മുതല്‍ ശാന്തവും എന്നാല്‍ ഭയാനകവുമായ ക്രോധം വരെ ഷാരൂഖ് തന്റെ വ്യക്തിത്വത്തില്‍ ഉള്‍ക്കൊള്ളിച്ച് അഭിനയിച്ചു. എഴുത്തുകാരനും സംവിധായകനും എന്ന നിലയില്‍, ഷാരൂഖിനൊപ്പം രണ്ട് ‘ഡോണ്‍’ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആ അനുഭവങ്ങള്‍ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്ക്കുന്നു.
ഡോണിന്റെ ലെഗസി മുന്നോട്ട് കൊണ്ടുപോകേണ്ട സമയമായിരിക്കുന്നു, ഈ പുതിയ വ്യാഖ്യാനത്തില്‍ ഞങ്ങളോടൊപ്പം ചേരുന്നത് ഞാന്‍ വളരെക്കാലമായി അഭിനന്ദിക്കുന്ന, കഴിവും വൈവിധ്യവും ഉള്ള ഒരു നടനായിരിക്കും. മിസ്റ്റര്‍ ബച്ചനോടും ഷാറുഖ് ഖാനോടും നിങ്ങള്‍ കാണിച്ച ഉദാരമായ സ്നേഹം അദ്ദേഹത്തോടും കാണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2025ല്‍ ഡോണിന്റെ ഒരു പുതിയ യുഗം ആരംഭിക്കുന്നു.”
1978 ല്‍ അമിതാഭ് ബച്ചന് നായകനായെത്തിയ ‘ഡോണ്‍’ സിനിമയെ ആസ്പദമാക്കി 2006 ല്‍ ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡോണ്‍’. ഷാറുഖ് ഖാന് ടൈറ്റില്‍ വേഷത്തിെലത്തിയ ചിത്രം ബോക്സ്ഓഫില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. 2011 ല്‍ ഡോണ്‍ 2 എന്ന പേരില്‍ ഇതിന്റെ തുടര്ഭാഗവുമെത്തി. ഷാറുഖ് ഖാന്റെ പ്രകടനമായിരുന്നു സിനിമയുടെ കരുത്ത്. ഷാറുഖിന്റെ അഭാവത്തില്‍ ഡോണ്‍ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.