ഇത് അമ്മയും മക്കളുമാണോ? അതോ സഹോദരിമാരോ?
1 min readനടി ജോമോളുടെയും മക്കളുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
നിറം, പഞ്ചാബിഹൗസ്, മയിൽപ്പീലിക്കാവ്, ദീപസ്തംഭംമഹാശ്ചര്യം, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു പിടി നല്ല കഥാപാത്രങ്ങളെ മലയാളത്തിനു സമ്മാനിച്ച നടിയാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ജോമോൾ സിനിമയിലേക്കു കടന്നുവന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി. 1998ലായിരുന്നു അത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ജോമോളെ തേടിയെത്തി. വിവാഹിതയായതോടെയാണ് ജോമോൾ സിനിമയിൽ നിന്ന് വിട്ടുനിന്നത്. യാഹുവിലൂടെ പരിചയപ്പെട്ട ചന്ദ്രശേഖറാണ് ഭർത്താവ്. മതപരമായ വ്യത്യാസവും വീട്ടുകാരുടെ എതിർപ്പുകളും അവഗണിച്ചാണ് ജോമോൾ ചന്ദ്രശേഖറിന്റെ കൈപിടിച്ചത്. വിവാഹശേഷം ഗൗരി എന്ന പേരും സ്വീകരിച്ചു. രണ്ടു മക്കളാണ് ജോമോൾക്ക്. ആര്യയും ആർജയും.
ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് അതും ഒഴിവാക്കി. ടെലിവിഷൻ ഷോകളിൽ അതിഥിയായി എത്താറുള്ള താരം സോഷ്യൽമീഡിയയിലും സജീവമാണ്. ജോമോൾ അടുത്തിടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുടുംബചിത്രങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. രണ്ടു മക്കൾക്കൊപ്പമുള്ള ഓണം സ്പഷൽ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. ഗൃഹലക്ഷ്മി വനിതാ മാഗസിന്റെ ഈ വർഷത്തെ ഓണം സ്പെഷൽ ലക്കത്തിന്റെ കവർചിത്രം ജോമോളും മക്കളുമാണ്.
അമ്മയുടെയും അമ്മയുടെ തോളൊപ്പം വളർന്ന മക്കളുടെയും ചിത്രങ്ങൾ പെട്ടെന്ന് ശ്രദ്ധ നേടി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇത് അമ്മയും മക്കളുമാണോ… അതോ സഹോദരിമാരോ? എന്ന കമന്റുകളാണ് കൂടുതലും. ട്രയോ സൂപ്പറാണെന്ന കമന്റുകളും കാണാം. ഭർത്താവിനെ ഉൾപ്പെടുത്താത്തത് എന്തെന്നും അന്വേഷിക്കുന്നു ചിലർ. ജോമോൾ ഇപ്പോഴും അതേ ചെറുപ്പത്തോടെ ഇരിക്കുന്നു എന്ന് പറയുന്നവരുമുണ്ട്.
അടുത്തിടെ പുതിയൊരു മേഖലയിൽ അരങ്ങേറ്റം കുറിച്ചിരുന്നു ജോമോൾ. സിനിമ സബ് ടൈറ്റിലിങ്. അനീഷ് ഉപാസനയുടെ സംവിധാനത്തിലൊരുങ്ങിയ ജാനകീജാനേ എന്ന ചിത്രത്തിനു വേണ്ടിയാണ് ജോമോൾ ആദ്യമായി സബ്ടൈറ്റിൽ ചെയ്തത്. ആറുമാസം മുമ്പ് മാത്രമാണ് ഇത്തരമൊരു ഖേലയെക്കുറിച്ച് താൻ അറിയുന്നതെന്നാണ് ജോമോൾ പറഞ്ഞത്.