സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ഇത് എന്ത് പറ്റി ?ബോളിവുഡ് എ.ആര്‍.റഹ്മാനെ കൈവിട്ടോ? തമിഴിലൊരുക്കുന്ന ഗാനങ്ങളും നിലവാരമില്ലാത്തതോ……
1 min readഹരികൃഷ്ണന്‍.ആര്‍
ഇന്ത്യന്‍ സംഗീതത്തില്‍ 90 കളില്‍ പൂത്തുലഞ്ഞ ഒരു നക്ഷത്രമായിരുന്നു എ.ആര്‍ റഹ്മാന്‍ എന്ന എ.എസ്.ദിലീപ് കുമാര്‍. ഇളയ രാജ എന്ന തമിഴ് മണ്ണിന്റെ ആത്മാവ് എന്ന് വിശേഷിപ്പിച്ചിരുന്ന സംഗീതജ്ഞനെ പിന്നിലാക്കാന്‍ ഡിജിറ്റല്‍ സംഗീതത്തിന്റെ അകമ്പടിയോടെ തമിഴ് മണ്ണില്‍ വേരുറപ്പിച്ച ഏ.ആര്‍ റഹ്മാനെ തേടി പിന്നീട് ഹിന്ദിയിലും അവസരങ്ങള്‍ വന്നെത്തുകയായിരുന്നു. തമിഴിന്റെ സത്വബോധത്തെ വിളിച്ചോതുന്ന ഗാനങ്ങള്‍ ഒരുക്കി മണ്ണിനെയും മനുഷ്യരെയും ദ്രാവിഡ സംസ്‌ക്കാരത്തിന്റെ ഔന്നിത്യങ്ങളിലേക്ക് ഇളയരാജ കൊണ്ടുപോയപ്പോള്‍ തുടക്കം തന്നെ റഹ്മാന്‍ അധികം ആരും കേള്‍ക്കാത്ത ചാരിയറ്റ്‌സ് ഓഫ് ഫയറിലെ മെയ്ന്‍ തീം സോങ്ങ് അല്‍പം പോലും മാറ്റം വരുത്താതെ റോജ എന്ന ചിത്രത്തിലെ പുതുവെള്ളൈ മഴൈ എന്ന ഗാനമൊരുക്കി പതിയെ സംഗീതത്തില്‍ ചുവടുറപ്പിക്കുകയായിരുന്നു.
പിന്നാലെ ഹിറ്റായ പല പാട്ടുകളിലും കോപ്പിയടി പതിവാക്കാന്‍ എ.ആര്‍.റഹ്മാന്‍ ഒട്ടും മടികാണിച്ചിരുന്നില്ല എന്നു തന്നെ പറയാം. കാതല്‍ ദേശത്തിലെ എന്നെ കാണ്‍വതില്ലയെ എന്ന ഗാനം തന്നെ എനിഗ്മയിലെ സാഡ്‌നെസ്സ് എന്ന സോങിന്റെ ഫുള്‍ കോപ്പീഡ് വെര്‍ഷന്‍ ആണെന്നു തന്നെ പറയാം. മിന്‍സാര കനവിലെ പൂ പൂക്കും ഓസൈ എന്ന ഗാനമാകട്ടെ റിഥം ഓഫ് പ്രൈഡ് ലാന്‍ഡ്‌സിന്റെ കോപ്പി ആയിരുന്നു. പിന്നീട് ഡോക്ടര്‍ ആല്‍ബന്റെ സോങ്ങ്‌സ് കോപ്പി ചെയ്ത് കാതലനിലെ മുക്കാല മുക്കാബലയും കറുത്തമ്മയിലെ തെന്‍മേര്‍ക്ക് പരുവക്കാട്ര് എന്ന സോങും
ഒരുക്കി. ചുരുക്കത്തില്‍ തമിഴില്‍ അക്കാലത്ത് പുറത്ത് വന്ന ഗാനങ്ങളൊക്കെ തന്നെ പല പ്രശസ്തരുടെയും സോങ്ങ്‌സിന്റെ കോപ്പീഡ് വെര്‍ഷന്‍ ആയിരുന്നു.
പലപ്പോഴും ഇത്തരം ഗാനങ്ങള്‍ക്കൊക്കെ തന്നെ 90 കളില്‍ ആസ്വാദകര്‍ ഏറെ ആയിരുന്നു. ഇത്തരത്തില്‍ തമിഴിലെ മിക്ക നിര്‍മ്മാതാക്കളെയും അവരുടെ നിര്‍മ്മാണ കമ്പനികളേയും കബളിപ്പിക്കാന്‍ തുടക്കകാരായ സംവിധായകരുടെ സഹായത്തോടെ എ.ആര്‍.റഹ്മാന് സാധിച്ചിരുന്നു. ശങ്കറും , കതിറും, രാജീവ് മേനോനും എല്ലാം ഇത്തരത്തില്‍ റഹ്മാന്റെ കബളിപ്പിക്കലിനൊപ്പം നിന്നവരായിരുന്നു. ഇവരുടെ ചിത്രത്തിലെ ഗാനങ്ങളില്‍ ഒട്ടു മിക്കതും റഹ്മാന്‍ ഇത്തരത്തില്‍ കോപ്പിയടിച്ച് തന്റെ പേരില്‍ പുറത്തിറക്കിയ ഗാനങ്ങളായിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ് ഫിലിം ഇന്‍ഡസ്ട്രിയില്‍ സ്റ്റാര്‍ഡം നഷ്ടപ്പെട്ടതാകട്ടെ ഇളയരാജ എന്ന സംഗീത ചക്രവര്‍ത്തിക്കും. പിന്നീട് ഇളയരാജക്ക് തമിഴില്‍ അവസരങ്ങള്‍ തീരേ കുറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് പണം മുടക്കാന്‍ നിര്‍മ്മാതക്കളെ കിട്ടാതെ അവസ്ഥ വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
പലപ്പോഴും ഇളയ രാജ എന്ന സംഗീതജ്ഞനെ അടുത്തറിഞ്ഞവര്‍ മാത്രം പണമല്ല സംഗീതം ആണ് തങ്ങള്‍ക്ക് ആവശ്യമെന്ന് തിരിച്ചറിഞ്ഞ് ഇളയരാജയെ സമീപിച്ചു.
പലപ്പോഴും ഇളയരാജ ഒരുക്കിയ ഗാനങ്ങളുമായി താരതമ്യ പഠനത്തിന് പോലും സാധ്യത ഇല്ലാത്ത റഹ്മാന്റെ ഗാനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു വിപണി തന്നെ ചെന്നൈയില്‍ മുളച്ച് പൊന്തി. അവര്‍ റഹ്മാനെ വാഴിച്ചു . റഹ്മാന്റെ ഗാനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും അതുവരെ മറ്റാര്‍ക്കും കിട്ടാത്ത ഹൈപ്പ് അദ്ദേഹത്തിന് നല്‍കാനും മത്സരിച്ചു. ഇക്കാലയളവില്‍ ഹിന്ദിയില്‍ നിന്നു പോലും അവസരങ്ങള്‍ റഹ്മാനെ തേടി എത്തി. അവിടെയും ഒരു വിധം ഇലക്കും മുള്ളിനും കേടില്ലാതെ പിടിച്ചു നില്‍ക്കാന്‍ റഹ്മാന് സാധിച്ചു.
എന്നാല്‍ കാലങ്ങള്‍ ഏറെ കഴിഞ്ഞ് ഇപ്പോള്‍ പതിയെ റഹ്മാന്റെ സംഗീതം ബോളിവുഡിനും എന്തിന് തമിഴകത്തും വേരുറപ്പിക്കാന്‍ പറ്റാതെ ശൂന്യതയില്‍ പിണ്ഡമില്ലാത്ത അവസ്ഥയില്‍ എങ്ങോട്ടോ തെന്നി നീങ്ങുകയാണ്. തമിഴകത്ത് എ.ആര്‍.റഹ്മാന്‍ യുഗം ഏതാണ്ട് അവസാനിച്ച മട്ടാണ്. അവിടെ അനിരുദ്ദ് രവിചന്ദറെ പോലുള്ള പുതുമുഖ സംഗീത സംവിധായകര്‍ അരങ്ങു വാഴുന്ന കാലമാണ്.
ഇതിനു പുറമെ ഹാരിസ് ജയരാജും, യുവാന്‍ ശങ്കര്‍ രാജയും, ജിബ്രാനും , എസ് .തമനും ഒക്കെ തങ്ങളുടെ ശൈലിയില്‍ തമിഴ് ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ബോളിവുഡില്‍ ഏ. ആര്‍. റഹ്മാനാകട്ടെ അവസരങ്ങള്‍ ഒട്ടും തന്നെ ഇല്ലെന്നു പറയാം. വിശാല്‍ ശേഖറും , പ്രിഥം അടങ്ങുന്ന ഒരു നീണ്ട സംഗീത സംവിധായകരുടെ നിര തന്നെ ഇപ്പോള്‍ ബോളിവുഡിനെ മുമ്പോട്ട് കൊണ്ടു പോകുന്നുണ്ട്.
ചുരുക്കം പറഞ്ഞാല്‍ റഹ്മാന്റെ സംഗീത ദിനങ്ങള്‍ അസ്തമിച്ചു എന്നു പറയാം. അസ്തമയ സൂര്യന്റെ ഇരുളില്‍ ഒളിച്ച അരുണിമ ആ സംഗീത സംവിധായകന്റെ എണ്ണപ്പെട്ട ദിനങ്ങളെ കുറിക്കുന്നു. സ്‌കെല്‍ട്ടണ്‍ എന്ന അവസ്ഥയാണ് റഹ്മാന്റെ സംഗീതത്തില്‍ ഇപ്പോള്‍ ഉള്ളത്. അതിന് ഒരു ശരീരമോ ആത്മാവോ നഷ്ടപ്പെട്ടിരിക്കുന്നു. ഉടുപ്പിക്കാനാകട്ടെ പാശ്ചാത്യര്‍ തുന്നിച്ചേര്‍ത്ത് നല്‍കിയ കുപ്പായവും ഇന്ന് ഇല്ല. ഇപ്പോള്‍ ഉള്ളതാകട്ടെ ശരമേറ്റ മാനിന്റെ ഉടല്‍ പൊളിഞ്ഞ് രക്തം വാര്‍ന്നൊലിക്കുമ്പോള്‍ ജീവന് വേണ്ടി കേഴുന്ന ഒരു മുരള്‍ച്ച മാത്രം അതിന്റെ വാകേയകാരനായി എ.ആര്‍.റഹ്മാനും.