അവന്റെയൊരു പ്ലാന്‍ ബി! ബി നിലവറയാണോ ലക്ഷ്യം?

1 min read

എല്ലാം കൈവിട്ടപ്പോള്‍ ബാലഗോപാലന് ശരണം സ്വകാര്യമേഖല

നമ്മുടെ ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം കേട്ടപ്പോള്‍ ആളുകളെ കളിയാക്കുകയാണെന്ന് തോന്നി. ഈ കളി തോറ്റാല്‍ ഞങ്ങള്‍ അടുത്ത കളിയിറക്കുമത്രെ. അതാണ് പ്ലാന്‍ ബി. അതായത് ചൈനീസ് മോഡല്‍. ചൈനീസ് കമ്യൂണിസറ്റ് പാര്‍ട്ടി, മാവോ സേതൂങ്ങ് എന്നൊക്കെ പറയുമെങ്കിലും ചൈന കമ്യൂണിസം വിട്ടിട്ട് നാളുകളെത്രയായി. പക്ഷേ നമ്മുടെ സഖാക്കള്‍ക്കിപ്പോഴും ചൈന പ്രണയമാണ്. ചൈന വേണോ റഷ്യ വേണോ എന്ന പ്രശ്‌നത്തിലാണല്ലോ 1964ല്‍ നിങ്ങള്‍ പിളര്‍ന്ന് സി.പി.ഐയും സി.പി.എമ്മും ആയത്. ഇപ്പോള്‍ എല്ലാ പ്രശന്ങ്ങള്‍ക്കും പരിഹാരം സ്വകാര്യ പങ്കാളിത്തമാണത്രെ..

അതാണ് പ്ലാന്‍ ബി എന്നു വിവക്ഷിക്കുന്നതത്രെ. ഇവിടെ ആരാണ് നിക്ഷേപിക്കാന്‍ വരിക. നിക്ഷേപകരെ ഒക്കെ ആട്ടി ഓടിക്കലല്ലെ നിങ്ങളുടെ പരിപാടി. ഇനി ആരെങ്കിലും ധൈര്യം അവലംബിച്ച് ഇവിടെ വരുമോ. നല്ലത് നമ്മുടെ എം.എം.മണിയെ ധനമന്ത്രിയാക്കുന്നതാണ്. തോട്ടം മേഖലയിലെ കുത്തകകളുമായി എങ്ങനെ സമരസപ്പെട്ട് കാര്യങ്ങള്‍ നടത്തിയെടുക്കാമെന്ന് കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ആളാണ് നമ്മുടെ മണി. നിങ്ങള്‍ കരുതുന്നതുപോലെ വെറുതെ. വായില്‍ തോന്നിയത് വിളിച്ചുപറയുന്നതും വണ്‍ ടു ത്രീ എന്ു വീമ്പിളക്കുന്നതുമാത്രമല്ല അദ്ദേഹത്തിന്റെ പണി . ലക്ഷക്കണക്കിന് ഏക്കര്‍ തോട്ടഭൂമി അന്യായമായി കൈവശം വച്ച കുത്തകകള്‍ക്ക് എല്ലാസംരക്ഷണവും നല്‍കി അതിന്റെ അനുഭവം കൈപറ്റുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തെ ധനമന്ത്രിയാക്കിയാല്‍ ചില കുത്തകകളെയെങ്കിലും അദ്ദേഹം ഇവിടെ കൊണ്ടുവരും.

അതിനുള്ള നിയമ നിര്‍മ്മാണമെല്ലാം പാര്‍ട്ടിക്കകത്ത് അവര്‍ നടത്തും. സ്വാശ്രയകോളേജുകള്‍ക്കെതിരെ പോരാടി രക്തസാക്ഷികളായവരെയും ജീവച്ഛവമായവരെയും സ്മരിച്ചുകൊണ്ടുതന്നെ പിണറായിയുടെ മകള്‍ സ്വാശ്രയ കോളേജില്‍ പഠിച്ചില്ലെ. നമ്മള്‍ സ്വാശ്രയകോളേജ് നടത്തിപ്പുകാരായില്ലെ. അതേപോല വിദേശ സര്‍വകലാശാലകളും വരും.. പാവം ടി.പി.ശ്രീനിവാസന് അടികൊണ്ടത് മിച്ചം. എസ്.എഫ്.ഐ പിള്ളാര്‍ ഇനി എന്തുപറയും ആ, എന്തെങ്കിലും പറയട്ടെ. നമ്മള്‍ പോയി അവരോട് ആരിഫ് മുഹമ്മദ് ഖാനെതിരെ സമരം ചെയ്യാന്‍ പറയും.

അതാണ് നമ്മുടെ പ്ലാന്‍ ബി. അല്ലാതെ ചിലര്‍ ആരോപിക്കുന്നതുപോലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലെ സ്വര്‍ണം കണ്ടിട്ടൊന്നുമല്ല. പിന്നെ ഞങ്ങള്‍ക്കങ്ങനെയൊരു പ്ലാനുണ്ടായിരുന്നു. അത്ര മാത്രം.

ഏതായാലും ബാലഗോപാലന് നിയമസഭയിലും ദേശാഭിമാനിയിലും കള്ളം പറയുന്നതിന് ഒരു മടിയുമില്ല. എത്ര തവണയാണ് ഈ റവന്യൂ കമ്മി ഗ്രാന്റും ജി.എസ്.ടി കോമ്പന്‍സേഷനുമൊക്കെ ഇയാള്‍ ആവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടതില്‍ 57,400 കോടി കുറഞ്ഞത്രെ. എന്താണ് മിനിസ്റ്റര്‍ ഇങ്ങനെ പച്ചക്കളളം പറയുന്നത്. നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളൊക്ക പാര്‍ട്ടി പത്രത്തിലെഴുതിക്കൂടെ. എപ്പോഴാണ് ജി.എസ്.ടി നടപ്പിലാക്കി തുടങ്ങിയത്. 2017 ജൂലായ് ഒന്നുമുതല്‍. അതായത് സംസ്ഥാനങ്ങള്‍ മാത്രം പിരിച്ചിരുന്നു ചരക്കു നികുതിയും അതായത് വാണിജ്യനികുതി, പിന്നീട് കേന്ദ്രം മാത്രം പിരിച്ചിരുന്ന എക്‌സൈസ് ഡ്യൂട്ടി, സേവന നികുതി എന്നിവയും ഒരുമിച്ച് കേന്ദ്രവും സംസ്ഥാനവും പിരിച്ച് പകുതി പകുതി വീതിക്കുക. അതാണ് ജി.എസ.ടി.

101ാം ഭരണഘടന ഭേദഗതി പ്രകാരം അതിലെ സെകഷ്ന്‍ 18 പ്രകാരം, 2017ലെ ജി.എസ്. ടി ആക്ട് സെക്ഷന്‍ 7(2) പ്രകാരം, ജി.എസ്.ടി വന്നതുമൂലം സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിവില്‍ കുറവുണ്ടായാാല്‍ ആ തുക 5 വര്‍ഷത്തേക്ക് നഷടപരിഹാരം നല്‍കും. എങ്ങനെയാണ് നല്‍കുക. അതായത് കേരളത്തില്‍ 2015-16ല്‍, ജി.എസ്.ടി വരുന്നതിന് മുമ്പുള്ള വര്‍ഷം കിട്ടിയ വാണിജ്യനികുതി അടിസ്ഥാന ഘടനയാക്കി എല്ലാവര്‍ഷവും 14 ശതമാനം വര്‍ദ്ധന കണക്കാക്കി ആ തുക എത്തിയില്ലെങ്കില്‍ കുറവുള്ളതുക കേന്ദ്രം തരും. 2015-16ലെ കേരളത്തിന്റെ നികുതിയായ 16821.37 കോടി കണക്കാക്കിയാണ് 14 ശതമാനം വര്‍ദ്ധനവ് നിര്‍ണിച്ചിരുന്നത്. ഓരോ രണ്ടുമാസം വീതം നഷ്ടപരിഹാരം തന്നിരുന്നു. 2017 ജൂലൈ ഒന്നുമുതല്‍ 2022 ജൂണ്‍ 30 വരെ തന്നു. ജി.എസ്.ടി നടപ്പാക്കിയതിന്റെ രണ്ടാം വര്‍ഷം തന്നെ നമ്മുടെ അന്നത്തെ ധനമന്ത്രി ഐസക് പറഞ്ഞത് ഞങ്ങളിതാ 20 ശതമാനം നികുതി വളര്‍ച്ച നേടാന്‍ പോകുന്നു എന്നൊക്കെയായിരുന്നു. ഒന്നും നടന്നില്ല എന്നുമാത്രം. നടക്കാഞ്ഞതുകൊണ്ടല്ല. വളര്‍ച്ച 14 ശതമാനത്തില്‍ കുറഞ്ഞാല്‍ ആ തുക കേന്ദ്രം വെറുതെ തരും. പിന്നെ നമ്മള്‍ ആഞ്ഞുപിടിച്ച് നമമുടെ സ്വന്തക്കാരായ കച്ചവടക്കാരെ വെറുപ്പിക്കണ്ടല്ലോ. അങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് നല്ലൊര സംഖ്യ കിട്ടി. ഇപ്പോള്‍ നമമുടെ ബാലഗോപാല്‍ പറയുകയാണത്രെ ജി.എസ്.ടി നഷ്ടപരിഹാരം കിട്ടാത്തതുകാരണം 12000 കോടി കുറവുണ്ടായത്രെ. ഏത് കൊച്ചുകുഞ്ഞിനും അറിയാം അഞ്ചുവര്‍ഷത്തേക്കാണ് ജി.എസ്.ടി നഷ്ടപരിഹാരം നിശ്ചിയിച്ചിട്ടുള്ളതെന്ന്. ജി.എസ്.ടി നടപ്പിലാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്ത സമയത്ത് അതില്‍ ക്ലിപ്തമായി എഴുതി വച്ചതല്ലെ അത്.

ഇനി വാദത്തിന് വേണ്ടി ബാലഗേപാല്‍ പറയുന്നത് അംഗീകരിച്ചാലും 14 ശതമാനം നികുതി വളര്‍ച്ചയില്ലെങ്കിലല്ലേ നഷ്ടപരിഹാരം നല്‍കേണ്ടത്. ഞങ്ങളുടേത് ഇപ്പോള്‍ ഭയങ്കര വളര്‍ച്ചയാണെന്നാണല്ലോ മന്ത്രിപറയുന്നത്. പിന്നെയെന്ത് നഷ്ടപരിഹാരം.

അടുത്തത് റവന്യൂ കമ്മി ഗ്രാന്റ് ആണ്. അത് ധനകാര്യ കമ്മിഷന്‍ പ്രഖ്യാപിച്ചതാണ്. അത് എത്ര സംസ്ഥാനങ്ങള്‍ക്ക് എത്ര കൊടുക്കണം. ഓരോ വര്‍ഷവും എത്ര കൊടുക്കണം എന്നൊക്കെ കമ്മിഷന്‍ തന്നെ തീരുമാനിച്ചതാണ്. അത് കിട്ടുകയും ചെയ്തിട്ടുണ്ട്. കേരളത്തിനാണ് കൂടുതല്‍ കിട്ടിയത്. ഇനി അത് കിട്ടില്ല എന്ന് ബാലഗോപാലിനറിയാം. പിന്നെ തട്ടിപ്പ് വര്‍ത്തമാനം പറഞ്ഞ് ആളെ പറ്റിക്കണോ.

പിന്നെ പറയുകയാണ് ധനകാര്യ കമ്മിഷന്‍ വിഹിതം കുറച്ചെന്ന്. 3.58 ശതമാനം 1.925 ശതമാനമായി കുറച്ചെന്ന്. 3.58 എന്നായിരുന്നു സഖാവേ. എത്രയോ ധനകാര്യ കമമിഷനുകള്‍ക്ക് മുമ്പ്. അതിന് ശേഷം എത്ര ധനകാര്യ കമ്മിഷനുകള്‍ വന്നു. അവര്‍ കേന്ദ്രവിഹിതം നിര്‍ണയിക്കുന്നതില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. അത് ദാരിദ്ര്യത്തില്‍നിന്നുള്ള അകലം, ജനസംഖ്യ തുടങ്ങി നിരവധി മാനദണ്ഡങ്ങളുപയോഗിച്ചാണ്. നമ്മുടെ ആളോഹരി വരുമാനംകൂടുതലാണ്. ജനസംഖ്യകുറവുമണ്. 25 കോടി ജനസംഖ്യയുള്ള യു.പിക്കും 3.5 കോടി ജനസംഖ്യയുള്ള കേരളത്തിനും ഒരേ പോലെതൂക വീതിക്കാന്‍ പറ്റുമോ. അതേ പോലെ ദാരിദ്യം കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടേ.

കഴിഞ്ഞ രണ്ടു ധനകാര്യ കമ്മിഷനുകളാണ് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വിഭജിച്ചു നല്‍കിയത്. മോദിവരുന്നതുവരെ കേന്ദ്രനികുതിയുടെ 32 ശതമാനം മാത്രമായിരുന്നു സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയത്. മോദിവന്നപ്പോള്‍ അത് 42 ശതമാനമായി ഉയര്‍ത്തി.

പിന്നെ കടമെടുപ്പിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട് നിങ്ങള്‍ അതിനെ മറികടക്കാന്‍ ബജറ്റില്‍ ഉള്‍പ്പെടാത്ത തുക കിഫബിയെ കൊണ്ട് കടം വാങ്ങി. അതിന്റെ ഗ്യാരന്റി സര്‍ക്കാരല്ലെ. മോട്ടോര്‍ വാഹനികുതിയല്ലെ കിഫ്ബിയുടെ വരുമാനം. അത് സര്‍ക്കാര്‍ പണമല്ലെ. കടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെ. അപ്പോള്‍ ബാലഗോപാല്‍ പറയുന്നതുപോലെ കടമെടുപ്പ് പരിധികുറച്ചിട്ടില്ലല്ലോ. പിന്നെയം 0.5 ശതമാനം കൂട്ടിത്തിരികയെല്ലെ ചെയ്തത്.

അതുകൊണ്ട് സഖാവ് ബാലഗോപാല്‍, മുതലാളിത്തപാതയിലായാലും സോഷ്യലിസ്റ്റ് പാതയിലായാലും ഇനി പിണറായി വിജയന്റെ മാസപ്പടി പാതയിലായാലും ഉള്ളതുപോലെ ഭരിച്ചാല്‍ മതി. വരവറിഞ്ഞ് ചെലവു ചെയ്യുക. ധൂര്‍ത്ത് ഒഴിവാക്കുക. അനാവശ്യചെലവുകള്‍ നിര്‍ത്തുക. പുതിയ ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്തുക. നികുതി പിരിവ് കാര്യക്ഷമമാക്കുക. ഇത്രയൊക്കെ ചെയ്താല്‍ നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപാകാന്‍ പറ്റും. അല്ലാതെ നുണ പറഞ്ഞ് അന്തരീക്ഷം വഷളാക്കിയിട്ട് ഒരു കാര്യവുമില്ല.

Related posts:

Leave a Reply

Your email address will not be published.