അവാര്‍ഡ് ലിസ്റ്റിലെ മമ്മൂക്ക ചിത്രങ്ങള്‍ ഏതൊക്കെ

1 min read

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങള്‍ പരിഗണനയില്‍

മമ്മൂട്ടിയെന്ന അതുില്യ പ്രതിഭയുടെ ഉയര്‍ച്ച കാണാന്‍, കഴിഞ്ഞ നാല് പതിറ്റാണ്ടുകാലത്തെ അഭിനയജീവിതം പരിശോധിച്ചാല്‍ മതിയാകും. എഴുത്തുകാരിലോ സംവിധായകരിലോ പുതുമുഖങ്ങളെന്നോ പരിചയസമ്പന്നരെന്നോ വേര്‍തിരിവ് കാണാതെ കലയെ സ്‌നേഹിച്ച മനുഷ്യന്‍. മികച്ച സിനിമയെയും തന്നിലെ അഭിനേതാവിന് പുതിയ വെല്ലുവിളികളുമൊക്കെയാണ് അദ്ദേഹം അന്വേഷിച്ചത്. പുതിയ സിനിമ പ്രോജക്റ്റുകളുടെ കാര്യത്തില്‍ ഏറ്റവും വൈവിധ്യം പുലര്‍ത്തുന്ന താരം. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടിക്ക് ലഭിച്ചു.  

 മറ്റൊരു ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് തുടക്കമാവുന്ന വേളയില്‍ സിനിമാപ്രേമികളില്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യം, 40 വര്‍ഷം മുന്‍പത്തെ നേട്ടം മമ്മൂട്ടി ആവര്‍ത്തിക്കുമോ എന്നാണ്.
അടുത്തടുത്ത രണ്ട് വര്‍ഷങ്ങളിലായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂട്ടി പുരസ്‌കൃതനായത് 1984 ലും 85 ലും ആയിരുന്നു. 1984 ല്‍ ഐ വി ശശി സംവിധാനം ചെയ്ത അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചെങ്കില്‍ തൊട്ടടുത്ത വര്‍ഷം സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമാണ് നേടിയത്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്രയും ജോഷി സംവിധാനം ചെയ്ത നിറക്കൂട്ടുമായിരുന്നു ചിത്രങ്ങള്‍. മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം നാല് ചിത്രങ്ങളാണ് റിലീസ് ചെയ്യപ്പെട്ടതെങ്കിലും അവാര്‍ഡിന് മൂന്ന് ചിത്രങ്ങള്‍ മാത്രമേ പരിഗണിക്കൂ. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ നന്‍പകല്‍ നേരത്ത് മയക്കം 2022 ല്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി അതേവര്‍ഷം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച പടമാണ്. ഈ സിനിമയ്ക്കാണ് മമ്മൂട്ടിക്ക് കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് ആക്റ്റര്‍ അവാര്‍ഡ് ലഭിച്ചതും.

2023 ലെ മമ്മൂട്ടിയുടെ അവശേഷിക്കുന്ന മൂന്ന് റിലീസുകള്‍ ക്രിസ്റ്റഫര്‍, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോര്‍ എന്നിവയാണ്. ഇതില്‍ കണ്ണൂര്‍ സ്‌ക്വാഡും കാതലും ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിക്ക് കൈയടി നേടിക്കൊടുത്ത ചിത്രങ്ങളാണ്. നിരവധി പൊലീസ് വേഷങ്ങള്‍ മമ്മൂട്ടി മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും കണ്ണൂര്‍ സ്‌ക്വാഡിലെ എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന് അവരില്‍ നിന്നൊക്കെ വ്യത്യസ്തമായ ശരീരഭാഷയും പ്രകടനവുമാണ് മമ്മൂട്ടി നല്‍കിയത്. ജിയോ ബേബിയുടെ കാതലില്‍ ആദ്യമായി മമ്മൂട്ടി ഒരു സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ചു. തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയതിന് ശേഷം മലയാളികളല്ലാത്ത പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്.

2023 ലെ സംസ്ഥാന അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നതായി ചലച്ചിത്ര അക്കാദമി ഇന്നലെ അറിയിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2023 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

Related posts:

Leave a Reply

Your email address will not be published.