കാറില്‍ സൂക്ഷിച്ചത് വെള്ളം; പെട്രോളെന്ന പ്രചാരണം തെറ്റ്
1 min readകണ്ണൂര്‍ : മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ താമരവളപ്പില്‍ പ്രജിത്, ഭാര്യ റീഷ എന്നിവര്‍ കാര്‍ കത്തി വെന്തു മരിക്കാനിടയായ സംഭവത്തില്‍, കാറില്‍ സൂക്ഷിച്ചിരുന്നത് വെള്ളമായിരുന്നു എന്ന് മരിച്ച റീഷയുടെ അച്ഛന്‍ കെ.കെ.വിശ്വനാഥന്‍ വെളിപ്പെടുത്തി. പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക്‌പോകുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. പരിശോധനയില്‍ ഡ്രൈവിങ് സീറ്റിനടിയില്‍ നിന്നു ലഭിച്ച പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ ആയിരുന്നു എന്ന പ്രചാരണം നടക്കുന്നതിനിടയിലാണ് വിശ്വനാഥന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം മാഹിയില്‍ നിന്ന് കാറില്‍ പെട്രോളടിച്ചിരുന്നു. കുപ്പിയില്‍ പെട്രോള്‍ കരുതേണ്ട കാര്യമില്ല.
സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷനേരം കൊണ്ട് കത്തിപ്പടര്‍ന്നു.ഡോര്‍ തള്ളിത്തുറന്ന് പുറത്തു ചാടിയതുകൊണ്ടാണ് പുറകിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകര്‍ത്തെങ്കിലും രക്ഷിക്കാനായില്ല. ‘എന്തോ മണം വരുന്നു എന്ന് പ്രജിത് പറഞ്ഞപ്പോള്‍ സൈഡാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും സീറ്റിനടിയില്‍ നിന്ന് തീ പടര്‍ന്നു. വണ്ടി നിയന്ത്രമില്ലാതെ കുറച്ചുനേരം ഓടി. എങ്ങനെയാണ് നിന്നതെന്ന് അറിയില്ല’ അച്ഛന്‍ പറഞ്ഞു.
ഡ്രൈവിങ് സീറ്റിനടിയില്‍ നിന്ന് അല്‍പം ദ്രാവകമടങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ അവശിഷ്ടങ്ങള്‍ഫോറന്‍സിക് വിഭാഗംശേഖരിച്ചിരുന്നു. കുപ്പിയിലെ ദ്രാവകമെന്തെന്നും തീ പടരാന്‍ ഇത് കാരണമായിട്ടുണ്ടോ എന്നും വിദഗ്ദ്ധ പരിശോധനയിലേ വ്യക്തമാകൂ എന്ന്‌ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുപ്പിയില്‍ പെട്രോള്‍ ആണെന്ന പ്രചാരണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. അങ്ങനെയായിരുന്നെങ്കില്‍ കാര്‍ പൂര്‍ണമായും കത്തുമായിരുന്നു എന്നും പറഞ്ഞു.